മോളിവുഡിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഓണം റിലീസായെത്തിയ ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. വമ്പന്‍ റിലീസുകള്‍ക്കിടയിലും കേരളത്തില്‍ നിന്ന് മാത്രം 120 കോടിയോളം ചിത്രം നേടിക്കഴിഞ്ഞു.
അങ്കമാലി കറുകുറ്റിയിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങളുമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ കഥ. നിവിന്‍ പോളി അവതരിപ്പിക്കുന്ന ജസ്റ്റിന്‍ എന്ന കഥാപാത്രത്തോട് മമിതയുടെ ആഷ്‌ലിക്ക് പ്രണയം തോന്നുന്നതും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റ്. ഏജ് ഗ്യാപ് റൊമാന്‍സിനെ വളരെ മനോഹരമായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു.
നിവിന്‍- മമിത കോമ്പോ ഇതിനോടകം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ബെത്‌ലഹേം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ഇതേ കഥയില്‍ വന്ന മറ്റൊരു മലയാള സിനിമയെ ചര്‍ച്ചയാക്കിയിരിക്കുകയാണ് സിനിമാപേജുകള്‍. മമ്മൂട്ടി- ശോഭന കൂട്ടുകെട്ടിലൊരുങ്ങിയ കാണാമറയത്ത് എന്ന ചിത്രത്തിന്റെ കഥ ഏറെക്കുറെ സിമിലറാണെന്ന് ചിലര്‍ കണ്ടെത്തിയിരിക്കുകയാണ്.
ഐ.വി. ശശിയുടെ സംവിധാനത്തില്‍ 1981ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാണാമറയത്ത്. ഡാഡി ലോങ് ലെഗ്‌സ് എന്ന നോവലിനെ ആസ്പദമാക്കി പദ്മരാജനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഷേര്‍ളി എന്ന അനാഥ പെണ്‍കുട്ടിക്ക് തന്റെ സ്‌പോണ്‍സറായ റോയ്‌യോട് പ്രണയം തോന്നുന്നതാണ് ചിത്രത്തിന്റെ കഥ.
റോയ്‌യായി മമ്മൂട്ടിയും ഷേര്‍ളിയായി ശോഭനയും വേഷമിടുന്നു. തന്നെക്കാള്‍ ഒരുപാട് പ്രായക്കുറവുള്ള ഷേര്‍ളിയോട് റോയ്ക്ക് തിരിച്ചും പ്രണയം തോന്നുന്നതും പിന്നീട് നടക്കുന്ന കാര്യങ്ങളും ഇമോഷണല്‍ ഡ്രാമയായാണ് ഒരുക്കിയിട്ടുള്ളത്. ബെത്‌ലഹേമില്‍ ആഷ്‌ലിയെ രഹസ്യമായി സ്‌നേഹിക്കുന്ന ഗ്ലിക്‌സണെപ്പോലെ ഒരു കഥാപാത്രം കാണാമറയത്തിലുമുണ്ട്. ഷേര്‍ളിയെ പ്രണയിക്കുന്ന ബേബിയായി വേഷമിട്ടത് റഹ്‌മാനാണ്.
കന്യാസ്ത്രീ റോളില്‍ കവിയൂര്‍ പൊന്നമ്മയാണ് കാണാമറയത്തില്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ ബെത്‌ലഹേമില്‍ ആ റോള്‍ ബിന്ദു പണിക്കര്‍ക്കാണ്. നായകനെയും നായികയെയും കണക്ട് ചെയ്യിക്കുന്നത് സംഗീതമാണ് എന്നതും പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. രണ്ട് സിനിമകളിലും നായികയെ വിദേശത്തേക്ക് അയക്കാന്‍ ശ്രമിക്കുന്നുണ്ട്.
രണ്ട് സിനിമയെയും മിക്‌സ് ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 45 വര്‍ഷം മുമ്പ് റിലീസായ ചിത്രം ഇപ്പോഴും ചര്‍ച്ചയാവുകയാണ്. ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്ന ‘ഒരു മധുരക്കിനാവിന്‍’ എന്ന ഹിറ്റ് ഗാനം കാണാമറയത്തിലേതാണ്.
Content Highlight: Similarities between Mammootty’s old movie and Bethlehem Kudumba Unit viral