| Tuesday, 8th April 2025, 11:03 am

മാലിന്യമുക്ത നവകേരളം അംബാസ​ഡറാകാൻ ഗായകൻ എം. ജി. ശ്രീകുമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാന തദ്ദേശ ഭരണ വകുപ്പിൻ്റെ പദ്ധതിയായ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാൻ സന്നദ്ധത അറിയിച്ച് ഗായകൻ എം.ജി. ശ്രീകുമാർ. തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം ഒമ്പത് മുതൽ 13 വരെ തിരുവനന്തപുരത്ത് വെച്ചാണ് വൃത്തി 2025 ദേശീയ കോൺക്ലേവ് നടക്കുക.

ഏപ്രിൽ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തുകൊണ്ടായിരിക്കും കോൺക്ലേവ് ആരംഭിക്കുക. സമാപന സമ്മേളന ദിവസം ​ഗവർണർ രാജേന്ദ്ര ആർലേക്കർ മുഖ്യാതിഥിയായെത്തും. രണ്ട് ചടങ്ങുകളിലും മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും.

അതേ സമയം, കുറച്ച് ദിവസങ്ങൾക്ക് മുൻപ് എം. ജി. ശ്രീകുമാറിൻ്റെ വീട്ടില്‍ നിന്ന് കായലിലേയ്ക്ക് മാലിന്യം വലിച്ചെറിഞ്ഞ ദൃശ്യങ്ങൾ പുറത്ത് വന്നത് വലിയ ചർച്ചയായിരുന്നു. അണ്ണാന്‍ കടിച്ച മാങ്ങ നിലത്ത് ചിതറിക്കിടന്നപ്പോള്‍ തന്റെ ജോലിക്കാരി പേപ്പറില്‍ പൊതിഞ്ഞ് കായലിലേയ്ക്ക് വലിച്ചെറിഞ്ഞതാണെന്നായിരുന്നു എം. ജി. ശ്രീകുമാറിൻ്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാൻ എം.ജി. ശ്രീകുമാർ ഒരുങ്ങുന്നെന്ന വിവരം പുറത്ത് വരുന്നത്.

എം.ജി. ശ്രീകുമാറുമായി താൻ സംസാരിച്ചിരുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല ഇക്കാര്യത്തിൽ മാതൃകയെന്ന നിലയിൽ മാലിന്യമുക്ത നവകേരളം പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചു. തുടർന്നാണ് അദ്ദേഹത്തെ വൃത്തി കോൺക്ലേവിലേക്ക് ക്ഷണിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

എം.ജി. ശ്രീകുമാറിന്റെ കൊച്ചി ബോൾഗാട്ടിയിലുള്ള വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പുറത്ത് വരികയും തുടർന്ന് ഗായകൻ ഇതിൻ്റെ പിഴയായി 25,000 രൂപ അടയ്ക്കുകയും ചെയ്തിരുന്നു. തന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു മുറ്റത്ത് വീണ് കിടന്ന മാമ്പഴത്തിൻ്റെ അവശിഷ്ടങ്ങൾ കായലിൽ ഇട്ടതെന്നും അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിഴ അടച്ചതെന്നും എം.ജി. ശ്രീകുമാർ പിന്നീട് വ്യക്തമാക്കിയിരുന്നു. കായലിലൂടെ യാത്ര ചെയ്ത വിനോദസഞ്ചാരി വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. മന്ത്രി എം. ബി. രാജേഷിനേയും ടാഗ് ചെയ്തിരുന്നു. മാലിന്യം കായലിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ പകർത്തിയ ആളെയും കോൺക്ലേവിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Content Highlight: Singer M. G. Sreekumar to be ambassador for a pollution-free New Kerala

Latest Stories

We use cookies to give you the best possible experience. Learn more