ആവാസവ്യൂഹം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് കൃഷാന്ത് ആര്‍.കെ. അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു പുരുഷപ്രേതം. ക്രൈം കോമഡി ഴോണറില്‍ പെടുത്താവുന്ന ചിത്രത്തില്‍ അലക്‌സാണ്ടര്‍ പ്രശാന്താണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
സൂപ്പര്‍ സെബാസ്റ്റ്യന്‍ എന്ന എസ്.ഐ ആയിട്ടാണ് അലക്‌സാണ്ടര്‍ പ്രശാന്ത് വേഷമിട്ടിരിക്കുന്നത്. കാണാതെ പോയ ശവശരീരത്തെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ദര്‍ശന രാജേന്ദ്രന്‍, ജഗദീഷ്, മാല പാര്‍വതി, ജിയോ ബേബി എന്നിവരും ചിത്രത്തില്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സെബാസ്റ്റ്യന്‍ എന്ന പൊലീസുകാരനായി അലക്‌സാണ്ടര്‍ ചിത്രത്തില്‍ അഴിഞ്ഞാടുകയായിരുന്നു. കരിയറിലെ തന്നെ മികച്ച കഥാപാത്രമായി സെബാസ്റ്റ്യനെ വിശേഷിപ്പിക്കാം. ഇപ്പോള്‍ പുരുഷപ്രേതം എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അലക്‌സാണ്ടര്‍ പ്രശാന്ത്.
ആ ചിത്രത്തില്‍ താന്‍ അഭിനയിച്ചത് കൃഷാന്തിനെ വിശ്വസിച്ചതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഞാന്‍ കൃഷാന്തിനെ വിശ്വസിച്ചു. അതുമാത്രമാണ് ആ ചിത്രത്തില്‍ ഞാന്‍ ചെയ്തത്. ഞാന്‍ ഓവര്‍ ആകുകയാണെങ്കില്‍ അയാള്‍ കോണ്‍സെന്‍സുള്ള ഡയറക്ടറാണല്ലോ? അപ്പോള്‍ അയാള്‍ അതാവണ്ടേ എന്നുപറയും. കുറഞ്ഞുപോയിക്കഴിഞ്ഞാല്‍ കുറച്ച് കൂടി കേറ്റിക്കോ എന്ന് പറയും.
എന്റെ വിശ്വാസം ശരിയാണെങ്കില്‍ ഈ സിനിമയില്‍ അങ്ങനെ ഓവര്‍ ആവുകയോ അല്ലെങ്കില്‍ താഴ്ന്നുപോകുകയോ ചെയ്തിട്ടില്ല. അത് അത്ര കറക്ടായിട്ട് അതില്‍ അഭിനയിച്ച എല്ലാവര്‍ക്കും സിനിമ കമ്യൂണിക്കേറ്റ് ആയതുകൊണ്ടാണ്,’ അലക്‌സാണ്ടര്‍ പറയുന്നു.
താന്‍ ലീഡ് ചെയ്യുന്ന ചിത്രമായതുകൊണ്ട് ഓവര്‍ ആകാതിരിക്കാന്‍ വേണ്ടി ശ്രമിച്ചിരുന്നെന്നും നായകന്‍മാര്‍ നന്നാകാത്തതുകൊണ്ട് വിജയിക്കാതെ പോയ സിനിമകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെയൊരു മുഖം ആകരുതെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: Since it was a film in which I played the lead, I was careful not to overdo it says Alexander Prasanth