| Tuesday, 19th May 2026, 1:33 pm

വന്ദേമാതരം: ഒരു രാഷ്ട്രീയ പ്രശ്‌നമാണ് മതപ്രശ്‌നമല്ലെന്ന് മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: സംസ്ഥാനത്ത് വി.ഡി. സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനും ആലപിച്ച സംഭവത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായ ബേപ്പൂര്‍ എം.എല്‍.എ പി.എ മുഹമ്മദ് റിയാസ്. ഇന്നലെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഈ നടപടിയെ റിയാസ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് റിയാസ് ഈ വിഷയത്തില്‍ വീണ്ടും അഭിപ്രായം വ്യക്തമാക്കിയത്.

ഈ വിഷയത്തെ മത പ്രശ്‌നമായല്ല കാണുന്നത്. അതിനെ ഒരു രാഷ്ട്രീയ പ്രശ്‌നമായാണ് കാണേണ്ടതെന്ന് റിയാസ് പറഞ്ഞു. രാഷ്ട്രം മുന്നോട്ട് വെക്കുന്ന സെക്കുലറിസത്തിന്റെ ആശയത്തിന് വെല്ലുവിളിയാണ് ഇത് എന്ന് പൊതുവെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഇത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വന്ദേമാതരം പൂര്‍ണരൂപം ആലപിച്ചതിനെക്കുറിച്ച് റിയാസ് പറഞ്ഞു. ആ ശ്രമം ജനാധിപത്യപരമല്ല. അത് സെക്കുലറിസത്തിന് എതിരാണ്. കേന്ദ്രസര്‍ക്കാരിന്റെ അടിച്ചേല്‍പ്പിക്കലിനെതിരെ കേരളം ഒരുമിച്ച് നില്‍ക്കേണ്ടതാണെന്നും റിയാസ് പറഞ്ഞു.

ഇതാദ്യമായല്ല രാജ്യത്ത് വന്ദേമാതരം ചര്‍ച്ചയാവുന്നതെന്നും സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും അത് ചര്‍ച്ചയായിട്ടുണ്ടെന്നും മുന്‍ മന്ത്രി പറഞ്ഞു. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികളില്‍ പ്രശ്‌നമില്ല. എന്നാല്‍ തുടര്‍ന്നുള്ള നാല് ഈരടികളില്‍ തീര്‍ച്ചയായും ഒരു ബഹുസ്വര സമൂഹത്തിന് അംഗീകരിക്കാവുന്ന കാര്യങ്ങളല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടത്തെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഈ വിഷയത്തിലെടുത്ത നിലപാട് ദീര്‍ഘകാല ചര്‍ച്ചകളുടെ ഭാഗമാണ്. ആ നിലപാട് ബഹുസ്വര സമൂഹത്തിന് ഇതിന്റെ എല്ലാ ഈരടികളും കേട്ട് അംഗീകരിച്ച് പോകാന്‍ പറ്റുന്നതല്ല, അതിനാല്‍ ആദ്യ രണ്ട് ഈരടികള്‍ മാത്രമാണ് ഉചിതം എന്നതാണ്. കോണ്‍ഗ്രസും ആ നിലപാടാണ് എടുത്തിരുന്നത്.

പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്‍പും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഇത് ഒരു പ്രത്യേക നിലയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തിയെന്നും വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കുന്നതിനെക്കുറിച്ച് റിയാസ് പറഞ്ഞു. അന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ ഇതുമായി ബന്ധപ്പെട്ട് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. വമോതരം പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് നിര്‍ബന്ധമല്ല, നിര്‍ദേശം മാത്രമാണെന്ന് സുപ്രീം കോടതി തന്നെ ഇത് വ്യക്തമാക്കിയിരുന്നുവെന്നും റിയാസ് ചൂണ്ടിക്കാട്ടി.

ഇത് ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെട്ട വിഷയമല്ല. ഇന്ത്യ ഒരു സെക്കലുര്‍ സ്റ്റേറ്റ് ആണ്. സെക്കുലര്‍ രാജ്യമെന്ന നിലയില്‍ ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും മതരഹിതരായവര്‍ക്കും അവരുടെ വിശ്വാസങ്ങളെ പിന്‍പറ്റി മുന്നോട്ട് പോകാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Adv. PA Muhammed Riyas About Singing Vande Mataram in VD Satheesan Governemnt Sworn in Ceremony

We use cookies to give you the best possible experience. Learn more