| Tuesday, 19th May 2026, 3:41 pm

'മഞ്ജരി അല്ലേ, ഞാൻ മമ്മൂട്ടി ആണ്'; ആഹാ... പ്രാങ്ക്, പ്രാങ്ക് എന്ന് ഞാനും, ‘വിശ്വാസമായില്ലേ’ എന്ന് ചോദിച്ച് മമ്മൂക്ക ചിരിച്ചു: മഞ്ജരി

നന്ദന എം.സി

മലയാളികളുടെ പ്രിയഗായികമാരിൽ ഒരാളാണ് മഞ്ജരി. നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസിൽ ഇടം നേടിയ മഞ്ജരി, ഇപ്പോഴിതാ മമ്മൂട്ടി ആദ്യമായി തന്നെ ഫോണിൽ വിളിച്ചപ്പോൾ ഉണ്ടായ രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജരി.

‘കസിന്റെ കല്യാണത്തിന് സാരിയെടുക്കാൻ കൊച്ചിയിലെ ഷോപ്പിൽ നിൽക്കുന്നു. അപ്പോളതാ അറിയാത്ത നമ്പറിൽ നിന്ന് ഒരു കോൾ.

മഞ്ജരി, മമ്മൂട്ടി, Photo: Manjari/ Facebook

മൊത്തം ആഘോഷമൂട് ആയതുകൊണ്ട് ‘ശ്ശെ.. ഇതാരാ ഇപ്പോ’ എന്ന മട്ടിലാണ് കോൾ എടുത്തത്. ‘മഞ്ജരി അല്ലേ, ഞാൻ മമ്മൂട്ടി ആണ്’ എന്ന്. ആഹാ… പ്രാങ്ക്, പ്രാങ്ക്… കല്യാണം പ്രമാണിച്ച് കസിൻസ് ഒക്കെ നാട്ടിലുണ്ട്. അവരിൽ ആരോ മമ്മുക്കയെ അനുകരിച്ച് വിളിക്കുകയാണ്.

എന്താ ഉദ്ദേശം എന്നറിയാനായി മിണ്ടാതെ ഇരുന്നു. എൻ്റെ മൗനം കൊണ്ടാകാം ‘വിശ്വാസമായില്ലേ’ എന്നു ചോദിച്ച് ഒരു ചെറിയ ചിരി. ‘ഇത് എന്റെ നമ്പർ തന്നെയാണ്. കൺഫോം ചെയ്തിട്ട് തിരിച്ച് വിളിച്ചോളൂ’ എന്ന് പറഞ്ഞു,’ മഞ്ജരി പറഞ്ഞു

സംഭവം ശരിയാണോ എന്ന് ഉറപ്പാക്കാൻ മഞ്ജരി ഉടൻ തന്നെ സംവിധായകൻ സത്യൻ അന്തിക്കാടിനെ വിളിച്ചുവെന്നും ‘അങ്കിളേ, ആരോ പറ്റിക്കുന്നതാണെന്ന് തോന്നുന്നു’ എന്ന് പറഞ്ഞ് നമ്പർ കൈമാറിയപ്പോൾ, ‘അല്ല, ഇത് മമ്മൂക്കയുടെ നമ്പർ തന്നെയാണ്, വേഗം തിരിച്ച് വിളിക്കൂ’ എന്നായിരുന്നു മറുപടി എന്നും മഞ്ജരി പറഞ്ഞു.

അതിന് പിന്നാലെ മമ്മൂട്ടിയെ തിരിച്ച് വിളിച്ച് ക്ഷമപറഞ്ഞു. അപ്പോഴാണ് ‘കറുത്ത പക്ഷികൾ’ എന്ന ചിത്രത്തിലെ ‘മഴയിൽ രാത്രി മഴയിൽ’ എന്ന ഗാനം കേട്ടിട്ട് അഭിനന്ദിക്കാനായിരുന്നു അദ്ദേഹം വിളിച്ചതെന്ന് മനസിലായതെന്നും മഞ്ജരി കൂട്ടിച്ചേർത്തു.

‘ആ പാട്ട് നന്നായിട്ടുണ്ടെന്ന് പറയാനായിരുന്നു മമ്മൂക്ക വിളിച്ചത്. അത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായിട്ടാണ് ഇന്നും ഞാൻ കാണുന്നത്,’ അവർ പറഞ്ഞു.

Content Highlight: Singer Manjari talk about Mammootty

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more