ചെന്നൈ: എസ്.ഐ.ആര്‍ (വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണം) നടപ്പാക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിലും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 97 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
കരടില്‍ 5,43,76,755 വോട്ടര്‍മാരുള്ളതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അര്‍ച്ചന പട്നായിക് പറഞ്ഞു.
ഇതില്‍ 2.66 കോടി സ്ത്രീകളും 2.77 കോടി പുരുഷന്മാരും ഉള്‍പ്പെടുന്നു. എസ്.ഐ.ആര്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി 6.41 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഒക്ടോബര്‍ 27ലെ കണക്കനുസരിച്ച് തമിഴ്നാട്ടില്‍ 6,41,14,587 വോട്ടര്‍മാര്‍ ഉണ്ടായിരുന്നു.
എന്നാല്‍ എസ്.ഐ.ആര്‍ നടപടിക്രമങ്ങളിലൂടെ 97,37,832 പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മരണം, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ തുടങ്ങിയവയാണ് ഈ വെട്ടിച്ചുരുക്കലിന് കാരണമെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
മരണങ്ങള്‍ മൂലം 26,94,672 എന്‍ട്രികളും കുടിയേറ്റം കാരണം 66,44,881 എന്‍ട്രികളും ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷന്റെ പേരില്‍ 3,39,278 എന്‍ട്രികളുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് മാത്രം ഒരു ലക്ഷം വോട്ടര്‍മാരാണ് ഒഴിവാക്കപ്പെട്ടത്. 1,03,812ലധികം വോട്ടര്‍മാരെയാണ് ഒഴിവാക്കിയത്.
അതായത് 35.71 ശതമാനം വോട്ടര്‍മാരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 1,86,841 വോട്ടര്‍മാരാണ് കൊളത്തൂര്‍ മണ്ഡലത്തില്‍ ഉള്ളത്.
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മണ്ഡലത്തിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ചെപ്പോക്ക്-ട്രിപ്ലിക്കെയ്ന്‍ നിയോജക മണ്ഡലത്തില്‍ നിന്നും 89,241 പേരെയാണ് ഒഴിവാക്കിത്. ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,40,087ല്‍ നിന്ന് 1,50,846 ആയി കുറഞ്ഞു.
എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി കെ. പളനിസ്വാമിയുടെ മണ്ഡലമായ എടപ്പാടിയിൽ നിന്ന് 26,375 വോട്ടര്‍മാരെ നീക്കം ചെയ്തു. ഇതോടെ ആകെ 2,67,374 വോട്ടര്‍മാരായി.
തലസ്ഥാന നഗരമായ ചെന്നൈയില്‍ മാത്രമായി 14.25 ലക്ഷം വോട്ടര്‍മാരായാണ് ഒഴിവാക്കിയത്. അതേസമയം തമിഴ്നാട്ടിലെ ഡി.എം.കെ സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പിനിടയിലാണ് സംസ്ഥാനത്തെ എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ തുടരുന്നത്.
Content Highlight: SIR; 1 lakh voters deleted from MK Stalin’s Kolathur seat in draft electoral roll