ഒ.ടി.ടിയിലെത്തി രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴും സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച സര്‍വ്വം മായ തന്നെയാണ്. നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ ഒരുക്കിയ ചിത്രം തിയേറ്ററിലെന്ന പോലെ ഒ.ടി.ടിയിലും ഹിറ്റായി മാറി. ചിത്രത്തെക്കുറിച്ച് പലതരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
അത്തരമൊരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ ബേസിക് പ്ലോട്ട് സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം ശൈലിയിലുള്ളതാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. സ്വല്പം ഉടായിപ്പുമായോ അല്ലെങ്കില്‍ വീട്ടുകാരുമായി പിണങ്ങിയോ നടക്കുന്ന നായകന്‍ നായികയെ കണ്ടുമുട്ടുന്നതും പിന്നീട് നായികയുടെ ഉപദേശം കേട്ട് നായകന്‍ നന്നാകുന്നതുമാണ് ഈയടുത്ത് അന്തിക്കാട് യൂണിവേഴ്‌സില്‍ നിന്ന് വന്ന പല സിനിമകളുടെയും പ്രധാന പ്ലോട്ട്.
വിനോദയാത്ര, ഒരു ഇന്ത്യന്‍ പ്രണയകഥ, ഞാന്‍ പ്രകാശന്‍ Photo: Theatrical poster
വിനോദയാത്ര എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് ഈ പ്ലോട്ട് ആദ്യമായി ഉപയോഗിച്ചത്. പിന്നീട് ഒരു ഇന്ത്യന്‍ പ്രണയകഥ, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകളും ഇതേ കഥ തന്നെയാണ് പറഞ്ഞത്. മൂന്ന് സിനിമകളും സൂപ്പര്‍ഹിറ്റായിരുന്നു എന്നതാണ് ഏറ്റവും വലിയ ട്വിസ്റ്റ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രവും ഏതാണ്ട് ഇതേ പാറ്റേണാണെന്ന് പറയാനാകും.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ മേജര്‍ ഉണ്ണികൃഷ്ണന്‍ എല്ലാവരോടും ദേഷ്യത്തില്‍ പെരുമാറുന്ന ഒരാളാണ്. എന്നാല്‍ നീന എന്ന കഥാപാത്രത്തെ പരിചയപ്പെടുന്നത് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണ്. അയാള്‍ എല്ലാവരോടും സ്‌നേഹത്തില്‍ പെരുമാറുന്നതെല്ലാം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. മേജര്‍ ഉണ്ണികൃഷ്ണനായി സുരേഷ് ഗോപി എത്തിയപ്പോള്‍ ശോഭനയാണ് നീനയായി വേഷമിട്ടത്.
അനൂപിന്റെ സഹോദരന്റെ അഖിലിന്റെ ആദ്യ ചിത്രത്തിലും നായകന്‍ ക്ലൈമാക്‌സില്‍ നന്നാകുന്ന കഥ തന്നെയാണ് പറയുന്നത്. സ്വന്തം ആവശ്യത്തിന് വേണ്ടി വലിയൊരു റിസ്‌കെടുക്കുന്ന അത്ര വലിയ ഉത്തരവാദിത്തബോധമൊന്നുമില്ലാത്ത പ്രശാന്ത് ഹംസധ്വനിയെയും നിധിയെയും കണ്ടുമുട്ടിയതിന് ശേഷം നന്നാകുന്ന കഥയാണ് പാച്ചുവും അത്ഭുതവിളക്കും പറയുന്നത്.
സര്‍വ്വം മായയിലാകട്ടെ നായകനായ പ്രഭേന്ദു സ്വന്തം അച്ഛനോട് മിണ്ടിയിട്ട് ഒരുപാട് കാലമായി. ഒടുവില്‍ അച്ഛനോടുള്ള പിണക്കം മാറ്റാന്‍ കാരണമാകുന്നത് നായികയായ ഡെലൂലുവും. പ്രഭയുടെ ജീവിതത്തില്‍ ഡെലൂലു വരുത്തുന്ന മാറ്റങ്ങളാണ് സര്‍വ്വം മായയുടെ പ്രധാന തീം. ഒരേ പ്ലോട്ടാണെങ്കില്‍ കൂടി ഈ സിനിമകളൊന്നും പ്രേക്ഷകരെ മടുപ്പിക്കുന്നില്ല. സര്‍വ്വം മായയുടെ വിജയം അതിലെ അവസാന ഉദാഹരണമാണ്.
ഒരു കഥ എത്രതവണ പറഞ്ഞാലും മടുക്കില്ല എന്നത് സത്യന്‍ അന്തിക്കാട് യൂണിവേഴ്‌സിന്റെ പ്രത്യേകതയാണ്. പ്രേക്ഷകര്‍ക്ക് ഇത്തരം കഥകള്‍ മടുക്കാത്തിടത്തോളം ഈ കഥകളെല്ലാം സ്വീകാര്യമാകുമെന്നതില്‍ സംശയമില്ല.
Content Highlight: Similarities in Akhil Sathyan Anoop Sathyan and Sathyan Anthikkad’s movies