മാഡ്രിഡ്: ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയ്ക്കും ലെബനനെതിരെയുള്ള ആക്രമണങ്ങള്‍ക്കും മുന്നില്‍ രാജ്യത്തിന് നിശബ്ദത പാലിക്കാന്‍ കഴിയില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്.
ഈ വര്‍ഷത്തെ യൂറോ വിഷന്‍ ഗാനമത്സരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന സ്‌പെയിനിന്റെ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് മനുഷ്യാവകാശങ്ങളോടും അന്താരാഷ്ട്ര നിയമങ്ങളോടുമുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം വ്യത്യസ്താമായിരിക്കുമെന്നും ഞങ്ങള്‍ വിയന്നയില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ ഞങ്ങള്‍ വിയന്നയില്‍ ഉണ്ടാവില്ല. എന്നാല്‍ ചരിത്രത്തിന്റെ ശരിയായ പക്ഷത്താണെന്ന ഉറച്ച ബോധ്യത്തോടെയാണ് ഞങ്ങളിത് ചെയ്യുന്നത്,’ സാഞ്ചസ് പറഞ്ഞു.
റഷ്യ ഉക്രൈനെ ആക്രമിച്ചപ്പോള്‍ റഷ്യയെ മത്സരത്തില്‍ നിന്ന് വിലക്കിയിരുന്നുവെന്നും സ്‌പെയിന്‍ അതിനെ അനുകൂലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രഈലിനും ആ തത്വങ്ങള്‍ ബാധകമാകണമെന്നും ഇരട്ടത്താപ്പുകള്‍ ഉണ്ടാകില്ലെന്നും സാഞ്ചസ് കൂട്ടിച്ചേര്‍ത്തു.
സമാധാനം പ്രോത്സാഹിപ്പിക്കാനും യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ വൈവിധ്യം ആഘോഷിക്കാനും വേണ്ടിയുള്ള മത്സരം എന്ന നിലയിലാണ് സ്‌പെയിന്‍ ചരിത്രപരമായി യൂറോവിഷനെ പിന്തുണച്ചിരുന്നതെന്നും എന്നാല്‍ നിയമവിരുദ്ധമായ യുദ്ധത്തിനും വംശഹത്യയ്ക്കും മുന്നില്‍ നിശബ്ദത ഒരു ഓപ്ഷനല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഗസയിലും ലെബനനിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ നമുക്ക് നിസ്സംഗത പാലിക്കാന്‍ കഴിയില്ല. ഇത് സ്ഥിരതയുടെയും ഉത്തരവാദിത്തത്തിന്റെയും മനുഷ്യത്വത്തിന്റെയും കാര്യമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയര്‍ലന്‍ഡ്, ഐസ്ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, സ്ലോവേനിയ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സമാനമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഈ വര്‍ഷത്തെ മത്സരത്തില്‍ അവര്‍ പങ്കെടുക്കില്ലെന്നും സാഞ്ചസ് ചൂണ്ടിക്കാട്ടി.
ഇസ്രഈലുമായ സഹകരണ കരാര്‍ അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഗസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്രഈലിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് സ്പാനിഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
2023 ഒക്ടോബര്‍ മുതല്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ വംശഹത്യയില്‍ 72000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലെബനനിലും ഇസ്രഈല്‍ ആക്രമണം തുടരുകയാണ്.
Content Highlight: Silence in the face of Israel’s genocide is not an option; we are convinced we are on the right side of history: Spanish Prime Minister