അമരാവതി: സിംഗപ്പൂരില്‍ തെലുങ്ക് രണ്ടാം ഭാഷയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. നിലവില്‍ ബംഗാളി, തമിഴ്, ഹിന്ദി എന്നീ ഭാഷകള്‍ സിംഗപ്പൂരിലെ രണ്ടാം ഭാഷയായി അംഗീകരിക്കപ്പെട്ടിരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന.
സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോടാണ് രാജ്യത്തെ രണ്ടാം ഭാഷകളുടെ പട്ടികയില്‍ തെലുങ്ക് ഉള്‍പ്പെടുത്തണമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 28ന് സിംഗപ്പൂര്‍ പര്യടനത്തിന്റെ ഭാഗമായി നടന്ന ഒരു സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2019ലെ തെരഞ്ഞെടുപ്പില്‍ തെലുങ്ക് ദേശം പാര്‍ട്ടി അധികാരം നേടിയിരുന്നെങ്കില്‍ തങ്ങളുടെ സംസ്ഥാനം മറ്റൊരു സിംഗപ്പൂരായി മാറിയേനെയെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
‘സിംഗപ്പൂരും ആന്ധ്രാപ്രദേശും തമ്മിലുള്ള ബന്ധത്തില്‍ വലിയ രീതിയിലുള്ള വിടവുണ്ടായി. അതില്‍ വിഷമമുണ്ട്. ആന്ധ്രയിലെ മുന്‍കാല സര്‍ക്കാരുകള്‍ സിംഗപ്പൂരിന്റെ കുറ്റങ്ങള്‍ കണ്ടെത്തുന്നതിനാണ് സമയം ചെലവഴിച്ചിരുന്നത്. എന്നാല്‍ ഇനി അത് സംഭവിക്കില്ല,’ ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ത്തു.
പലയിടങ്ങളിലും ടൗണ്‍ഷിപ്പുകള്‍ ഉണ്ടാക്കിയ സിംഗപ്പൂരിന് ആന്ധ്രയുടെ തലസ്ഥാന നഗരി നിര്‍മിക്കാനുള്ള ചുമതല നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. സിംഗപ്പൂരിനും ആന്ധ്രാപ്രദേശിനും ഇടയില്‍ വിള്ളലുണ്ടാകാതിരിക്കാന്‍ പ്രവാസികള്‍ ശ്രമിക്കണമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
കൂടാതെ സിംഗപ്പൂരില്‍ കഴിയുന്ന എന്‍.ആര്‍.ഐകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പി.ഫോര്‍ പ്രോഗ്രാമിൽ പങ്കാളികളാകണമെന്നും സ്വന്തം ഗ്രാമങ്ങളിലുള്ള ദരിദ്രരെ സഹായിക്കാന്‍ സന്മനസ് കാണിക്കണമെന്നും ചന്ദ്രബാബു ആവശ്യപ്പെട്ടു.
ഇതിനുപുറമെ സിംഗപ്പൂരില്‍ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സിംഗപ്പൂര്‍ അഴിമതി കുറഞ്ഞ രാജ്യമാണെന്നും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ‘വേസ്റ്റ് ടു എനര്‍ജി’ എന്ന പദ്ധതി നടപ്പിലാക്കിയ രാഷ്ട്രമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ഇതിനിടെ വരും വര്‍ഷങ്ങളില്‍ ആന്ധ്രാപ്രദേശിന് 20 പുതിയ തുറമുഖങ്ങളും 20 ഓളം പുതിയ വിമാനത്താവളങ്ങളും കിട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു .
അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനാണ് ആന്ധ്രാ മുഖ്യമന്ത്രി സിംഗപ്പൂരിലെത്തിയത്. സിംഗപ്പൂരിലെ തെലുങ്ക് സമൂഹത്തില്‍ നിന്ന് ലഭിച്ച സ്വീകരണത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എക്സില്‍ കുറിക്കുകയും ചെയ്തു. ആന്ധ്രാ മന്ത്രിമാരായ നര ലോകേഷ്, പി. നാരായണ, ടി.ജി. ഭരത് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം സിംഗപ്പൂരിലുണ്ട്.
Content Highlight: Chandrababu Naidu said telugu should be made a second language in Singapore