| Saturday, 11th July 2026, 8:31 pm

പാലക്കാട്ടേക്ക് പറിച്ചുനട്ട കമ്മട്ടിപ്പാടം, ഇതേ കഥ തന്നെ അനന്തന്‍ കാടും... ഒ.ടി.ടി റിലീസില്‍ ചര്‍ച്ചയായി ബള്‍ട്ടി

അമര്‍നാഥ് എം.

ഗ്യാങ് വാര്‍, ഗുണ്ടാലോകം സെറ്റപ്പിന്റെ കഥ പറയുന്ന സിനിമകള്‍ക്ക് പ്രത്യേക ആരാധകരുണ്ട്. ബോളിവുഡില്‍ ഗ്യാങ്‌സ് ഓഫ് വസേപൂര്‍, തമിഴില്‍ സുബ്രഹ്‌മണ്യപുരം തുടങ്ങിയ സിനിമകള്‍ ഈ ഫോര്‍മാറ്റിലുള്ളവയാണ്. ഇതേ ഴോണറില്‍ മലയാളത്തിലും ചില സിനിമകള്‍ പുറത്തുവന്നിട്ടുണ്ട്. രാജീവ് രവി അണിയിച്ചൊരുക്കിയ കമ്മട്ടിപ്പാടമാണ് ഈ ഴോണറിലെ എടുത്തുപറയേണ്ട ചിത്രം.

ഒരു നഗരത്തിലെ പ്രബലനായ നേതാവിന് വേണ്ടി ഗുണ്ടാപ്പണി ചെയ്യുന്ന ഒരുകൂട്ടം യുവാക്കള്‍, കഥയുടെ ഒരു ഘട്ടത്തില്‍ നേതാവിനെതിരെ ഈ സംഘം തിരിയുന്നു. പിന്നീട് യുവാക്കളെ നേതാവ് കൊല്ലുന്നു. അവസാനം നേതാവിനെ ആ കൂട്ടത്തിലെ നായകന്‍ വകവരുത്തുന്നു. ഇത്തരം സിനിമകളുടെ ബേസിക് ടെംപ്ലേറ്റ് ഇതാണ്. എറണാകുളമെന്ന പൊക്കാളിപ്പാടം എങ്ങനെ ഇന്ന് കാണുന്ന മഹാനഗരമായി മാറി എന്നതിന്റെ ചരിത്രം വരച്ചിട്ടതുകൊണ്ടാണ് കമ്മട്ടിപ്പാടം ഇന്നും സിനിമാപ്രേമികളുടെ ഫേവറെറ്റായി നില്‍ക്കുന്നത്.

എന്നാല്‍ കമ്മട്ടിപ്പാടത്തിന്റെ ചില വികലമായ അനുകരണങ്ങള്‍ മലയാളസിനിമയില്‍ നിരനിരയായി വന്നുകൊണ്ടിരിക്കുകയാണ്. അതിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് ബള്‍ട്ടി. കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ ബള്‍ട്ടി അടുത്തിടെയാണ് ഒ.ടി.ടിയിലെത്തിയത്. പാലക്കാട്- തമിഴ്‌നാട് ബോര്‍ഡറിലെ വേലംപാളയം എന്ന ഗ്രാമത്തിലാണ് ബള്‍ട്ടിയുടെ കഥ നടക്കുന്നത്.

വേലംപാളയം ഗ്രാമത്തില്‍ കബഡിയും അല്ലറ ചില്ലറ ബിസിനസുമായി നടക്കുന്ന ഉദയനും കൂട്ടുകാരും ഒരു പ്രത്യേക സാഹചര്യത്തില്‍ അന്നാട്ടിലെ ബ്ലേഡ് മാഫിയ തലവനായ ഭൈരവന്റെ ഗ്യാങ്ങില്‍ എത്തിപ്പെടുന്നു. ഭൈരവന് വേണ്ടി വണ്ടി പിടിക്കാന്‍ നടക്കുന്നവര്‍ പിന്നീട് ഗുണ്ടാ പണിയിലേക്ക് കടക്കുന്നതും അത് അവരുടെ ജീവിതം മാറ്റിമറിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

എന്നാല്‍ ഇതേ കഥയില്‍ വേറെയും സിനിമകള്‍ അടുത്തിടെ പുറത്തിറങ്ങിയിട്ടുണ്ട്. മുസ്തഫ സംവിധാനം ചെയ്ത മുറയും ഇതേ കഥ തന്നെയാണ് പറയുന്നത്. തിരുവനന്തപുരത്തെ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് മുറയില്‍. ഗുണ്ടാ ഗ്യാങ്ങിനെ നിയന്ത്രിക്കുന്നവര്‍ സുരാജ് വെഞ്ഞാറമൂടും മാല പാര്‍വതിയുമാണ്. ഹൃദു ഹാറൂണും സംഘവുമാണ് നായകന്മാര്‍.

മുരളി ഗോപിയുടെ തിരക്കഥയിലൊരുങ്ങിയ അനന്തന്‍ കാടിന്റെ കഥയും വ്യത്യസ്തമല്ല. 1980കളില്‍ തിരുവനന്തപുരം നഗരത്തില്‍ നേതാക്കന്മാര്‍ക്ക് വേണ്ടി കൊല്ലും കൊലയുമായി നടക്കുന്ന ഗുണ്ടാ സംഘത്തിന്റെ കഥയാണ് അനന്തന്‍ കാടില്‍. മേക്കിങ്ങും പെര്‍ഫോമന്‍സും എത്ര ഗംഭീരമാണെങ്കിലും കഥയിലെ ആവര്‍ത്തനമാണ് ഈ സിനിമകള്‍ക്കെല്ലാം തിരിച്ചടിയാകുന്നത്.

Content Highlight: Similarities between Balti and Kammattippadam

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more