| Wednesday, 29th July 2026, 9:35 pm

അന്ന് മമ്മൂട്ടി, ഇന്ന് ടോം ക്രൂസ്... സ്വന്തം പ്രായത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മേക്കപ്പ് ഇടേണ്ട അവസ്ഥ ഇവര്‍ക്ക് മാത്രം

അമര്‍നാഥ് എം.

ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍, ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ എന്നീ വിശേഷണങ്ങള്‍ തങ്ങളുടെ ഇഷ്ടനടന്മാര്‍ക്ക് ആരാധകര്‍ നല്‍കാറുണ്ട്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും ഗ്ലോബല്‍ സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസുമാണ് ഈ വിശേഷണങ്ങള്‍ ഏറ്റവും കൂടുതല്‍ തവണ കേട്ടിട്ടുള്ള നടന്മാര്‍. 74ാം വയസിലും തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടിയും 64ാം വയസിലും 25കാരന്റെ മെയ്‌വഴക്കത്തോടെ അമ്പരപ്പിക്കുന്ന ടോം ക്രൂസും തമ്മിലുള്ള സാമ്യതയാണ് ഇപ്പോള്‍ സിനിമാപേജുകളിലെ ചര്‍ച്ച.

ടോം ക്രൂസിന്റെ ഏറ്റവും പുതിയ ചിത്രമായ ഡിഗ്ഗറില്‍ താരത്തിന്റെ ലുക്ക് ആരാധകരെ ഞെട്ടിച്ചു. അലജാന്‍ഡ്രേ ഇനാരിറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വളരെ പ്രായമുള്ള കഥാപാത്രത്തെയാണ് ടോം ക്രൂസ് അവതരിപ്പിക്കുന്നത്. 64 വയസുള്ള ടോം ക്രൂസിനെ 65 വയസുള്ള ഡിഗ്ഗര്‍ റോക്ക്‌വെല്ലായി അവതരിപ്പിക്കാന്‍ അദ്ദേഹത്തെ മേക്കപ്പ് ചെയ്താണ് അവതരിപ്പിച്ചത്.

സ്വന്തം പ്രായത്തെക്കാള്‍ ഒരു വയസ് കൂടുതലുള്ള കഥാപാത്രമാകാന്‍ ഇങ്ങനെ മേക്കപ്പ് ചെയ്യേണ്ടി വന്ന ടോം ക്രൂസാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ടോം ക്രൂസിന്റെ യഥാര്‍ത്ഥ ലുക്കും ഡിഗ്ഗറിലെ ലുക്കും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റ് പലരെയും അമ്പരപ്പിക്കുന്നുണ്ട്. എന്നാല്‍ ടോം ക്രൂസിനും മുമ്പ് മമ്മൂട്ടിക്ക് ഇതുപോലൊരു അവസ്ഥ വന്നിട്ടുണ്ടെന്നാണ് ചിലര്‍ കണ്ടുപിടിച്ചത്.

2015ല്‍ പുറത്തിറങ്ങിയ പത്തേമാരിയില്‍ മമ്മൂട്ടി പ്രായമായ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നാരായണന്‍ എന്ന പ്രവാസിയുടെ ജീവിതത്തിലൂടെ സഞ്ചരിച്ച ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രായമായ ഗെറ്റപ്പും ചര്‍ച്ചയായി. അന്ന് 64 വയസുള്ള മമ്മൂട്ടിക്ക് 60കാരനായി വേഷമിടാന്‍ മേക്കപ്പ് ആവശ്യമായി വന്നിരുന്നു. മമ്മൂട്ടിക്കും ടോം ക്രൂസിനും തങ്ങളുടെ അഭിനയജീവിതത്തില്‍ നേരിടേണ്ടിവന്ന സാമ്യതയാണ് ഇപ്പോള്‍ ചര്‍ച്ച.

ടോം ക്രൂസിനെക്കുറിച്ചുള്ള പോസ്റ്റിന് താഴെ മമ്മൂട്ടിയുടെ ചിത്രം ചിലര്‍ കമന്റായി പങ്കുവെക്കുന്നുണ്ട്. ഹോളിവുഡിന് ടോം ക്രൂസാണെങ്കില്‍ മോളിവുഡിന് മമ്മൂട്ടിയാണെന്നാണ് ചിലരുടെ കമന്റുകള്‍. പത്തേമാരി മമ്മൂട്ടി എന്ന നടന്റെ ഫിലിമോഗ്രഫിയില്‍ മികച്ച ചിത്രമായി മാറിയതുപോലെ ഡിഗ്ഗര്‍ ടോം ക്രൂസിലെ നടനെ അടയാളപ്പെടുത്തുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഈ വര്‍ഷം പലരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഡിഗ്ഗര്‍. ലോകം നശിക്കുന്നതിന് മുമ്പ് അത് തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ കഥയാണ് ഡിഗ്ഗറിന്റേതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ടോം ക്രൂസിന്റെ കഥാപാത്രത്തെ കാണാന്‍ ഡൊണാള്‍ഡ് ട്രംപിനെപ്പോലെയുണ്ടെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

Content Highlight: Similarities between Mammootty and Tom cruise in their career

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more