അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അരസന്‍. വടചെന്നൈ 2വിന് മുമ്പ് അതേ യൂണിവേഴ്‌സിലെ മറ്റൊരു ചിത്രമെന്ന നിലയിലാണ് അരസന്‍ ഒരുങ്ങുന്നത്. തമിഴിലെ മികച്ച നടന്മാരിലൊരാളായ സിലമ്പരസനാണ് അരസനിലെ നായകന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
ടൈറ്റില്‍ പോസ്റ്ററില്‍ സിലമ്പരസന്റെ മുഖം വ്യക്തമായിരുന്നില്ല. എന്നാല്‍ പുതിയ പോസ്റ്ററില്‍ എസ്.ടി.ആറിന്റെ മുഖം വ്യക്തമാണ്. ഒപ്പം കുറച്ചുകാലമായി കേള്‍ക്കുന്ന അഭ്യൂഹത്തിനും മറുപടി ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ സംഗീതം ആരാണെന്ന് ഒരിടത്തുപോലും വെട്രിമാരന്‍ അറിയിച്ചിട്ടില്ലായിരുന്നു. തന്റെ സ്ഥിരം ശൈലിയില്‍ ജി.വി. പ്രകാശിനെയോ അല്ലെങ്കില്‍ സന്തോഷ് നാരായണനെയോ സംഗീതം ഏല്പിക്കുമെന്നായിരുന്നു പലരും കരുതിയത്.
എന്നാല്‍ അരസനില്‍ സംഗീതം നല്കുന്നത് അനിരുദ്ധാണെന്ന വാര്‍ത്ത വലിയ സര്‍പ്രൈസാണ് സമ്മാനിച്ചത്. വളരെ റോ ആയിട്ടുള്ള ഒരു ചിത്രത്തില്‍ അനിരുദ്ധിന്റെ സംഗീതം എത്രമാത്രം എഫക്ടീവാകുമെന്നാണ് പലരും ചര്‍ച്ച ചെയ്യുന്നത്. അടുത്തിടെ അനിരുദ്ധിന്റെ സംഗീതം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഒരേ ശൈലി തന്നെ ആവര്‍ത്തിക്കുന്നതാണ് അനിരുദ്ധിന്റെ പ്രശ്‌നമായി പലരും ചൂണ്ടിക്കാണിക്കുന്നത്.
വടചെന്നൈ പോലൊരു ക്ലാസ് സിനിമയുടെ സ്പിന്‍ ഓഫില്‍ അനിരുദ്ധിന് എന്ത് ചെയ്യാനാകുമെന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ വെട്രിമാരന്‍ ഒന്നും കാണാതെ അനിരുദ്ധിനെ തെരഞ്ഞെടുക്കില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ചിത്രത്തിന്റെ പ്രത്യേക പ്രൊമോ വീഡിയോ ഇന്ന് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
തെരഞ്ഞെടുത്ത തിയേറ്ററുകളില്‍ മാത്രമാണ് ഇന്ന് പ്രൊമോ പ്രദര്‍ശിപ്പിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് ഓണ്‍ലൈനിലൂടെ പ്രൊമോ പുറത്തിറക്കും. സിലമ്പരസന്റെ ഇതുവരെ കാണാത്ത കഥാപാത്രമാകും അരസനിലേതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. രണ്ട് ഗെറ്റപ്പിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അടുത്ത വര്‍ഷം അരസന്‍ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
വട ചെന്നൈയിലെ മറ്റ് താരങ്ങളായ സമുദ്രക്കനി, കിഷോര്‍ തുടങ്ങിയ താരങ്ങള്‍ അരസനിലും ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. അമീര്‍ അവതരിപ്പിച്ച രാജന്‍ എന്ന കഥാപാത്രവും അരസനിലുണ്ടാകുമെന്ന് കരുതുന്നു. വടചെന്നൈ 2വിന് മുമ്പ് വെട്രിമാരന്‍ ഒരുക്കുന്ന സാമ്പിള്‍ വെടിക്കെട്ടായിട്ടാണ് അരസനെ കണക്കാക്കുന്നത്.
Content Highlight: Silambarasan’s first look in Arasan movie out now