പുതുതലമുറയിലെ ഗായകർക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ ഇന്ന് നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഗായിക കെ.എസ്. ചിത്ര. ടെലിവിഷനിലെ റിയാലിറ്റി ഷോകളും സോഷ്യൽ മീഡിയയിലെ റീൽസുകളും യുവപ്രതിഭകൾക്ക് വലിയൊരു പ്ലാറ്റ്‌ഫോമായി മാറിയിട്ടുണ്ടെന്നും ചിത്ര പറഞ്ഞു. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ഇന്ന് മിക്ക ചാനലുകളിലും വിവിധ തരത്തിലുള്ള റിയാലിറ്റി ഷോകൾ സജീവമാണ്. സോഷ്യൽ മീഡിയയിലും നിരവധി പേർ തങ്ങളുടെ പാട്ടുകൾ റീൽസുകളായി പങ്കുവെക്കുന്നുണ്ട്. കഴിവുള്ളവരുടെ പ്രകടനങ്ങൾ വളരെ വേഗത്തിൽ ആളുകളിലേക്ക് എത്താനും ഇതിലൂടെ അവസരങ്ങൾ ലഭിക്കാനും സാധ്യതയേറെയാണെന്നും ചിത്ര പറഞ്ഞു.
കെ.എസ്. ചിത്ര. Photo. Screen grab/ Youtube
‘എന്റെയൊക്കെ കാലത്ത് ഒരു 500 പാട്ടൊക്കെ പാടി കഴിഞ്ഞ ശേഷമാണ് എന്റെ ഒരു പടം തന്നെ പത്രത്തിൽ വരുന്നത്. ഇപ്പോൾ ടാലന്റുള്ളവരുടെ പാട്ടുകൾ പെട്ടെന്ന് റീച്ച് ആകും. അതുവഴി ഒരുപാട് പേർക്ക് അവസരങ്ങൾ കിട്ടുന്നുണ്ട്. ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പക്ഷേ അവരുടെ ടാലന്റ് ഷോകേസ് ചെയ്ത് വെക്കാൻ പറ്റിയ ഒരുപാട് വേദികൾ ഇപ്പോൾ യങ്‌സ്റ്റേഴ്‌സിന് ഉണ്ട്. അവർക്ക് വലിയൊരു പ്ലാറ്റ്‌ഫോമാണ് തുറന്നുകിടക്കുന്നത്,’ചിത്ര പറഞ്ഞു.
തന്റെ ആരാധകരുമായുള്ള ബന്ധത്തെക്കുറിച്ചും ചിത്ര മനസുതുറന്നു. ആരാധകർ എന്ന് വിളിക്കുന്നതിനേക്കാൾ അവരെ ‘മക്കൾ’ എന്നാണ് വിളിക്കാൻ തനിക്ക് ഇഷ്ടമെന്നും ചിത്ര പറയുന്നു. നിരവധി പേർ തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ പോലും തന്നോട് പങ്കുവെക്കുകയും ഉപദേശം തേടുകയും ചെയ്യാറുണ്ട്.
‘എനിക്ക് ഉള്ള ഫാൻസിനെ ഞാൻ മക്കൾ എന്നാണ് വിളിക്കുക. ഫാൻസ് എന്ന് വിളിക്കാൻ എനിക്ക് ഇഷ്ടമല്ല. മക്കളെപ്പോലെ അവർ അവരുടെ പേഴ്‌സണൽ കാര്യങ്ങളൊക്കെ നമ്മളോട് പറയും. എന്റെ അടുത്ത് അഡ്വൈസ് ചോദിക്കും. അങ്ങനെയുള്ള ഒരുപാട് കുട്ടികളുണ്ട്,’ ചിത്ര പറഞ്ഞു.
ചില ആരാധകർക്ക് സ്വന്തം അമ്മയിൽ നിന്ന് ലഭിക്കാത്ത സ്നേഹം തന്നിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് പറയാറുണ്ടെന്നും ചിത്ര വ്യക്തമാക്കി. എന്നാൽ താൻ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നതായി കരുതുന്നില്ലെന്നും അവരുടെ സ്‌നേഹം കൊണ്ടാണ് താനും അവരുമായി കൂടുതൽ അടുക്കുന്നതെന്നും ചിത്ര കൂട്ടിച്ചേർത്തു.
ആരാധകരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ തന്നോട് പങ്കുവെക്കുമ്പോൾ ചിലപ്പോഴൊക്കെ അത് മാനസിക സമ്മർദത്തിനും കാരണമാകാറുണ്ടെന്നും ചിത്ര തുറന്നുപറഞ്ഞു. കുട്ടികൾ തങ്ങളുടെ പ്രശ്നങ്ങൾ പറയുമ്പോൾ അത് പിന്നീട് തന്റെ ചിന്തകളെയും ഉറക്കത്തെയും ബാധിക്കാറുണ്ടെന്നും അവർ വ്യക്തമാക്കി.
‘ചില സമയത്തൊക്കെ എനിക്ക് അതൊരു സ്ട്രെസും ആകാറുണ്ട്. നമ്മളെ കാണാൻ വരുന്ന കുട്ടികളൊക്കെ അവരുടെ എന്തെങ്കിലും പ്രശ്നം പറയുമ്പോൾ അത് എന്റെ ഉറക്കം കെടുത്തും. പൊതുവെ എനിക്ക് ഉറക്കം കുറവാണ്. പക്ഷേ അതുകൂടി എനിക്ക് സ്ട്രെസാണ്,’ ചിത്ര പറഞ്ഞു.
കെ.എസ്. ചിത്ര. Photo. Screen grab/ Youtube
ആരാധകരുടെ പ്രശ്നങ്ങൾ വ്യക്തിപരമായി എടുക്കരുതെന്ന് പലരും പറയാറുണ്ടെങ്കിലും, അവർ തന്നെ മക്കളെപ്പോലെ കാണുന്നതിനാൽ അവരുടെ കാര്യങ്ങളിൽ നിന്ന് പൂർണമായി മാറിനിൽക്കാൻ സാധിക്കാറില്ലെന്നും ചിത്ര കൂട്ടിച്ചേർത്തു.
‘എല്ലാവരും പറയും പേഴ്‌സണൽ ആയിട്ട് ഒന്നും എടുക്കരുതെന്ന്. പക്ഷേ അവർ എന്റെ മക്കളെപ്പോലെ പറയുമ്പോൾ, അവരോടുള്ള സ്നേഹം കൊണ്ട് ഞാനും അതിൽ അംഗമായിപ്പോകുന്നു,’ കെ.എസ്. ചിത്ര പറഞ്ഞു.
Content Highlight: Singer K. S. Chithra opens up about music and her early days in the music industry