32 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ്. പദയാത്ര എന്നാണ് ചിത്രത്തിന്റെ പേര്. സമീപകാലത്ത് പുറത്തുവന്ന പോസ്റ്ററുകളില്‍ നിന്ന് വ്യത്യസ്തമായ ഒന്നായിരുന്നു പദയാത്രയുടെ ടൈറ്റില്‍ പോസ്റ്റര്‍.
സിമ്പിള്‍ ഫോണ്ടില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററില്‍ പദയാത്ര എന്ന പേരിന് താഴെ ഒരാള്‍ നടന്നുപോകുന്ന ഇമേജ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഇമേജാണ് ഇപ്പോള്‍ ചിലര്‍ ട്രോള്‍ രൂപത്തില്‍ ഉപയോഗിച്ചത്. പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ലോണ്‍ പെന്‍ഗ്വിന്‍ ജിഫ് പലരും ഓര്‍ത്തെടുത്തു. അന്റാര്‍ട്ടിക്കയില്‍ ഒറ്റക്ക് മഞ്ഞിലൂടെ നടക്കുന്ന പെന്‍ഗ്വിന്റെ ജിഫ് ഇമേജ് പലരും പങ്കുവെക്കുന്നുണ്ട്.
എന്നാല്‍ അതിനെക്കാള്‍ വൈറലായത് മറ്റൊരു സാമ്യതയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായ ബിഗ് ബിയിലെ ക്ലൈമാക്‌സ് രംഗമാണ് പോസ്റ്ററിന് ആധാരമെന്ന് ചിലര്‍ കണ്ടുപിടിച്ചു. സായിപ്പ് ടോണിയുടെ അടുത്തേക്ക് നടന്നുവരുന്ന ബിലാലിന്റെ ഹൈ ആംഗിള്‍ ഷോട്ടാണ് ഇതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
സായിപ്പ് ടോണിയുടെ അടുത്തേക്ക് നടന്നുപോകുന്നതിനിടയില്‍ ബിലാല്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളാകും പദയാത്രയുടെ കഥയെന്നും പറഞ്ഞുകൊണ്ട് ചിലര്‍ ട്രോള്‍ രൂപത്തിലുള്ള പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. ബിഗ് ബിയിലെ ഹിറ്റ് ഡയലോഗായ ‘അള്ളാ ബിലാലിക്ക’ എന്ന ക്യാപ്ഷനോടെ ചിലര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നുണ്ട്.
ഈ വര്‍ഷം മമ്മൂട്ടി ആദ്യമായി ചെയ്യുന്ന ചിത്രമാണ് പദയാത്ര. മമ്മൂട്ടിക്കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം. അടൂര്‍ ഗോപാലകൃഷ്ണനും കെ.വി. മോഹന്‍കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ഭ്രമയുഗം, ഡീയസ് ഈറേ എന്നീ ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ച ഷഹ്നാദ് ജലാലാണ് പദയാത്രയുടെ ഛായാഗ്രഹണം. മുജീബ് മജീദാണ് ചിത്രത്തിന്റെ സംഗീതം.
ചിത്രത്തിലെ നായികയായി നയന്‍താര എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചുകാലമായി മലയാളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അനു സിതാര പദയാത്രയിലൂടെ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ഫെബ്രുവരി പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷം ഐക്കോണിക് കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്.
Content Highlight: Similarities between Big B movie scene and Padayathra poster viral