| Tuesday, 27th May 2025, 3:56 pm

ക്ഷേത്രോത്സവത്തിനിടെ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച സംഭവം; ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം കോട്ടുക്കല്‍ ക്ഷേത്രോത്സവത്തിനിടെ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ നടപടി. മഞ്ഞിപ്പുഴ ക്ഷേത്രം ഉപദേശകസമിതി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചു വിട്ടു.

കൊല്ലം മഞ്ഞിപ്പുഴ കോട്ടുക്കല്‍ ക്ഷേത്രോത്സവത്തില്‍ ഗാനമേളയില്‍ ആര്‍.എസ്.എസ് ഗണഗീതം അവതരിപ്പിച്ചത് ഏറെ വിവാദമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിലായിരുന്നു സംഭവം.

നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്‌സ് എന്ന ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്. കാട്ടുക്കല്‍ ടീം ഛത്രപതിയാണ് പരിപാടി സ്‌പോണ്‍സര്‍ ചെയ്തത്. ക്ഷേത്രോത്സവത്തില്‍ നമസ്‌ക്കരിപ്പൂ ഭാരതമങ്ങേ സ്മരണയെ എന്ന ഗണഗീതം ഉള്‍പ്പെടെ ആലപിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശി പൊലീസിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും പരാതി നല്‍കിയിരുന്നു. പിന്നാലെ ദേശഭക്തിഗാനമാണ് ആലപിച്ചതെന്നായിരുന്നു ഉത്സവ കമ്മിറ്റി വിശദീകരണം നല്‍കിയത്.

ക്ഷേത്രത്തിലെ ആര്‍.എസ്.എസ് ഗണഗീതാലാപനത്തില്‍ പ്രാദേശിക ആര്‍.എസ്.എസ് നേതാക്കളെ കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്ഷേത്രപരിസരത്ത് ആയുധ പരിശീലനം നടത്തിയവരെ കക്ഷി ചേര്‍ക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ആര്‍.എസ്.എസിന്റെ കൊടി തോരണങ്ങള്‍ ക്ഷേത്രത്തില്‍ കെട്ടിയെന്നും ആരോപണമുണ്ടായിരുന്നു. നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്സ് എന്ന ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്. ഏപ്രില്‍ അഞ്ചിനായിരുന്നു ഗാനമേള.

Content Highlight: singing RSS Gana Geetham during temple festival; Temple advisory committee dissolved

We use cookies to give you the best possible experience. Learn more