25 വർഷത്തിലേറെയായി മലയാള സിനിമ- ടെലിവിഷൻ രംഗത്ത് സജീവമായിട്ടുള്ള അഭിനേതാവും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് ശരത് ദാസ്. 1994ല് ഷാജി എൻ. കരുൺ സംവിധാനം ചെയ്ത സ്വഹം എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് പത്രം, ദേവദൂതൻ, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെയും ഹരിചന്ദനം, ഭ്രമണം, മിന്നുകെട്ട്, ഓട്ടോഗ്രാഫ്, അമ്മ എന്നീ ടെലിവിഷൻ പരമ്പരകളിലൂടെയും നടൻ ശ്രദ്ധിക്കപ്പെട്ടു.
സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ എക്കാലത്തെയും ജനപ്രിയ ചിത്രമാണ് ദേവദൂതൻ. സിനിമയിൽ മനോജ് എന്ന കോളേജ് വിദ്യാർത്ഥിയുടെ വേഷമാണ് ശരത് ചെയ്തത്. കോളേജിലെ മ്യൂസിക് ട്രൂപിന്റെ ലീഡറും മോഹൻലാലിൻറെ കഥാപാത്രത്തോട് ദേഷ്യവും അഹങ്കാരവും വെച്ച് പുലർത്തുന്ന നെഗറ്റീവ് കഥാപാത്രമായിരുന്നു ശരത്തിന്റേത്.
ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെ ശരത്തിന്റെ മനോജ് തള്ളിയിടുന്നൊരു സീനുണ്ട്. അന്ന് സിനിമ റിലീസായപ്പോഴും പിന്നീട് റീ- റിലീസായപ്പോഴും വലിയ രീതിയിലുള്ളൊരു ഇമ്പാക്ട് ആ സീൻ സൃഷ്ടിച്ചിരുന്നു. ആ ഒരു ഷോട്ട് ചെയ്യുമ്പോഴുണ്ടായ അനുഭവത്തെ പറ്റിയും മോഹൻലാലിന്റെ പ്രകടനത്തെ പറ്റിയുമുള്ള ഓർമ്മകൾ ദി ക്യൂ സ്റ്റുഡിയോയിൽ പങ്കു വെയ്ക്കുകയായിരുന്നു താരം.
ദേവദൂതനിലെ രംഗം.Photo.Screen Grab/Youtube.com
‘ആ ഷോട്ടിൽ എനിക്ക് കുറെ തെറ്റുകൾ പറ്റിയിട്ടുണ്ട്. ആ സമയത്ത് ഒരു ഡയലോഗ് തെറ്റിക്കും, എന്നിട്ട് നമ്മൾ തള്ളുന്നതിന്റെ ഫോഴ്സൊക്കെ മാറും. ലാലേട്ടൻ ആയതുകൊണ്ട് അതൊക്കെ സഹിച്ച് നിന്നു. ‘ആ വരട്ടെ അങ്ങോട്ട് വരട്ടെ ശരത്തെ’ എന്നൊക്കെ പറഞ്ഞ് നമ്മളെ സപ്പോർട്ട് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ അദ്ദേഹം പെർഫോം ചെയ്യുകയാണെന്ന് നമുക്ക് ഒരിക്കലും തോന്നില്ല. എത്ര വലിയ ഡയലോഗ്സ് ആണെങ്കിലും ലാലേട്ടൻ വന്നു നിന്ന് പെർഫോം ചെയ്യുന്നത് കാണുമ്പോൾ നമ്മൾ വിചാരിക്കും, ഇതെന്താ ഇത്ര വലിയ സംഭവമെന്ന്. പക്ഷേ അത് ഫിലിമിൽ വരുമ്പോഴാണ് ആ വ്യത്യാസം നമുക്ക് മനസ്സിലാവുക.
ഇന്ന് കൂടുതൽ ബോധമൊക്കെ വന്നപ്പോഴാണ് എനിക്കതൊക്കെ മനസിലാവുന്നത്. അന്ന് അഭിനയിക്കുന്ന സമയത്ത് കൂടെ ഉണ്ടായപ്പോൾ അത്ര കിട്ടിയിട്ടില്ല. ഡയലോഗ് കാണാപാഠം പറയുക എന്നുള്ളത് മാത്രമല്ല, ആ കണ്ണിന്റെ മൂവ്മെന്റ്സ് വരെ ഓരോ പോസുകളുണ്ട്. അദ്ദേഹത്തിന്റെ ക്യാരക്ടർ പഴയ കാലത്ത് പഠിച്ച ഒരു സ്ഥലമായിരുന്നു അത്. പിന്നെ അവിടുന്ന് പോകേണ്ടിവന്നു. പിന്നെ വീണ്ടും തിരിച്ചു വരുമ്പോഴുള്ള ആ നോട്ടം മുഴുവനും നമുക്ക് ലാലേട്ടന്റെ അഭിനയത്തിൽ നിന്നും ശരിക്കും മനസിലാവും,’ശരത് പറഞ്ഞു.
Content Highlight: Since it was Lalettan, he tolerated all of that and stood there, now that I have gained more maturity, that I truly understand it.