| Thursday, 21st May 2026, 11:09 am

ചരട് പൊട്ടിച്ച തോട്ടക്കുട്ടനും കാക്കി നഷ്ടപ്പെട്ട മുണ്ടൂര്‍ മാടനും; ചര്‍ച്ചയായി കഥാപാത്രങ്ങള്‍

അശ്വിന്‍ രാജേന്ദ്രന്‍

ഏറെ ആവേശത്തോടെ വമ്പന്‍ ഹൈപ്പിലും പ്രൊമോഷനിലും തിയേറ്ററുകളിലെത്തിയ ചിത്രമാണ് അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത് ബേസില്‍ ജോസഫും ടൊവിനോ തോമസും പ്രധാനവേഷത്തിലെത്തിയ അതിരടി. കോമഡി ആക്ഷന്‍ എന്റര്‍ടെയിനറായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ബേസില്‍ ആദ്യമായി നിര്‍മാണരംഗത്തേക്ക് ചുവടുവെച്ച ചിത്രം എന്ന പ്രത്യേകതയും അതിരടിക്കുണ്ടായിരുന്നു.

ബേസില്‍ അവതരിപ്പിച്ച സാബോയ് എന്ന കഥാപാത്രവും ടൊവിനോ അവതരിപ്പിച്ച തോട്ട കുട്ടന്‍ എന്ന കഥാപാത്രവും തമ്മിലുള്ള സംഘര്‍ഷമാണ് അതിരടിയിലെ കഥാപശ്ചാത്തലം. വിനീത് ശ്രീനിവാസനെ വെച്ച് കോളേജില്‍ ഫെസ്റ്റ് നടത്താന്‍ ശ്രമിക്കുന്ന സാം ബോയിയും എന്ത് വന്നാലും പരിപാടി നടത്തില്ലെന്ന് വാശി പിടിക്കുന്ന തോട്ടക്കുട്ടനും തമ്മിലുള്ള ഈഗോ ക്ലാഷാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. ആദ്യപകുതി മുതല്‍ ഇരുവരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ക്ലൈമാക്‌സോടെ അതിന്റെ പീക്കിലെത്തുന്നുണ്ട്.

അതിരടി. Photo: The Hindu

ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ ടൊവിനോയുടെ തോട്ടക്കുട്ടന് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും സിനിമയിലെ അയ്യപ്പന്‍ നായരുമായുള്ള ബന്ധത്തെക്കുറിച്ചാണ് സിനിമാ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. മലയാളത്തിലെ തന്നെ ഏറ്റവും മികച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളിലൊന്നായ അയ്യപ്പനും കോശിയും പൃഥ്വിരാജിന്റെയും ബിജു മോനോന്റെയും കരിയറിലെ തന്നെ മികച്ച പെര്‍ഫോമന്‍സിനായിരുന്നു സാക്ഷ്യം വഹിച്ചത്. അയ്യപ്പന്‍ നായരെന്ന പൊലീസ് ഉദ്യോഗസ്ഥനായി ബിജു മോനോന്‍ വേഷമിട്ടപ്പോള്‍ മറ്റൊരു തലത്തിലേക്ക് കഥാപാത്രത്തെ ഉയര്‍ത്താന്‍ താരത്തിന് സാധിച്ചിരുന്നു.

13 പേരെ കൊലപ്പെടുത്തിയ മുണ്ടൂര്‍ മാടനെന്ന അയ്യപ്പന്‍ നായരുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന മറ്റൊരു സ്വാഭാവത്തെ പൊലീസ് വേഷത്തിനുള്ളില്‍ തളച്ചിടുന്നതും പിന്നീട് കാക്കി നഷ്ടപ്പെടുമ്പോള്‍ പഴയ സ്വഭാവത്തിലേക്ക് അയ്യപ്പന്‍ നായര്‍ തിരിച്ചുപോകുന്നതും കാണാം. ചിത്രത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുന്ന ഒന്നായിരുന്നു ആരാണ് യഥാര്‍ത്ഥത്തില്‍ അയ്യപ്പന്‍ നായരെന്ന് വെളിപ്പെടുത്തുന്ന രംഗം. സമാനമായി അതിരടിയിലും ഇത്തരത്തിലൊരു രംഗം കാണാം.

നാട്ടിലെ കുപ്രസിദ്ധ ഗുണ്ടയും തോട്ടയെറിഞ്ഞ് അക്രമികളെ കീഴ്‌പെടുത്തുകയും ചെയ്യുന്ന തോട്ട കുട്ടന്‍ എന്ന ടൊവിനോയുടെ കഥാപാത്രം തന്റെ അക്രമജീവിതമെല്ലാം അവസാനിപ്പിച്ച് കൈയില്‍ ചരട് കെട്ടി സംഗീതത്തെ സ്‌നേഹിച്ച് സമാധാനപരമായി ജീവിക്കുന്നതായാണ് ചിത്രത്തില്‍ കാണിക്കുന്നത്. എന്നാല്‍ നാട്ടുകാരും കോളേജ് വിദ്യാര്‍ത്ഥികളും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ കുട്ടന് മര്‍ദനമേല്‍ക്കുകയും താന്‍ ജീവന് തുല്യം സ്‌നേഹിക്കുന്ന തന്റെ ഭാര്യയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ കുട്ടന്‍ പഴയ ജീവിതത്തിലേക്ക് മടങ്ങി പോകുന്നതും കാണാം. ഹോസ്പിറ്റലില്‍ വെച്ച് കൈയിലെ ചരടിന്റെ കെട്ട് പൊട്ടിക്കുന്നതോടെ ഈ ട്രാന്‍സ്‌ഫോര്‍മേഷന്‍ സാധ്യമാകുന്നുണ്ടെന്ന് കാണാം.

പിന്നീട് പൊലീസിനെ വരെ ഇടിച്ചിടുകയും താന്‍ വിചാരിച്ചത് നേടിയെടുക്കാന്‍ എന്ത് വേണമെങ്കിലും ചെയ്യാന്‍ മടിക്കുകയും ചെയ്യാത്ത കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. താന്‍ ചെയ്യുന്നതില്‍ ശരിയില്ലെന്നും അക്രമമാണെന്നും അറിഞ്ഞു കൊണ്ട് തന്നെയാണ് തോട്ട കുട്ടന്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്നറിയാമെങ്കിലും ടൊവിനോ അവതരിപ്പിച്ച കഥാപാത്രത്തോട് പ്രേക്ഷകരുടെ മനസില്‍ എവിടെയോ ഒരു ഇഷ്ടം സൃഷ്ടിക്കാന്‍ സംവിധായകന് സാധിക്കുന്നുണ്ട്.

അയ്യപ്പനും കോശിയും. Photo: X.com

അയ്യപ്പന്‍ നായര്‍ക്ക് കാക്കിയായിരുന്നെങ്കില്‍ ടൊവിനോയ്ക്ക് കൈയിലെ ചരടായിരുന്നു തന്നെ നിയന്ത്രിച്ച് നിര്‍ത്തിയ ശക്തി. രണ്ട് കഥാപാത്രങ്ങളും തമ്മില്‍ വലിയ അന്തരമുണ്ടെങ്കിലും ജെന്‍സി പ്രേക്ഷകരുടെ അയ്യപ്പന്‍ നായരാണ് തോട്ടകുട്ടനെന്ന് പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Similarities between Tovino Thomas’s character in Athiradi and Biju Menon’s character in Ayyappanum Koshiyum

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more