തമിഴ് ചിത്രം അദേഴ്സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ ബോഡിഷെയ്മിങ് ചെയ്ത യൂട്യൂബര്‍ക്ക് നടി ഗൗരി കിഷന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തന്നെ ബോഡി ഷെയിം ചെയ്ത യൂട്യൂബര്‍ക്ക് ചുട്ട മറുപടിയാണ് ഗൗരി കൊടുത്ത്. പ്രസ് മീറ്റിനിടെ നായകനോട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് ചോദിച്ച ചോദ്യമാണ് നടിയെ പ്രകോപിപ്പിച്ചത്.
ഇപ്പോള്‍ ഈ നിലപാടില്‍ ഗൗരിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗായിക ചിന്മയി. എക്‌സിലൂടെയായിരുന്നു ചിന്മയിയുടെ പ്രതികരണം.
‘ഗൗരി തന്റെ നിലപാടില്‍ ഉറച്ച് നിന്നതില്‍ സന്തോഷം. അവര്‍ അതിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്തു. അനാദരവോടെയും അനാവശ്യമായും ചോദിച്ച ചോദ്യത്തെ എതിര്‍ക്കുമ്പോള്‍ എതിര്‍പ്പുകള്‍ ഉയരുന്നത് സാധാരണമാണ്. ഗൗരിയെ പോലെ ഇത്ര ചെറുപ്പമായ ഒരാള്‍ നിലപാടില്‍ ഉറച്ച് നിന്നതിലും പ്രതികരിച്ചതിലും അഭിമാനിക്കുന്നു. ഒരു നടനോട് ഒരിക്കലും അയാളുടെ ശരീരഭാരം എത്രയാണെന്ന് ചോദിക്കാറില്ല, ഒരു നടിയോട് അവര്‍ ഇങ്ങനെ ചോദിക്കുന്നത് എന്താണെന്ന് എനിക്കറിയില്ല,’ ചിന്മയി പറയുന്നു,
ഇത് ബോഡിഷെയ്മിങ്ങാണെന്നും ഇത്തരം ചോദ്യങ്ങള്‍ എന്തിനാണ് ചോദിക്കുന്നതെന്നും ഗൗരി മാധ്യമപ്രവര്‍ത്തകനോട് ചോദ്യമുയര്‍ത്തി. എന്നാല്‍ ഗൗരിയുടെ ചോദ്യങ്ങള്‍ക്ക് നിഷേധ രൂപത്തില്‍ മറുപടി നല്കുക മാത്രമല്ല, താരത്തോട് ആ മാധ്യമപ്രവര്‍ത്തകന്‍ കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. താന്‍ ചോദിച്ചതില്‍ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും യൂട്യൂബര്‍ മറുപടി നല്കി.
തന്റെ ചോദ്യത്തില്‍ എന്താണ് തെറ്റെന്ന് ഗൗരിയോട് ഇയാള്‍ ചോദിക്കുകയും ചെയ്തു. ചിത്രത്തിലെ ഗാനരംഗത്തില്‍ നായകന്‍ ഗൗരിയെ എടുത്തുപൊക്കുന്ന രംഗമുണ്ട്. ഈ സീന്‍ ചെയ്തപ്പോള്‍ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് അയാള്‍ ചോദിച്ചത്. ഈ ചോദ്യമായിരുന്നു ഗൗരിയെ പ്രകോപിപ്പിച്ചത്.
Content highlight: Singer Chinmayi has come out in support of Gauri