| Tuesday, 3rd March 2026, 11:23 am

നിശബ്ദത നിഷ്പക്ഷതയല്ല; ഖാംനഇയുടെ കൊലപാതകത്തില്‍ പ്രതികരിക്കാത്ത കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ട സംഭവത്തില്‍ മൗനം തുടരുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

നിശബ്ദത നിഷ്പക്ഷതയല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഖാംനഇയുടെ വധത്തില്‍ കേന്ദ്രം മൗനം തുടരുകയാണെങ്കില്‍ ഇന്ത്യയുടെ വിദേശനയത്തിന്റെ ദിശയും വിശ്വാസ്യതയും സംശയത്തിന്റെ മുനയിലാകുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷയും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയുടെ ലേഖനം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഖാംനഇയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പുലര്‍ത്തുന്നതിനെതിരെയാണ് സോണിയ ഗാന്ധിയുടെ ലേഖനം.

ഖാംനഇയുടെ കൊലപാതകം സമകാലിക അന്താരാഷ്ട്ര ബന്ധങ്ങളില്‍ വലിയൊരു വിള്ളലാണ് വീഴ്ത്തിയിരിക്കുന്നതെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

ഖാംനഇയുടെ കൊലപാതകത്തെയോ ഇറാന്റെ പരമാധികാര ലംഘനത്തെയോ അപലപിക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിട്ടുനില്‍ക്കുന്നു. ഈ നിശബ്ദത ഞെട്ടിപ്പിക്കുന്നതാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധിയുടെ വിമര്‍ശനം. ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിക്കുകയാണ് ചെയ്തത്. പിന്നീട് അദ്ദേഹം യു.എ.ഇയിലെ ഇറാന്റെ പ്രത്യാക്രമണത്തെ അപലപിക്കുന്നതിലേക്ക് മാത്രം ഒതുങ്ങുകയും ചെയ്തു.

ഈ നിശബ്ദത നിഷ്പക്ഷതയല്ലെന്നും സോണിയ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ എതിര്‍പ്പ് ഇക്കാര്യത്തില്‍ ഉണ്ടാകണം. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ വിദേശനയത്തില്‍ സംശയങ്ങള്‍ ഉയരുന്നുവെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

ഖാംനഇയുടെ കൊലപാതകം നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പ്രധാനമന്ത്രി മോദി നെതന്യാഹു സര്‍ക്കാരിന് വ്യക്തമായ പിന്തുണ ആവര്‍ത്തിച്ചിരുന്നുവെന്നും സോണിയ പറഞ്ഞു. റഷ്യയും ചൈനയും ബ്രിക്‌സിലെ ഇന്ത്യയുടെ പങ്കാളികളും അകലം പാലിച്ചിരിക്കുന്ന ഈ സമയത്ത്, കേന്ദ്ര സര്‍ക്കാര്‍ ധാര്‍മിക ഉത്തരവാദിത്തം പുലര്‍ത്തേണ്ടതുണ്ടെന്നും സോണിയ ഗാന്ധി എഴുതി.

ഇന്ത്യയുടെ നിലപാട് പശ്ചിമേഷ്യയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരന്തത്തിന്റെ മൗനാനുവാദത്തെ സൂചിപ്പിക്കുന്നുവെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു.

Content Highlight: Silence is not neutrality; Sonia Gandhi and Rahul Gandhi against the Centre for not responding to Khamenei’s murder

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more