തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത സംഘടനയായ “സിമി” യുടെ ആശയങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
സിമി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ നേരത്തെ സിമിയില്‍ പ്രവര്‍ത്തിച്ചവര്‍ നിരോധിക്കപ്പെട്ട ചില സംഘടനകളിലൂടെ സിമിയുടെ ആശയങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്. ഈ സംഘടനകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അഞ്ച് തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കഴിഞ്ഞദിവസം കേന്ദ്രആഭ്യന്തരമന്ത്രിപി. ചിദംബരം കേരള സന്ദര്‍ശനത്തിനിടെ സംസ്ഥാനത്ത് തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇവ ഏതൊക്കെയാണെന്ന് ജനങ്ങളെ അറിയിക്കണമെന്ന മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തീവ്രവാദ സംഘടനകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ബോധ്യമുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കും. വാഗമണ്‍ സിമി ക്യാമ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്‍.ഐ.എ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് സദാചാര പോലീസ് അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ക്രിമിനല്‍ സ്വഭാവമുള്ളവരാണ് ഇതിന് പിന്നില്‍. ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.