| Thursday, 18th December 2025, 6:00 pm

ഇംഗ്ലീഷിനോടുള്ള താത്പര്യം പഠിക്കുമ്പോഴേ ഉണ്ട്; വിശേഷങ്ങള്‍ പങ്കുവെച്ച് ലോകഃയിലെ ഗായിക സെബ ടോമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകഃയിലെ ക്വീന്‍ ഓഫ് ദി നൈറ്റ് എന്ന ഒറ്റ ഗാനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഗായികയാണ് സെബ ടോമി. ജേക്‌സ് ബിജോയ് ഈണമിട്ട ഗാനത്തിന്റെ വരികള്‍ എഴുതിയതും ആലപിച്ചതും സെബ തന്നെയായിരുന്നു. ഇപ്പോള്‍ ഇംഗ്ലീഷിനോടുള്ള തന്റെ താത്പര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഗായിക.

‘സംഗീതത്തെപ്പോലെ ഇംഗ്ലീഷ് എന്ന വിഷയത്തിലും എനിക്ക് വളരെ താല്‍പ്പര്യമുണ്ടായിരുന്നു. അതിനാലാണ് ഞാന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയതും. അതിനാല്‍ സംഗീതവും ഇംഗ്ലീഷും ഒരുമിച്ച് കൂടിയപ്പോള്‍ ഗാനരചന എന്ന സ്വാഭാവികമായ വഴിയിലേക്ക് ഞാന്‍ നീങ്ങി. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഞാന്‍ പാട്ടുകള്‍ എഴുതിവന്നിരുന്നു,’ സെബ പറയുന്നു.

മ്യൂസിക്കാണ് തന്റെ കരിയര്‍ എന്നത് പെട്ടെന്ന് എടുത്ത തീരുമാനം ഒന്നും അല്ലെന്നും താന്‍ ആറേഴ് വയസ് തൊട്ട് പാട്ട് പഠിക്കുന്നുണ്ടെന്നും സെബ പറഞ്ഞു. ഞാന്‍ വളര്‍ന്നത് മുതല്‍ തന്നെ സംഗീതം തന്റെ ജീവിത ത്തിന്റെ ഭാഗമായിരുന്നുവെന്നും വീട്ടില്‍ എല്ലായ്‌പ്പോഴും താന്‍ പാടാറുണ്ടെന്നും സെബ കൂട്ടിച്ചേര്‍ത്തു.
പിന്നീടാണ് പാശ്ചാത്യ സംഗീതത്തോടുള്ള ആകര്‍ഷണം വളര്‍ന്നതെന്നും സെബ പറഞ്ഞു.

‘ പ്രത്യേകിച്ച് വോക്കല്‍ ഹാര്‍മണി, ഇമോഷന്‍ കണ്‍ട്രോള്‍, ആസ്വാദനം എന്നിവ എനിക്ക് വളരെ ഇഷ്ടമാണ്. അതിന് ശേഷം ചെറുസ്റ്റേജുകളില്‍ നിന്നും കവര്‍ ബാന്‍ഡുകളില്‍നിന്നും തുടങ്ങി, റെക്കോര്‍ഡിങ് സ്റ്റുഡിയോകളിലേക്കും സിനിമകളിലേക്കും എത്തി,’ സെബ പറഞ്ഞു.

ആദ്യ 300 കോടി നേടി മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ദുല്‍ഖര്‍ സല്‍മാനാണ്.

Content Highlight: Singer Seba Tomi about her career

We use cookies to give you the best possible experience. Learn more