| Tuesday, 6th October 2026, 5:30 pm

ടോക്‌സിക്, പാരഡൈസ്, ജന നായകന്‍... ഫ്‌ളോപ്പിന് പുറമെ അധികമാരും ശ്രദ്ധിക്കാത്ത സാമ്യതയുണ്ടെന്ന് കണ്ടുപിടിച്ച് സിനമാപേജുകള്‍

അമര്‍നാഥ് എം.

മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ചിത്രങ്ങളാണ് ടോക്‌സിക്കും ജന നായകനും പാരഡൈസും. റിലീസിന് മുമ്പ് മൂന്ന് സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ നല്‍കിയ ഹൈപ്പിനോട് നീതി പുലര്‍ത്താന്‍ ചിത്രത്തിന് സാധിക്കാത്തതാണ് ബോക്‌സ് ഓഫീസില്‍ തിരിച്ചടിയായി മാറിയത്.

യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്‌സിക് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പരാജയമെന്ന മോശം നേട്ടമാണ് സ്വന്തമാക്കിയത്. തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ അവസാന ചിത്രമായ ജന നായകന്‍ മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ കളംവിട്ടു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പാരഡൈസിനും പരാജയം രുചിക്കാനായിരുന്നു വിധി.

ഫ്‌ളോപ്പായതിന് പുറമെ മൂന്ന് സിനിമകളും തമ്മിലുള്ള സാമ്യത കണ്ടുപിടിച്ചിരിക്കുകയാണ് സിനിമാലോകം. ബോക്‌സ് ഓഫീസില്‍ പരാജയമായ മൂന്ന് സിനിമകളും അതിലെ നായകന്മാരുടെ ഏറ്റവും ഹൈപ്പുള്ള സിനിമകളായിരുന്നു. എന്നാല്‍ ഹൈപ്പിനോട് നീതി പുലര്‍ത്താന്‍ മൂന്ന് സിനിമകള്‍ക്കും സാധിച്ചില്ല. ഇതിന് പുറമെ മൂന്ന് സിനിമകളും പറഞ്ഞ സമയത്ത് റിലീസായതുമില്ലെന്നതും ശ്രദ്ധേയമാണ്.

കെ.ജി.എഫ് 2ന് ശേഷം മൂന്ന് വര്‍ഷത്തോളമായിരുന്നു യഷ് ടോക്‌സിക്കിനായി മാറ്റിവെച്ചത്. രണ്ടര വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടും അമിതമായ ബജറ്റും ചിത്രത്തിന് തിരിച്ചടിയായി. ഈ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം അവസാന നിമിഷം റിലീസ് മാറ്റി. രണ്ട് റിലീസ് ഡേറ്റ് മാറ്റിയ ശേഷം ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തിയ ചിത്രം വന്നതിനെക്കാള്‍ വേഗത്തില്‍ വാഷൗട്ടായി. 350 കോടിയുടെ നഷ്ടമാണ് ടോക്‌സിക് നിര്‍മാതാക്കള്‍ക്ക് നല്‍കിയത്.

വിജയ്‌യുടെ അവസാന ചിത്രമായ ജന നായകന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്നറിയിച്ച ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകള്‍ കാരണം വൈകുകയായിരുന്നു. തമിഴക വെട്രി കഴകം എന്ന തന്റെ പാര്‍ട്ടിയുട പ്രചരണ ആയുധമായി മാറിയ ജന നായകന്‍ 300 കോടി നേടിയത് വലിയ അത്ഭുതമായിരുന്നു. പ്രേക്ഷകരെ ഒരുതരത്തിലും എന്‍ഗേജ് ചെയ്യിക്കാത്ത ചിത്രമായി ജന നായകന്‍ മാറി.

മാസ് ആക്ഷന്‍ ഹീറോയിലേക്കുള്ള നാനിയുടെ ആദ്യ ചുവടുവെപ്പായിരുന്നു പാരഡൈസ്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തിരുത്തിയെഴുതിയെന്നെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മാര്‍ച്ച് 29ന് റിലീസാകുമെന്നറിയിച്ച ചിത്രം പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. സംവിധായകനും നിര്‍മാതാക്കളും നാനിയും തമ്മില്‍ പ്രശ്‌നമായെന്നടക്കം അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി.

പ്രൊമോയിലും ട്രെയ്‌ലറിലും വമ്പന്‍ സിനിമയാണെന്ന പ്രതീതി നല്‍കി പ്രേക്ഷകരെ കബളിപ്പിക്കാന്‍ ശ്രമിച്ച സിനിമകളാണ് ഇത് മൂന്നുമെന്നും എന്നാല്‍ പ്രേക്ഷകര്‍ ബുദ്ധിപൂര്‍വം ഈ മൂന്ന് സിനിമകളെയും കൈവിട്ടതും എടുത്തുപറയണം.

Content Highlight: Similarities between the flop verdict  of Paradise Toxic and Jana Nayagan movies

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more