പരസ്യ സംവിധാനരംഗത്ത് രണ്ട് പതിറ്റാണ്ടിനടുത്തായി തിളങ്ങിനിന്നയാളാണ് പ്രകാശ് വര്‍മ. നിരവധി വമ്പന്‍ ബ്രാന്‍ഡുകളുടെ ഐക്കോണിക് പരസ്യങ്ങള്‍ അണിയിച്ചൊരുക്കിയത് പ്രകാശ് വര്‍മയായിരുന്നു. വോഡഫോണ്‍, ദുബായ് ടൂറിസം, കിറ്റ്കാറ്റ് തുടങ്ങിയവയുടെ പരസ്യചിത്രങ്ങള്‍ ഇന്നും പലരുടെയും ഫേവെറ്റാണ്.
ക്യാമറക്ക് മുന്നിലേക്ക് പ്രകാശ് വര്‍മ തന്റെ വരവറിയിച്ചിരുന്നു. കഴിഞ്ഞവര്‍ഷത്തെ വന്‍ വിജയങ്ങളിലൊന്നായ തുടരുമിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവന്നത്. ആദ്യചിത്രത്തില്‍ സാക്ഷാല്‍ മോഹന്‍ലാലിനെപ്പോലും ഞെട്ടിച്ച പ്രകടനമായിരുന്നു പ്രകാശ് വര്‍മ കാഴ്ചവെച്ചത്. ജോര്‍ജ്ജ് സാര്‍ എന്ന കഥാപാത്രം ഐക്കോണിക്കായി മാറി.
പ്രകാശ് വര്‍മ കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രം ലോ ആന്‍ഡ് ഓര്‍ഡര്‍ കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്ത ചിത്രം മോശം പ്രതികരണമാണ് ലഭിക്കുന്നത്. പഴഞ്ചന്‍ കഥയുടെ പഴകിയ അവതരണമെന്നാണ് ലോ ആന്‍ഡ് ഓര്‍ഡറിനെ പലരും വിശേഷിപ്പിക്കുന്നത്. കാരിക്കാമുറി ഷണ്മുഖന്‍ എന്ന ഐക്കോണിക് കഥാപാത്രമായി മമ്മൂട്ടി അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടും ലോ ആന്‍ഡ് ഓര്‍ഡറിന് രക്ഷയുണ്ടായിരുന്നില്ല.
ഇതിന് പിന്നാലെയാണ് പ്രകാശ് വര്‍മയുടെ ആക്ടിങ് കരിയറില്‍ ഷണ്മുഖന്‍ എന്ന പേരിനുള്ള പ്രാധാന്യം ചര്‍ച്ചയാകുന്നത്. ആദ്യചിത്രമായ തുടരുമില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് ഷണ്മുഖന്‍ എന്നായിരുന്നു. ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തു. എന്നാല്‍ രണ്ടാമത് മറ്റൊരു ഷണ്മുഖന്‍ വന്നപ്പോള്‍ വിജയം ആവര്‍ത്തിക്കാനായില്ല.
ബോക്‌സ് ഓഫീസിലെ വിജയത്തിനപ്പുറം സിനിമാപേജുകളിലെ ട്രോള്‍ മെറ്റീരിയലായി മാറിയിരിക്കുകയാണ് ലോ ആന്‍ഡ് ഓര്‍ഡര്‍. കേരളത്തില്‍ മയക്കുമരുന്നിനെതിരെ പോരാട്ടം നടത്തുന്ന ഡി.വൈ.എസ്.പി ബാലഗോപാല്‍ എന്ന കഥാപാത്രമായാണ് പ്രകാശ് വര്‍മ ലോ ആന്‍ഡ് ഓര്‍ഡറില്‍ വേഷമിടുന്നത്. വളരെ മോശം ക്യാരക്ടര്‍ ആര്‍ക്കാണ് പ്രകാശ് വര്‍മയുടേതെന്നാണ് വിമര്‍ശനം.
പരസ്യസംവിധാനരംഗത്ത് നിന്ന് അഭിനയത്തിലേക്ക് വന്ന പ്രകാശ് വര്‍മക്ക് ആദ്യ സിനിമയില്‍ കൈയടി ലഭിച്ചെന്നും എന്നാല്‍ രണ്ടാമത്തെ സിനിമയില്‍ തിരിച്ചടി നേരിടേണ്ടി വന്നെന്നുമാണ് പ്രധാന കമന്റുകള്‍. ഇന്‍ഡസ്ട്രി ഹിറ്റിന് പുറമെ ഇന്‍ഡസ്ട്രി ഡിസാസ്റ്ററും സ്വന്തം പേരിലുളള നടന്മാരിലൊരാളാണ് പ്രകാശ് വര്‍മയെന്നും കമന്റുകളുണ്ട്.
Content Highlight: Similarities of Prakash Varma’s character in Thudarum and Law and Order