മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ റീച്ച് സ്വന്തമാക്കിയ താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. മികച്ച സിനിമകള്‍ തെരഞ്ഞെടുത്തുകൊണ്ട് തന്നിലെ നടനെയും താരത്തെയും ഒരുപോലെ തേച്ചുമിനുക്കിക്കൊണ്ടാണ് പൃഥ്വി മുന്നോട്ടുപോകുന്നത്. സ്വന്തം പ്രയത്‌നത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ സ്വന്തമായൊരു സ്ഥാനം പൃഥ്വി നേടിയിട്ടുണ്ട്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഐ, നോബഡി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം റിലീസിന് മുമ്പ് വലിയ ഹൈപ്പ് സൃഷ്ടിച്ചിരുന്നു. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ഐ, നോബഡി സ്വന്തമാക്കുന്നത്. അതിഗംഭീരമായ ആദ്യപകുതിയുടെ ഇംപാക്ട് കളഞ്ഞുകുളിച്ച രണ്ടാം പകുതിയാണ് ഐ, നോബഡിക്ക് തിരിച്ചടിയായത്.
ഐ, നോബഡി Photo: Theatrical Poster
രാജീവന്‍ എന്ന സാധാരണക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒരു ദിവസം അപ്രതീക്ഷിതമായി ഒരു വലിയ ബാങ്ക് കൊള്ളയുടെ ഭാഗമാകേണ്ടി വരുന്നതും അത് അയാളുടെ ജീവിതം മാറ്റിമറിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. എന്നാല്‍ ഐ, നോബഡിയുടെ കഥക്ക് പൃഥ്വിയുടെ മുന്‍ ചിത്രമായ ഗോള്‍ഡുമായി നല്ല സാമ്യതയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഗോള്‍ഡില്‍ ജോഷി എന്ന സാധാരണക്കാരനായ യുവാവിന് ഒരു വണ്ടി നിറയെ സ്വര്‍ണം കിട്ടുന്നതാണ് കഥ. ഐ, നോബഡിയിലാകട്ടെ, ബാങ്കിലെ മോഷണമുതല്‍ ലഭിക്കുന്നതായാണ് കാണിക്കുന്നത്. ഗോള്‍ഡില്‍ സ്വര്‍ണത്തിന്റെ ഉടമകള്‍ അയക്കുന്ന ഗുണ്ടകള്‍ ജോഷിയുടെ പിന്നാലെ എത്തുമ്പോള്‍ നോബഡിയില്‍ രാജീവന്റെ പിന്നാലെ ഒരു പട തന്നെ ഇളകി വരുന്നുണ്ട്.
ഗോള്‍ഡ് Photo: Prime Video
പെട്ടെന്ന് ദേഷ്യം വരുന്നവരാണ് ജോഷിയും രാജീവനും എന്നതും സാമ്യത കൂട്ടുന്നു. ഗോള്‍ഡിലേത് പോലെ ഐ, നോബഡിയിലും പൊലീസ് സേന അധികം പണിയെടുക്കുന്നതായി കാണിക്കുന്നില്ല. ഗോള്‍ഡിന്റെ ക്ലൈമാക്‌സില്‍ സാധാരണക്കാരനായ നായകന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ശ്രദ്ധ വരെ നേടുന്നുണ്ട്. ഐ, നോബഡിയില്‍ സാധാരണക്കാരനായ രാജീവന്‍ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ മുഖ്യമന്ത്രിയുമായി സംഭാഷണം നടത്തുന്നുണ്ട്.
ഇതൊന്നും പോരാതെ മറ്റൊരു സിമിലാരിറ്റി കൂടിയുണ്ട്. നേരം, പ്രേമം എന്നിവക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ മൂന്നാമത്തെ സിനിമയായിരുന്നു ഗോള്‍ഡ്. കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് എന്നീ സിനിമകളൊരുക്കിയ നിസാം ബഷീറിന്റെ മൂന്നാമത്തെ ചിത്രമാണ് ഐ, നോബഡി. സമീപകാലത്ത് ഇത്രയും സാമ്യതയുള്ള സിനിമകള്‍ കണ്ടിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Similarities between Gold and I Nobody movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ