| Friday, 28th November 2025, 10:26 pm

എല്ലാര്‍ക്കും ഈയൊരു പോസ് മാത്രമേയുള്ളോ, ഐ ആം ഗെയിമിന് പിന്നാലെ സൂപ്പര്‍താരങ്ങളുടെ പോസ്റ്റര്‍ സാമ്യത കണ്ടുപിടിച്ച് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഐ ആം ഗെയിമിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചോര പുരണ്ട കൈയില്‍ തോക്കും പിടിച്ചു നില്‍ക്കുന്ന ദുല്‍ഖറിനെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ഈയടുത്ത് വന്നതില്‍ ഗംഭീര ഫസ്റ്റ് ലുക്കെന്നാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു.

എന്നാല്‍ പോസ്റ്ററിലെ ദുല്‍ഖറിന്റെ പോസാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കൈ മടക്കി മുഖത്തിന്റെ ചെറിയൊരു ഭാഗം മറച്ചുപിടിക്കുന്ന ദുല്‍ഖറിന്റെ പോസ് കോപ്പിയടിയാണെന്ന് ചിലര്‍ ആരോപിക്കുന്നു. പൃഥ്വിരാജ് നായകനായെത്തുന്ന ഖലീഫയുടെ ഫസ്റ്റ് ലുക്കും ഇതേ പോസിലാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

I’m game/ Dulquer salmaan X page

എന്നാല്‍ ദുല്‍ഖറും പൃഥ്വിരാജുമല്ല ഈ പോസ് തുടങ്ങി വെച്ചതെന്നും മോഹന്‍ലാലിന് ശേഷമാണ് മറ്റുള്ളവര്‍ ഈ പോസ് അനുകരിച്ചതെന്നും ചില പോസ്റ്റുകളുണ്ട്. എമ്പുരാനില്‍ മോഹന്‍ലാല്‍ ഇതേ പോസില്‍ നില്‍ക്കുന്ന പോസ്റ്റര്‍ ഇതിനോടകം വൈറലായി. മോഹന്‍ലാലിനെയാണ് ഇന്‍ഡസ്ട്രിയിലെ മറ്റ് നടന്മാര്‍ അനുകരിക്കുന്നതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ പോസ്റ്ററില്‍ മാത്രമേ ഈ സാമ്യത കാണാനാകുള്ളൂവെന്നും കഥ വ്യത്യസ്തമായിരിക്കുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഇതേ പോസിലുള്ള ചില കുട്ടികളുടെ ചിത്രങ്ങളും ഇതിനിടെ വൈറലായി. ‘കോപ്പിയടി ആരംഭിച്ചത് ഇവിടെ നിന്നാണ്’ എന്നൊക്കായാണ് ഇത്തരം പോസ്റ്റുകളുടെ ക്യാപ്ഷനുകള്‍. ഈ മൂന്ന് പേരില്‍ ആരാണ് ഏറ്റവും മാസ് എന്നും ചോദ്യങ്ങളുയരുന്നുണ്ട്.

Empuraan/ Facebook/ Prithviraj Sukumaran

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന മലയാളചിത്രമാണ് ഐ ആം ഗെയിം. കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ദുല്‍ഖര്‍ കൂടുതലായും അന്യഭാഷയില്‍ ശ്രദ്ധ നല്‍കുകയായിരുന്നു. ഇതിനിടെ ദുല്‍ഖര്‍ നിര്‍മിച്ച ലോകഃ ഇന്‍ഡസ്ട്രി ഹിറ്റാവുകയും ബോക്‌സ് ഓഫീസില്‍ 300 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ചെയ്തു.

ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം അവസാനഘട്ട ഷൂട്ടിലാണ്. കൊച്ചി, ചെന്നൈ, ഹൈദരബാദ്, ദുബായ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട്. ആന്റണി വര്‍ഗീസ് പെപ്പെ, മിഷ്‌കന്‍, കതിര്‍, സാന്‍ഡി മാസ്റ്റര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2026 സമ്മര്‍ റിലീസായി ഐ ആം ഗെയിം തിയേറ്ററുകളിലെത്തും.

Content Highlight: Similarities between I’m game ang Khalifa movie poster viral

We use cookies to give you the best possible experience. Learn more