| Thursday, 30th December 2021, 4:30 pm

സൂരരൈപോട്ര് സിനിമയ്ക്ക് ശേഷം സുധാ കൊങ്കാരയുടെ ചിത്രത്തില്‍ നായകനായി സിലമ്പരശന്‍ ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു സൂര്യ നായകനായി എത്തിയ സുരരൈപോട്ര്. സുധാ കൊങ്കാര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലായിരുന്നു റിലീസ് ചെയ്തത്.

വിവിധ അന്താരാഷ്ട്രപുരസ്‌ക്കാരങ്ങള്‍ അടക്കം ചിത്രം നേടിയിരുന്നു. സുധയുടെ അടുത്ത സിനിമയില്‍ ആരാണ് നായകനെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അടുത്ത ചിത്രത്തിനായി സിലമ്പരശനെ സുധ കൊങ്കാര സമീപിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പുതിയ കഥ സിലമ്പരശനോട് പറഞ്ഞെന്നും കഥ അദ്ദേഹത്തിന് ഇഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സിലമ്പരശന്റെ അമ്പതാം ചിത്രം സുധകൊങ്കാരയായിരിക്കും സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇരുവശത്തുനിന്നും ഉണ്ടായിട്ടില്ല.

നിലവില്‍ ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിനുള്ള തയ്യാറെടുപ്പിലാണ് സുധ. താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും എന്നാല്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഒരിടവേളക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തിയ സിലമ്പരശന്റെ മാനാട് വലിയ വിജയമാണ് തമിഴ്‌നാട്ടില്‍ നേടിയത്. നിലവില്‍ തന്റെ 47-ാമത്തെ ചിത്രമായ ‘ വേണ്ടൂ തനിന്തത്ത് കാട് ‘ എന്ന ചിത്രത്തിലാണ് സിലമ്പരശന്‍ അഭിനയിക്കുന്നത്.

ഗൗതം മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡെക്കാന്‍ വിമാന കമ്പനിയുടെ സ്ഥാപകനായ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രമായിരുന്നു സുരരൈപോട്ര്.

ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒപ്പം മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഐ.എം.ഡി.ബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിച്ച മൂന്ന് ചിത്രങ്ങളില്‍ ഒന്നാണ് സുരരൈ പോട്ര്. 9.1 ആണ് ചിത്രത്തിന് ഐ.എം.ഡി.ബിയില്‍ ലഭിച്ച റേറ്റ്.

Latest Stories

We use cookies to give you the best possible experience. Learn more