അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന ക്യാപ്റ്റനെന്ന മോശം റെക്കോഡിനുടമയായി സിംബാബ്‌വേ നായകന്‍ സിക്കന്ദര്‍ റാസ.
2026 നമീബിയ ടി-20ഐ ട്രൈനേഷന്‍ സീരീസില്‍ കഴിഞ്ഞ ദിവസം നമീബിയക്കതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതോടെയാണ് ഈ അനാവശ്യ നേട്ടം റാസയുടെ പേരില്‍ കുറിക്കപ്പെട്ടത്.
വിന്‍ഡ്‌ഹോക്കില്‍ നടന്ന മത്സരത്തില്‍ ഗെര്‍ഹാര്‍ഡ് എറാസ്മസിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് റാസ പുറത്തായത്. ഷെവ്‌റോണ്‍സ് നായകന്റെ റോളില്‍ ഇത് എട്ടാം തവണയാണ് റാസ പൂജ്യത്തിന് പുറത്താകുന്നത്.
സിക്കന്ദര്‍ റാസ.
ഈ അനാവശ്യ നേട്ടത്തില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ആരോണ്‍ ഫിഞ്ചിനൊപ്പമാണ് താരം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
ആരോൺ ഫിഞ്ച്.
(താരം – ടീം – ഡക്ക് എന്നീ ക്രമത്തില്‍)
സിക്കന്ദര്‍ റാസ – സിംബാബ്‌വേ – 8*
ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 8
രോഹിത് ശര്‍മ – ഇന്ത്യ – 6
ബാബര്‍ അസം – പാകിസ്ഥാന്‍ – 6
മഷ്‌റാഫെ മൊര്‍താസ – ബംഗ്ലാദേശ് – 5
ദാസുന്‍ ഷണക – ശ്രീലങ്ക – 5
*(ഫുള്‍ മെമ്പര്‍ നേഷന്‍)
അതേസമയം, മത്സരത്തില്‍ സിംബാബ്‌വേ അഞ്ച് റണ്‍സിന് വിജയിച്ചിരുന്നു. ഷെവ്‌റോണ്‍സ് ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നമീബിയ 190ന് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിനിറങ്ങിയ സിംബാബ്‌വേ റയാന്‍ ബേളിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 32 പന്ത് നേരിട്ട് പുറത്താകാതെ 57 റണ്‍സാണ് ബേള്‍ അടിച്ചെടുത്തത്. ഏഴ് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ബെന്‍ കറന്‍ (22 പന്തില്‍ 38 റണ്‍സ്), ബ്രാഡ് ഇവാന്‍സ് (25 പന്തില്‍ പുറത്താകാതെ 37), ബ്രയാന്‍ ബെന്നറ്റ് (21 പന്തില്‍ 32ഃ) എന്നിവരുടെ ഇന്നിങ്‌സുകളും സിംബാബ്‌വേ നിരയില്‍ നിര്‍ണായകമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയയ്ക്ക് തുടക്കം പാളിയെങ്കിലും മിഡില്‍ ഓര്‍ഡറില്‍ അലക്‌സാണ്ടര്‍ വോള്‍ഷെങ്കും (29 പന്തില്‍ 56) വിക്കറ്റ് കീപ്പര്‍ സേന്‍ ഗ്രീനും (26 പന്തില്‍ 54) ചെറുത്തുനിന്നു.
ഇരുവരും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും വിജയലക്ഷ്യം മറികടക്കാന്‍ അത് പോരാതെ വരികയായിരുന്നു.
അവസാന ഓവറില്‍ 15 റണ്‍സാണ് നമീബിയയ്ക്ക് വേണ്ടിയിരുന്നത്. വോള്‍ഷെങ്കും ഗ്രീനും ക്രീസിലുണ്ടായിരുന്നത് ആരാധകര്‍ക്കും പ്രതീക്ഷ നല്‍കി.
ഓവറിലെ ആദ്യ പന്ത് നോ ബോളായി മാറി. അഞ്ച് താരങ്ങളെ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് നിര്‍ത്തിയതാണ് തിരിച്ചടിയായത്. ആ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. ആദ്യ ലീഗല്‍ ഡെലിവെറിയില്‍ രണ്ട് റണ്‍സും നേടിയതോടെ അഞ്ച് പന്തില്‍ പത്ത് എന്ന നിലയിലേക്ക് വിജയലക്ഷ്യം മാറി.
എന്നാല്‍ അടുത്ത അഞ്ച് പന്തുകളില്‍ നാല് വിക്കറ്റുകള്‍ വീണതോടെ നമീബിയ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
Content Highlight: Sikandar Raza joins Aaron Finch in most ducks as captain in T20Is