| Sunday, 5th January 2014, 9:10 pm

ഗായകന്‍ കെ.പി ഉദയഭാനു അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: പ്രശസ്ത ഗായകന്‍ കെ.പി ഉദയഭാനും അന്തരിച്ചു. 78 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച്  കിടപ്പിലായിരുന്നു. നാല് വര്‍ഷം മുമ്പ് ഒരു ചാനല്‍ പരിപാടിക്കിടെ വീണതോടെയാണ് ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങുന്നത്.

1936ല്‍ പാലക്കാട് ജില്ലയിലെ തരൂരില്‍ എന്‍.എസ് വര്‍മ്മയുടെയും അമ്മു നേത്യാരമ്മയുടെയും മകനായാണ് ജനനം.  കല്‍പ്പാത്തി സംഗീത സ്‌കൂളില്‍ നിന്നായിരുന്നു സംഗീതം അഭ്യസിച്ചത്.

കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സര്‍ ആയാണ് തുടക്കം. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.  നായര് പിടിച്ച പുലിവാല് എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തെത്തിയത്.

മലയാളത്തില്‍ വേറിട്ട ശബ്ദത്തിന്റെ ഉടമയായ ഉദയഭാനു  പാടിയവയിലേറെയും വിഷാദഗാനങ്ങളായിരുന്നു.  അനുരാഗനാടകത്തില്‍, വെള്ളിനക്ഷത്രമേ നിന്നെ നോക്കി, കാനനഛായയില്‍, താരമേ താരമേ, തുടങ്ങി നിരവധി ഗാനങ്ങളാണ് അദ്ദേഹം മലയാളിക്ക് സമ്മാനിച്ചത്.

താന്തോന്നി എന്ന ചിത്രത്തിലെ കാറ്റു പറഞ്ഞതു കടലു പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണ് എന്ന ഗാനമാണ് അദ്ദേഹം അവസാനമായി ആലപിച്ചത്.

സമസ്യ എന്ന ചിത്രത്തില്‍ യേശുദാസ് ആലപിച്ച കിളി ചിലച്ചു എന്ന ഗാനത്തിന് ഈണം നല്‍കിക്കൊണ്ട് സംഗീത സംവിധാനരംഗത്തും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു.

ആകാശവാണിയില്‍ മുപ്പത്തിയെട്ട് വര്‍ഷം സംഗീത സംവിധായകനായി ജോലി ചെയ്തിരുന്നു.

സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റിയില്‍ അംഗമായിരുന്ന ഇദ്ദേഹം കേരള സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം, സംസ്ഥാന ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ്, കോഴിക്കോട് സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയില്‍ അംഗമായിട്ടുണ്ട്.

ഭാര്യ പരേതയായ വിജയലക്ഷ്മി. ഏകമകന്‍ രാജീവ് ഉദയഭാനു ടൂറിസം വ്യവസായ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്.  സിനിമാ ലോകത്ത് പ്രശസ്തനായ സന്തോഷ് ശിവന്റെ സഹോദരി സരിതയാണ് മരുമകള്‍.

We use cookies to give you the best possible experience. Learn more