| Wednesday, 10th December 2025, 2:46 pm

സ്മ്യൂളില്‍ പാടിയാണ് പരിചയം; നിലാകായും വെളിച്ചം ലൂപ്പില്‍ കേള്‍ക്കുകയാണെന്നവര്‍ പറഞ്ഞു; ഗായിക സിന്ധു ഡെല്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് ആറു ദിവസത്തിനകം അമ്പതു കോടിയെന്ന നേട്ടം കൈവരിച്ച് വിജയക്കുതിപ്പ് തുടരുകയാണ് മമ്മൂട്ടി നായകനായ കളങ്കാവല്‍. തിയേറ്ററില്‍ നിന്നും സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ ‘നിലാകായം വെളിച്ചം’ എന്ന ഗാനവും സ്ഥാനം നേടിയിട്ടുണ്ട്. ചിത്രത്തില്‍ ഗാനം ആലപിച്ച സിന്ധു ഡെല്‍സണ്‍ ആണ് ഇപ്പോള്‍ ആരാധകരുടെ സംസാര വിഷയം.

കളങ്കാവല്‍ ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടാറായ മുജീബ് മജീദിന്റെ അസോസിയേറ്റ് അഡീഷണല്‍ പ്രോഗാമറുടെ അമ്മയായ സിന്ധു യാദൃശ്ചികമായാണ് കളങ്കാവലിലെ പാട്ടുപാടാനെത്തുന്നത്. ചിത്രത്തിന്റെ ഭാഗമായെതിനെകുറിച്ച് പറയുകയാണ് സമയം മലയാളം യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിന്ധു ഡെല്‍സണ്‍.

സിന്ധു മുജീബിനും ജിതിനുമൊപ്പം. Photo: sindhu delson/ facebook.com

‘നിലാകായും എന്ന പാട്ടിന് പകരം വേറെ വരികളായിരുന്നു ചിത്രത്തിലേക്ക് ആദ്യം ഉദ്ദേശിച്ചത്. ആ വരികള്‍ക്ക് പറ്റിയ റെട്രോ ശബ്ദം അന്വേഷിച്ച് കിട്ടാതെ വന്നപ്പോഴാണ് എന്നോട് നാലു വരി പാടി അയച്ചുകൊടുക്കാന്‍ മകന്‍ പറയുന്നത്. മ്യൂസിക് ഡയറക്ടര്‍ക്കും, സംവിധായകനും, മമ്മൂക്കക്കും ഇഷ്ടപ്പെട്ട ശേഷമാണ് ചിത്രത്തിലേക്ക് പാടാന്‍ വിളിച്ചത്.

ഗാനം ഇത്രയധികം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ് ബുക്കിലുമായി നാലായിരത്തോളം മെസ്സേജുകളാണ് അഭിനന്ദനമറിയിച്ചുകൊണ്ട് വരുന്നത്. ഒരുപാട് പേര്‍ വിളിച്ചും നേരിട്ട് കണ്ടും ആശംസയറിയിച്ചു. പലരുടെയും റിങ് ടോണും, ലൂപ്പ് ചെയ്ത് കേള്‍ക്കുന്നതും എന്റെ ശബ്ദത്തിലുള്ള പാട്ടാണെന്ന് അറിയുമ്പോള്‍ ഒത്തിരി സന്തോഷമുണ്ട്,’ സിന്ധു പറയുന്നു.

കളങ്കാവല്‍. Photo: kalamkaaval/ theatrical poster

മകന്‍ വഴിയാണ് വെറുമൊരു വീട്ടമ്മയായ തനിക്ക് ഈ പാട്ട് പാടാന്‍ കഴിഞ്ഞത്. അതുകൊണ്ട് അവനോടും മമ്മൂട്ടി കമ്പനിയോടും ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി പറയുകയാണെന്ന് സിന്ധു പറഞ്ഞു.

ചെറുപ്പത്തില്‍ രണ്ടു വര്‍ഷം മാത്രം സംഗീതം പഠിച്ച സിന്ധു സോഷ്യല്‍ മീഡിയ അപ്ലിക്കേഷനായ സ്മ്യൂളിലൂടെയും വാട്‌സപ്പ് ഗ്രൂപ്പുകളിലൂടെയുമാണ് സംഗീതവുമായുള്ള ബന്ധം നിലനിര്‍ത്തിപോന്നത്. മ്യൂസിക്ക് തന്നെ സംബന്ധിച്ചിടത്തോളം തന്റെ സോളാണെന്ന് പറഞ്ഞ സിന്ധു മകനിലൂടെയാണ് തന്റെ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിച്ചതെന്നും, ഇത്തരത്തില്‍ ഒരു അവസരം ലഭിച്ചപ്പോള്‍ ഒരുപാട് സന്തോഷമായെന്നും അഭിമുഖത്തില്‍ പറഞ്ഞു.

വിനായക് ശശികുമാര്‍ ഗാനരചന നിര്‍വഹിച്ച ഗാനത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മൂജീബ് മജീദാണ്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭയം നിലനിര്‍ത്തുന്നതില്‍ ഗാനം നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

Content Highlight: singer sindhu delson talks about her debiut song in kalamkaaval

We use cookies to give you the best possible experience. Learn more