കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഒട്ടനവധി അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചുകൊണ്ടായിരുന്നു ഉണ്ണികൃഷ്ണന്‍.ബി സംവിധാനം ചെയ്ത പ്രതിഛായ തിയേറ്ററുകളിലേക്കെത്തിയത്. കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ചിത്രത്തിലെ ബാലചന്ദ്ര മേനോന്‍ അവതരിപ്പിച്ച കഥാപാത്രവുമായി ബന്ധമുണ്ടെന്നതായിരുന്നു ചര്‍ച്ചകള്‍ക്ക് കാരണം. റിലീസിന് മുമ്പ് പുറത്തുവന്ന, നെറ്റിയില്‍ ബാന്‍ഡേജിട്ട് നില്‍ക്കുന്ന കഥാപാത്രത്തിന്റെ ചിത്രവും ഉമ്മന്‍ ചാണ്ടിയുടെ കല്ലറക്ക് മേല്‍ എഴുതിയ അതേ വാക്യങ്ങള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതും ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി.
പ്രതിഛായ. Photo: X.com
പ്രേക്ഷകരുടെ വാദങ്ങളെ ശരിവെക്കുന്ന തരത്തില്‍ തന്നെയായിരുന്നു ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍ കെ.എന്‍ വര്‍ഗീസെന്ന കഥാപാത്രത്തെ ഉപയോഗിച്ചിരുന്നത്. 2016 ന് മുമ്പുളള കേരള രാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങളായ ബാര്‍ കോഴയും സെക്രട്ടറിയേറ്റ് വളയലും സോളാര്‍ കേസിന് സമാനമായി മുഖ്യമന്ത്രിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയുമെല്ലാം ചിത്രത്തില്‍ പലയിടങ്ങളിലായി പരാമര്‍ശിക്കുന്നുണ്ട്.
ചിത്രത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരുടെ കുതികാല്‍വെട്ടിന്റയും കോര്‍പ്പറേറ്റ് ഭീമന്മാരുടെ ഗൂഢാലോചനയുടെയും ഭാഗമായി പ്രതിസന്ധിയിലാകുന്ന ചിത്രത്തിലെ കെ.എന്‍ വര്‍ഗീസ് എന്ന കഥാപാത്രം മട്ടിലും ഭാവത്തിലും ഉമ്മന്‍ ചാണ്ടിയുടെ തനിപകര്‍പ്പാണ്. കേവലം രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരം കൈയാളുന്ന മന്ത്രിസഭയുടെ തലവനായാണ് കെ.എന്‍ വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും തന്നെ വലിയ ഭീഷണി ഇദ്ദേഹത്തിന് നേരിടേണ്ടി വരുന്നത് ചിത്രത്തില്‍ കാണാം.
ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലെ പ്രധാനപ്പെട്ട സംഭവങ്ങളായ ബാര്‍ കോഴ വിവാദവും തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് സംസ്ഥാനത്തെ ബാറുകളെല്ലാം അടച്ചിടാന്‍ ഉത്തരവിടുന്നതുമെല്ലാം ചിത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാമായ ജനസമ്പര്‍ക്ക പരിപാടിയെ ബഹുജന സമ്പര്‍ക്കമെന്ന പേരില്‍ ചിത്രത്തില്‍ സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. സാധുജനങ്ങളോടുള്ള ഉമ്മന്‍ ചാണ്ടിയുടെ പെരുമാറ്റവും സഹായമഭ്യര്‍ത്ഥിച്ച് വരുന്നവരെ സഹായിക്കുന്ന രംഗങ്ങളുമെല്ലാം പ്രതിഛായയില്‍ കാണാന്‍ സാധിക്കും.
അതേസമയം രാഷ്ട്രീയത്തില്‍ താന്‍ ഒട്ടനവധി നെറികേടുകള്‍ കാണിച്ചിട്ടുണ്ടെന്നും നൂറ് തെറ്റുകള്‍ ചെയ്യുന്നതോടൊപ്പം നൂറ് ശരികളും താന്‍ ചെയ്യാറുണ്ടെന്നുമുള്ള ഡയലോഗുകളിലൂടെ കഥാപാത്രത്തെ പൂര്‍ണമായും വെള്ള പൂശാതിരിക്കാനും സംവിധായകന്‍ ശ്രദ്ധിക്കുന്നുണ്ട്. ചിത്രത്തില്‍ പല ഭാഗത്തും ഇത്തരത്തിലുള്ള സംഭാഷണങ്ങള്‍ പ്രകടമാണ്. സ്‌നേഹവും നന്ദിയും കാണിക്കാനുള്ളിടത്ത് കാണിക്കണമെന്നും പക തീര്‍ക്കാനുള്ളത് തീര്‍ക്കണമെന്നുമുള്ള തരത്തിലുള്ള സംഭാഷണങ്ങളും ഇതിന് ഉദാഹരണമാണ്. കോഴ വാങ്ങാത്തവനും അഴിമതി കാണിക്കാത്തവനുമായ ആളല്ല കെ.എന്‍ വര്‍ഗീസെന്ന തരത്തില്‍ കഥാപാത്രത്തെ ചിത്രീകരിക്കുന്നത് സംവിധായകന്റെ രാഷ്ട്രീയ ഉദ്ദേശങ്ങള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനുള്ള ഉള്‍പെടുത്തലായി കണക്കാക്കാം.
Photo: AB George/ X.com
ആദ്യപകുതി കേരള രാഷ്ട്രീയ ചരിത്രത്തില്‍ കണ്ടുപരിചയിച്ചിട്ടുള്ള സംഭവമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാകുമ്പോള്‍ രണ്ടാം പകുതിയില്‍ സംവിധായകന്റെ ഭാവനകള്‍ക്കനുസരിച്ചാണ് കഥ സഞ്ചരിക്കുന്നത്. കേവലം പൊളിറ്റിക്കല്‍ ചിത്രമെന്നതിലുപരി തന്റെ പിതാവിന്റെ പ്രതിഛായ സംരക്ഷിക്കുന്നതിനായി നിവിന്റെ കഥാപാത്രം ജോണ്‍ വര്‍ഗീസ് ചെയ്യുന്ന കാര്യങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇരുവരും തമ്മിലുള്ള ഇമോഷനും ചിത്രത്തില്‍ മികച്ച രീതിയില്‍ വര്‍ക്കായിട്ടുണ്ടെന്ന് പറയാം.
Content Highlight: Similarities between oommen chandy and Prathichaya Movie Character K.N Varghese