| Thursday, 22nd January 2026, 10:54 pm

ഗണഗീതം പാടിയാൽ തടയും; ക്ഷേത്രങ്ങൾ ആർ.എസ്.എസ് ഓഫീസുകളല്ല: കെ.കെ.രാഗേഷ്

ശ്രീലക്ഷ്മി എ.വി.

കണ്ണൂർ: ക്ഷേത്രങ്ങൾ ആർ.എസ്.എസിന്റെ ഓഫീസുകളല്ലെന്നും അത് വിശ്വാസികളുടെ ഇടമാണെന്നും സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.

ഗണഗീതം പാടണമെങ്കിൽ ആർ.എസ്.എസിന്റെ ഓഫീസിൽ പാടിക്കൊള്ളുകയെന്നും കെ.കെ. രാഗേഷ് പറഞ്ഞു.

ആർ.എസ്.എസുകാർ വിശ്വാസിയുടെ കൂടെയാണെങ്കിൽ വിശ്വാസിയായ മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ രാമഭക്തനാണ് ഗാന്ധിയെന്നും ചുണ്ടിൽ എപ്പോഴും രാമനാമം മന്ത്രിക്കുന്ന വിശ്വാസിയാണദ്ദേഹമെന്നും കെ.കെ. രാഗേഷ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തെ രാഷ്ട്രീയാവശ്യത്തിനുവേണ്ടി ഉപയോഗിക്കുകയാണെന്നും ആർ.എസ്.എസ് വിശ്വാസവുമായി ബന്ധപ്പെട്ട ഒരു സംഘടനയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘വിശ്വാസവുമായി ബന്ധപ്പെട്ട സംഘടനയായിരുന്നുവെങ്കിൽ ശബരിമലയിൽ അയ്യപ്പസംഗമം സംഘടിപ്പിച്ചപ്പോൾ ആർ.എസ്.എസിന്റെ വകയും ഒരു അയ്യപ്പ സംഗമം നടത്തിയില്ലേ. അതിൽ വാവർ സ്വാമി തീവ്രവാദിയാണെന്നാണ് സന്യാസ വേഷധാരിയായ ആർ.എസ്. എസുകാരൻ നടത്തിയ പ്രസംഗം,’ കെ.കെ. രാഗേഷ് പറഞ്ഞു. ഇതാണോ വിശ്വാസമെന്നും അദ്ദേഹം ചോദിച്ചു.

വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുകയും അതിലൂടെ വർഗീയതയുണ്ടാക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് ആർ.എസ്.എസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസിന് വിശ്വാസവുമായി ബന്ധമില്ലെന്നും വിശ്വാസത്തെ ഉപയോഗിക്കുകയുമാണ് ചെയ്യുന്നതെന്നും ഗണഗീതങ്ങൾ ക്ഷേത്രങ്ങളിൽ പാടിയാൽ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രങ്ങളിലുള്ള തെയ്യങ്ങളായാലും അവിടെ ആരാധിക്കപ്പെടുന്ന ദൈവങ്ങളായാലും അന്നത്തെ വ്യവസ്ഥിതിക്കെതിരായി പോരാടി രക്തസാക്ഷികളായവരാണെന്നും ആ പാരമ്പര്യം ഉൾകൊള്ളുന്ന ജനതയാണ് കണ്ണൂരിലെ ജനതയെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസത്തിന്റെ ഭാഗമായുള്ള കാര്യങ്ങളാണ് ക്ഷേത്രങ്ങളിൽ നടക്കേണ്ടതെന്നും വിശ്വാസികൾക്ക് ക്ഷേത്രങ്ങളിൽ പോകാനുള്ള അവകാശത്തിനായി സമരം ചെയ്തവരാണ് കമ്മ്യുണിസ്റ്റുകാരെന്നും ആ പാരമ്പര്യമാണ് ഇപ്പോഴും തങ്ങൾ ഉയർത്തിപിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ അതിനുപകരം ആർ.എസ്.എസിന്റെ ശാഖയിൽ ചെയ്യേണ്ട കാര്യങ്ങൾ ക്ഷേത്രങ്ങളിൽ ചെയ്യാൻ പുറപ്പെട്ടാൽ അതിനോട് ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Singing the Gana Geet will stop you; Temples are not RSS offices: KK Ragesh

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more