| Sunday, 9th November 2025, 12:03 pm

ദേശീയ ഗാനം പാടുന്നതിന് പകരം ആർ.എസ്.എസ് ഗീതം പാടുന്നത് നിയമലംഘനമാണ്; അന്വേഷണത്തിന് ഉത്തരവിട്ട് വി. ശിവൻകുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വന്ദേഭാരതിന്റെ ഉദ്ഘാടനത്തിൽ ആർ.എസ്.എസ് ഗീതം ആലപിച്ചതിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. കേന്ദ്ര ഗവൺമെന്റിന്റെ ഔദ്യോഗിക പരിപാടിയിൽ ദേശീയ ഗാനം പാടുന്നതിന് പകരം ആർ.എസ്.എസ് ഗീതം പാടുന്നത് നിയമലംഘനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേരള ഗവൺമെന്റ് ഇത് അംഗീകരിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതിനായി സ്കൂൾ കുട്ടികളെ കരുക്കളാക്കി എന്നതാണ് പ്രധാന പ്രശ്നമെന്നും മന്ത്രി പറഞ്ഞു. സി.ബി.എസ്.ഇ പഠിക്കുന്ന കുട്ടികൾ ആണെങ്കിൽപ്പോലും കുട്ടികളെക്കൊണ്ട് ആർ.എസ്.എസ് ഗീതം പാടിപ്പിച്ചത് ഒട്ടും ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതൊരു മതേതര രാജ്യമാണെന്നും സമൂഹത്തിലെ എല്ലാവരെയും ഒരുപോലെ കാണണമെന്നും ശിവൻകുട്ടി പറഞ്ഞു. അതിന് വിരുദ്ധമായ നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആർ.എസ്.എസ് ഗീതം ആലപിപ്പിക്കാൻ സ്കൂൾ അധികാരികളെ പ്രേരിപ്പിച്ചതെന്താണെന്നും കുട്ടികളെക്കൊണ്ട് നിർബന്ധിച്ചാണോ ഗീതം ആലപിപ്പിച്ചതെന്നടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

‘കേരളം പോലുള്ളൊരു സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒരിക്കലും അനുവദിക്കാത്ത വർഗീയതയെ കടത്തിവിടുകയും ഭരണഘടനാ മൂല്യങ്ങളെ ലംഘിക്കുന്ന സ്വഭാവം കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇത് മൂലം ഉണ്ടായിരിക്കുന്നത്,’ മന്ത്രി പറഞ്ഞു.

എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഔദ്യോഗിക പരിപാടിയിൽ ഇത്തരമൊരു സംഭവമുണ്ടായത് ആസൂത്രിതമാണെന്നും കേന്ദ്ര മന്ത്രിമാർ അറിഞ്ഞുകൊണ്ടാണെന്നും ശിവൻകുട്ടി പറഞ്ഞു.

പൊതു വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചു.

ഇന്നലെ രാവിലെ നടന്ന വീഡിയോ കോൺഫെറൻസിലൂടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി- ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനത്തിന് ശേഷം യാത്ര തുടങ്ങിയ ട്രെയിനിനുള്ളിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾ ഗീതം ആലപിച്ചത്.

കുട്ടികൾ ആർ.എസ്.എസ് ഗീതം ആലപിക്കുന്ന വീഡിയോ സതേൺ റെയിൽവേ ചിത്രീകരിക്കുകയും അവരുടെ ഔദ്യോഗിക പേജിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാദമായതോടെ അത് പിൻവലിച്ചിരുന്നു. പിന്നീട് സതേൺ റെയിൽവേ അവരുടെ എക്സ് പേജിൽ വീഡിയോ റീപോസ്റ്റ് ചെയ്തിരുന്നു.

സതേൺ റെയിൽവേയുടെ ഔദ്യോഗിക പേജിൽ ദേശഭക്തി ഗാനം ആലപിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പങ്കുവെച്ചിരുന്നത്.

Content Highlight: Singing RSS song instead of national anthem is a violation of law; V. Sivankutty orders investigation

We use cookies to give you the best possible experience. Learn more