| Wednesday, 3rd June 2026, 8:47 pm

ടെസ്റ്റ് കളിക്കാത്തവന് എന്തിനാണ് ഒരു മില്യണ്‍; രൂക്ഷ വിമര്‍ശനവുമായി സൈമണ്‍ ഡൗള്‍

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ട് സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറെ വിമര്‍ശിച്ച് മുന്‍ ന്യൂസിലാന്‍ഡ് താരം സൈമണ്‍ ഡൂള്‍. 2026ലെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി പ്ലേഓഫ് മത്സരങ്ങള്‍ കളിക്കാന്‍ ആര്‍ച്ചര്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്ന് പിന്‍മാറിയിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആര്‍ച്ചര്‍ ഇല്ലാത്തതിലാണ് സൈമണ്‍ ഡൗള്‍ താരത്തെ വിമശിച്ചത്. ആര്‍ച്ചറിവ് ടെസ്റ്റ് കളിക്കാന്‍ താത്പര്യമില്ലെന്നാണ് മുന്‍ താരം പറഞ്ഞത്.

‘ഇത് പരിഹാസ്യമാണ്. തികച്ചും പരിഹാസ്യം. നിങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരത്തിന് അദ്ദേഹം ലഭ്യമല്ലാത്തപ്പോള്‍, നിങ്ങള്‍ എങ്ങനെയാണ് ഈ വ്യക്തിക്ക് പ്രതിവര്‍ഷം ഒരു മില്യണ്‍ വരെ നല്‍കുന്നത്? ഇത് തികച്ചും മണ്ടത്തരമാണ്.

അവസാനമായി ന്യൂസിലാന്‍ഡ് ഇവിടെ വന്നപ്പോള്‍ ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി എന്നിവര്‍ ഐ.പി.എല്ലില്‍ ഗെയിമുകള്‍ക്കിടയില്‍ റെഡ് ബോള്‍ കളിക്കാന്‍ പ്രാക്ടീസ് ചെയ്തു. അവര്‍ സമയമാകുമ്പോള്‍ അതിന് തയ്യാറായി.

എനിക്ക് തോന്നുന്നു ഐ.പി.എല്ലിന് ശേഷം, ആദ്യ ടെസ്റ്റിന് അഞ്ച് ദിവസം മുമ്പ് ഇവിടെ എത്തി. ആര്‍ച്ചര്‍ ഇതിനിടയില്‍ ആറോ ഏഴോ ഓവര്‍ പോലും എറിഞ്ഞിട്ടുണ്ടാകില്ല. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം അവന് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താത്പര്യമില്ല,’ സൈമണ്‍ ഡൗള്‍ സ്‌കൈ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ജൂണ്‍ നാലിനാണ് ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മൂന്നാം ടെസ്റ്റ് ജൂണ്‍ 25 മുതല്‍ 29 വരെ നടക്കും.

അതേസമയം ഇംഗ്ലണ്ടിന് വേണ്ടി റെഡ് ബോളില്‍ 18 മത്സരങ്ങള്‍ കളിച്ച ആര്‍ച്ചര്‍ 60 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 2026ലെ സീസണില്‍ മികച്ച പ്രകടനമാണ് ആര്‍ച്ചര്‍ പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

Content Highlight: Simon Doull Slams England Pacer Jofra Archer

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more