| Friday, 3rd April 2026, 2:43 pm

മൗനത്തെ പരാജയമായി തെറ്റിദ്ധരിക്കരുത്: ആം ആദ്മിക്കെതിരെ രാഘവ് ചദ്ദ; ഭയപ്പെട്ടവന്‍ മരിച്ചു കഴിഞ്ഞെന്ന് തിരിച്ചടിച്ച് എ.എ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ ഉപനേതാവ് പദവിയില്‍ നിന്ന് നീക്കിയതിന് പിന്നാലെ, പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഘവ് ഛദ്ദ.

പാര്‍ലമെന്റില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞ എ.എ.പി നേതൃത്വത്തിന്റെ നടപടിക്കെതിരെ ‘പരാജയപ്പെട്ടതല്ല, നിശബ്ദനാക്കപ്പെട്ടതാണ്’ എന്ന തലക്കെട്ടില്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് ഛദ്ദ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച വീഡിയോയില്‍, പാര്‍ട്ടി തന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുകയാണെന്ന് ഛദ്ദ ആരോപിച്ചു. സഭയില്‍ സംസാരിക്കാന്‍ ഛദ്ദയ്ക്ക് സമയം അനുവദിക്കരുതെന്ന് എ.എ.പി നേതൃത്വം രാജ്യസഭാ സെക്രട്ടേറിയറ്റിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രതികരണം.

‘പാര്‍ലമെന്റില്‍ സംസാരിക്കാനുള്ള എന്റെ അവകാശം ഇന്ന് കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. പക്ഷേ, എന്റെ മൗനത്തെ പരാജയമായി തെറ്റിദ്ധരിക്കരുത്. സമയമാകുമ്പോള്‍ വെള്ളപ്പൊക്കമായി മാറുന്ന നദിയാണ് ഞാന്‍,’ ഛദ്ദ പറഞ്ഞു.

പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉന്നയിക്കുന്നത് കുറ്റമാണോ എന്നും അദ്ദേഹം ചോദിച്ചു. വിമാനത്താവളങ്ങളിലെ ഭക്ഷണവില, ഡെലിവറി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, ഭക്ഷണത്തിലെ മായം ചേര്‍ക്കല്‍, അനാവശ്യ ബാങ്കിങ് ചാര്‍ജുകള്‍, ടെലികോം കമ്പനികളുടെ ചൂഷണം തുടങ്ങിയ വിഷയങ്ങളാണ് താന്‍ സഭയില്‍ ഉന്നയിച്ചതെന്നും ഇവ പാര്‍ട്ടിക്ക് എങ്ങനെ ദോഷകരമാകുമെന്നും അദ്ദേഹം ചോദിച്ചു.

ഛദ്ദയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കടുത്ത പരിഹാസവും വിമര്‍ശനവുമായാണ് എഎപി നേതാക്കള്‍ പ്രതികരിച്ചത്. മുതിര്‍ന്ന നേതാവ് സൗരഭ് ഭരദ്വാജ് ‘ഷോലെ’ സിനിമയിലെ ഡയലോഗ് ഉദ്ധരിച്ചാണ് ഛദ്ദയെ വിമര്‍ശിച്ചത്. ‘ജോ ഡര്‍ ഗയാ, സംജോ മര്‍ ഗയാ’ (ഭയപ്പെട്ടവന്‍ മരിച്ചു കഴിഞ്ഞു) എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

പാര്‍ട്ടിയുടെ ഐടി സെല്‍ മേധാവി അനുരാഗ് ധണ്ഡയും ഛദ്ദയ്ക്കെതിരെ വിമര്‍ശനവുമായി എത്തി. രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടേണ്ട സമയത്ത് വിമാനത്താവളത്തിലെ സമോസയുടെ വിലയെക്കുറിച്ച് സംസാരിക്കുന്നത് ബാലിശമാണെന്ന് അദ്ദേഹം പരിഹസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഘവ് ഛദ്ദ ഭയപ്പെടുന്നു. ഗുജറാത്തിലെ പ്രവര്‍ത്തകരുടെ അറസ്റ്റിലും പശ്ചിമ ബംഗാളിലെ വോട്ടവകാശ പ്രശ്‌നങ്ങളിലും ഛദ്ദ മൗനം പാലിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ പ്രമേയത്തെ പിന്തുണയ്ക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
പാര്‍ട്ടി അംഗങ്ങള്‍ സഭയില്‍ നിന്ന് വാക്കൗട്ട് നടത്തിയപ്പോള്‍ ഛദ്ദ സഭയില്‍ തന്നെ ഇരുന്നു, അദ്ദേഹം പറഞ്ഞു.

രാഘവ് ഛദ്ദയെ നീക്കി പകരം അശോക് കുമാര്‍ മിത്തലിനെയാണ് എ.എ.പി രാജ്യസഭയിലെ ഉപനേതാവായി നിയമിച്ചത്. അരവിന്ദ് കെജ്‌രിവാളിന്റെ ഏറ്റവും അടുത്ത വിശ്വസ്തനും പാര്‍ര്‍ട്ടിയുടെ ദേശീയ മുഖവുമായിരുന്ന ഛദ്ദയെ പെട്ടെന്ന് മാറ്റിനിര്‍ത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

പഞ്ചാബിലെ ഭരണമാറ്റത്തിലും പാര്‍ട്ടിയുടെ വളര്‍ച്ചയിലും നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവായിരുന്നു ഛദ്ദ. പാര്‍ട്ടിയിലെ വിമത സ്വരമായി ഛദ്ദ മാറിയത് എ.എ.പിക്ക് വലിയ തിരിച്ചടിയാണ്.

Content Highlight: “Silenced, Not Defeated: Raghav Chadha Hits Out at AAP; Party Fires Back

We use cookies to give you the best possible experience. Learn more