1995ല്‍ പുറത്തിറങ്ങിയ സനം ഹര്‍ജയ് എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സിമ്രന്‍. പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് നടി പ്രശസ്തി നേടിയത്. 1990കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും സിനിമാരംഗത്ത് നിറഞ്ഞുനിന്ന സിമ്രാന്‍ തന്റെ കരിയര്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
ഇപ്പോള്‍ ചെന്നൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, തനിക്കുള്ള വേഷങ്ങള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ ബോളിവുഡിന് തന്നെ പറ്റി വലിയ ധാരണയുണ്ടാകാറില്ലെന്ന് സിമ്രന്‍ പറയുന്നു. തന്റെ അഭിനയത്തെക്കുറിച്ച് ആളുകള്‍ക്ക് ബോധ്യമില്ലെങ്കില്‍ ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സിമ്രാന്‍ കൂട്ടിച്ചേര്‍ത്തു.
‘നല്ല ഹൃദയമുള്ളവരെയും വളരെ വെല്‍ക്കമിങ്ങും ആയിട്ടുള്ള അധികം ആളുകളെ ഞാന്‍ ഹിന്ദിയില്‍ കണ്ടിട്ടില്ല. പക്ഷേ ഗുല്‍മോഹറിനൊപ്പമുള്ള അനുഭവം മനോഹരമായിരുന്നു. അത് വളരെ നല്ല ഒരു ടീമായിരുന്നു. അതുകൊണ്ട്, ഞങ്ങള്‍ക്ക് വളരെ നല്ല ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞു. ഏതാണ്ട് അതേ സമയത്ത്, ഞാന്‍ മറ്റൊരു പ്രോജക്റ്റ് ചെയ്തിരുന്നു. പക്ഷേ അവിടെ എനിക്ക് ഒട്ടും കണക്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.’
ബോളിവുഡില്‍ ഇപ്പോഴും തനിക്ക് ഒരു വേഷം യോജിക്കുമോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ ടെസ്റ്റ് റീലുകള്‍ അയയ്ക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും നടി പറയുന്നു.
‘ലുക്ക് ടെസ്റ്റുകള്‍ എനിക്ക് ഇഷ്ടമാണെങ്കിലും, ബോളിവുഡിലെ പലരും ഇപ്പോഴും ഒരു വേഷം എനിക്ക് അനുയോജ്യമാണോ എന്ന് കാണാന്‍ ടെസ്റ്റ് വീഡിയോകള്‍ അയയ്ക്കാന്‍ ആവശ്യപ്പെടാറുണ്ട്. സൗത്ത് ഇന്ത്യയില്‍ എനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ പത്തിലൊന്ന് തുകയ്ക്ക് ഞാന്‍ ഇവിടെ എന്റെ ജോലി ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് എന്നെ കുറിച്ച് അവര്‍ക്ക് ശരിയായി അറിയാമെങ്കില്‍ മാത്രമേ ഹിന്ദി പ്രോജക്ടുകള്‍ ഇനി ഞാന്‍ ചെയ്യുകയുള്ളൂ,’ സിമ്രന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Simran says that Bollywood doesn’t have a great understanding of her when it comes to roles she is offered