| Sunday, 1st March 2026, 6:02 pm

ലോകകപ്പില്‍ 'ഇരട്ട സെഞ്ച്വറിയുമായി' ക്യാപ്റ്റന്‍ റാസ; ചരിത്രനേട്ടത്തില്‍ ഒമ്പതാമന്‍

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 154 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി സിംബാബ്‌വേ. സൂപ്പര്‍ 8ല്‍ ഇരുവരുടെയും അവസാന മത്സരത്തിന് ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദിയാകുന്നത്.

ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ കരുത്തിലാണ് സിംബാബ്‌വേ പൊരുതാവുന്ന സ്‌കോറിലെത്തിയത്. 43 പന്ത് നേരിട്ട ക്യാപ്റ്റന്‍ റാസ 73 റണ്‍സ് നേടിയാണ് കളം വിട്ടത്. ഏട്ട് ഫോറും നാല് സിക്‌സറും അടക്കം 169.77 എന്ന മികച്ച സ്‌ട്രൈക് റേറ്റിലാണ് സിംബാബ്‌വന്‍ ലെജന്‍ഡ് ബാറ്റ് വീശിയത്.

ഈ ഇന്നിങ്‌സിന് പിന്നാലെ ഈ ലോകകപ്പില്‍ 200 റണ്‍സ് മാര്‍ക് പിന്നിടാനും ഷെവ്‌റോണ്‍സ് നായകന് സാധിച്ചു. ആറ് ഇന്നിങ്‌സില്‍ നിന്നും 51.50 ശരാശരിയില്‍ 206 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഇതോടെ ഒരു ലോകകപ്പ് എഡിഷനില്‍ 200+ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍മാരുടെ എലീറ്റ് ലിസ്റ്റിലും റാസ ഇടം നേടി. ഈ നേട്ടം സ്വന്തമാക്കുന്ന ഒമ്പതാം താരമാണ് സിംബാബ്‌വന്‍ നായകന്‍. റാസയടക്കം നാല് ക്യാപ്റ്റന്‍മാര്‍ ഈ വര്‍ഷമാണ് ഈ നേട്ടത്തിലെത്തിയത്.

സിക്കന്ദര്‍ റാസ

ഒരു ലോകകപ്പ് എഡിഷനില്‍ 200+ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍മാര്‍

(താരം – ടീം – വര്‍ഷം എന്നീ ക്രമത്തില്‍)

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 2012

ബാബര്‍ അസം – പാകിസ്ഥാന്‍ – 2021

കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 2021

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 2022

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 2024

രോഹിത് ശര്‍മ – ഇന്ത്യ – 2024

ഏയ്ഡന്‍ മര്‍ക്രം – സൗത്ത് ആഫ്രിക്ക – 2026

ഹാരി ബ്രൂക്ക് – ഇംഗ്ലണ്ട് – 2026

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 2026

സിക്കന്ദര്‍ റാസ – സിംബാബ്‌വേ – 2026

അതേസമയം, ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ റാസയ്ക്ക് മികച്ച പിന്തുണ കൊടുക്കാന്‍ മറ്റാര്‍ക്കും സാധിച്ചില്ല. 20 പന്തില്‍ പുറത്താകാതെ 26 റണ്‍സ് നേടിയ ടോണി മുന്യോംഗയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഷെവ്‌റോണ്‍സ് 153ലെത്തി.

സൗത്ത് ആഫ്രികക്കയ്ക്കായി ക്വേന മഫാക്കയും കോര്‍ബിന്‍ ബോഷും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ആന്‌റിക് നോര്‍ക്യ, ലുങ്കി എന്‍ഗിഡി, ജോര്‍ജ് ലിന്‍ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: Sikander Raza enters the list of captains scoring 200+ 200+ runs in a single edition of T20WC

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more