ടെല്‍അവീവ്: ഗസയ്‌ക്കെതിരായ ഇസ്രഈലിന്റെ അധിനിവേശ നയങ്ങള്‍ക്കും സൈനിക നടപടികള്‍ക്കും എതിരെയുള്ള അന്താരാഷ്ട്ര ബഹിഷ്‌കരണ പ്രസ്ഥാനത്തിന് (ബി.ഡി.എസ്) പരസ്യ പിന്തുണ പ്രഖ്യാപിച്ച് ലോകമെമ്പാടുമുള്ള ജൂത സംഘടനകള്‍.
ഗസയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രഈല്‍ തുടരുന്ന കൂട്ട കുടിയൊഴിപ്പിക്കല്‍, വംശഹത്യ, ഉപരോധം എന്നിവ അവസാനിപ്പിക്കാന്‍ ധാര്‍മിക സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിലുള്ള ജൂത സംഘടനകളുടെ കൂട്ടായ്മ തുറന്ന കത്ത് പ്രസിദ്ധീകരിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പതിനെട്ടോളം പ്രമുഖ ജൂത സംഘടനകളും കൂട്ടായ്മകളുമാണ് ഇത്തരത്തില്‍ കത്ത് പ്രസിദ്ധീകരിച്ചത്. ഇസ്രഈലിന്റെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിച്ച് ഫലസ്തീനികളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാമ്പത്തിക, സാംസ്‌കാരിക, അക്കാദമിക് ബഹിഷ്‌കരണങ്ങള്‍ തികച്ചും ന്യായമായ അഹിംസാത്മക മാര്‍ഗങ്ങളാണെന്ന് കത്തില്‍ പറയുന്നു.
‘ജൂതന്മാരുടെ പേരില്‍ നടക്കുന്ന വംശഹത്യകള്‍ക്കും അധിനിവേശങ്ങള്‍ക്കും മുന്നില്‍ മൗനം പാലിക്കുന്നത് ഇനി ന്യായീകരിക്കാന്‍ കഴിയില്ല, ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണം,’ സംഘടന പറഞ്ഞു. ഒരു സമൂഹം നശിപ്പിക്കപ്പെടുമ്പോഴല്ല പഴയ ഭിന്നതകളും രാഷ്ട്രീയ അതിര്‍വരമ്പുകളും നിലനിര്‍ത്തേണ്ടതെന്നും കത്തില്‍ പറയുന്നു.
‘എല്ലാ രാഷ്ട്രീയ നിലപാടുകളോടും നമുക്ക് യോജിപ്പ് ഉണ്ടാകണമെന്നില്ല. പക്ഷേ, നമ്മുടെ കൂട്ടായ ധാര്‍മിക ശക്തിയെ അര്‍ത്ഥവത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ അണിനിരത്താനും, ബി.ഡി.എസിനെ പരസ്യമായി പിന്തുണയ്ക്കാനും, ഉത്തരവാദിത്തം ആവശ്യപ്പെടാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് നമ്മള്‍ വിശ്വസിക്കുന്നു,’ കത്തില്‍ പറയുന്നു.
യൂറോപ്യന്‍ ജ്യൂസ് ഫോര്‍ ഫലസ്തീന്‍, ഗ്ലോബല്‍ ജ്യൂസ് ഫോര്‍ ഫലസ്തീന്‍, അമേരിക്കയിലെ ജൂവിഷ് വോയ്സ് ഫോര്‍ പീസ്, ബ്രിട്ടനിലെ ജ്യൂയിഷ് നെറ്റ് വര്‍ക്ക് ഫോര്‍ ഫലസ്തീന്‍ തുടങ്ങിയ പ്രമുഖ നെറ്റ്വര്‍ക്കുകളും നെതര്‍ലന്‍ഡ്സ്, ജര്‍മനി, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സന്നദ്ധ കൂട്ടായ്മകളും സംയുക്ത പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ട്.
ഇസ്രഈലുമായുള്ള യൂറോപ്യന്‍ യൂണിയന്റെ സഹകരണ കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നയതന്ത്ര നടപടികള്‍ സ്വീകരിക്കാനും ആഗോള ഭരണകൂടങ്ങളോട് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Silence regarding the genocide and occupation targeting the Jewish people cannot be justified; Jewish organizations call for a boycott of Israel.