| Tuesday, 16th December 2025, 7:35 am

എല്ലാവരുടെയും മുമ്പില്‍ വെച്ച് പാടാന്‍ ടെന്‍ഷന്‍ ആയിരുന്നു; മമ്മൂക്കയുടെ അനുവാദം ചോദിച്ചാണ് സ്‌റ്റേജില്‍ കയറിയത്: സിന്ധു ഡെല്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കളങ്കാവല്‍ സിനിമ പോലെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത ഗാനമാണ് ചിത്രത്തിലെ നിലാ കായും വെളിച്ചം. മുജീബ് മജീദ് ഈണമിട്ട ഗാനം ആലപിച്ചത് സിന്ധു ഡെല്‍സണ്‍ ആണ്.

മുജീബ് മജീദിന്റെ അസോസിയേറ്റ് അഡീഷണല്‍ പ്രോഗാമറുടെ അമ്മയായ സിന്ധു യാദൃശ്ചികമായാണ് കളങ്കാവലിലെ പാട്ടുപാടാനെത്തുന്നത്. ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിലാ കായും വെളിച്ചത്തെ കുറിച്ച് സംസാരിക്കുകയാണ് സിന്ധു.

സിന്ധു മുജീബിനും ജിതിനും ഒപ്പം Photo: Sindhu delson/ Facebook.com

‘മമ്മൂക്ക യാത്ര ചെയ്യുമ്പോള്‍ കേള്‍ക്കുന്ന പാട്ടാണ് നിലാ കായും വെളിച്ചം എന്ന് ആദ്യമെ എന്നോട് പറഞ്ഞിരുന്നു. അത് റെഫര്‍ ചെയ്യാന്‍ വേണ്ടി ജാനകി അമ്മയുടെ പഴയ തമിഴ് പാട്ട് കേള്‍ക്കാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ആ ഒരു വിന്റേജ് ഫീല്‍ പാട്ടിന് ഉണ്ടാകണമെന്ന് പറഞ്ഞു. അതിനായുള്ള റെഫറന്‍സ് മുജീബ് തന്നിരുന്നു. ഏതൊക്കെ സ്ഥലത്താണ് ഈ പാട്ട് പ്ലേസ് ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ല. സിനിമ കണ്ടപ്പോള്‍ ഒരുപാട് സ്ഥലത്ത് ആ പാട്ട് ഉണ്ട്,’ സിന്ധു ഡെല്‍സണ്‍ പറയുന്നു.

പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ഇറങ്ങിയപ്പോള്‍ പ്രേതത്തിന്റെ എലമെന്റുള്ള പാട്ടാണോ എന്ന് പലരും ചോദിച്ചിരുന്നുവെന്നും പൊതുവേ താന്‍ അങ്ങനെയുള്ള പാട്ടുകള്‍ ഇഷ്ടപ്പെടുന്നയാളാണെന്നും സിന്ധു ഡെല്‍സണ്‍ പറഞ്ഞു.

ലോഞ്ചിങ് സമയത്ത് സ്‌റ്റേജില്‍ വെച്ച് പാട്ട് പാടാന്‍ നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്നും താന്‍ ആദ്യമായി സ്റ്റേജില്‍ നിന്ന് പാടുന്നത് കൊണ്ട് മുമ്പില്‍ ഇരിക്കുന്ന ആരെയും ശ്രദ്ധിക്കാതെയാണ് പാടിയതെന്നും അവര്‍ പറഞ്ഞു. മമ്മൂട്ടിയുടെ അനുവാദം ചോദിച്ചിട്ടാണ് താന്‍ സ്‌റ്റേജിലേക്ക് കയറിയതെന്നും അത് മറക്കാന്‍ ആകാത്ത അനുഭവമായിരുന്നുവെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

മകന്‍ വഴിയാണ് വെറുമൊരു വീട്ടമ്മയായ തനിക്ക് ഈ പാട്ട് പാടാന്‍ കഴിഞ്ഞതെന്ന് സിന്ധു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം കളങ്കാവല്‍ 75 കോടിയും പിന്നിട്ട് തിയേറ്ററില്‍ ഗംഭീര മുന്നേറ്റം തുടരുകയാണ്. മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്തത് ജിതിന്‍ കെ ജോസാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Sindhu Delson talks about nila kayyum velicham song and mammootty

We use cookies to give you the best possible experience. Learn more