ഹരാരെയില്‍ ശ്രീലങ്കയ്ക്ക് എതിരായ രണ്ട് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം സിംബാബ്‌വേയുടെ സിക്കന്ദര്‍ റാസ തന്റെ ക്രിക്കറ്റ് കരിയറില്‍ ആദ്യമായി ഐ.സി.സി പുരുഷ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി.
അഫ്ഗാനിസ്ഥാന്റെ അസ്മത്തുള്ള ഒമര്‍ സായിയെയും മുഹമ്മദ് നബിയെയും മറികടന്നാണ് റാസ ഒന്നാമന്‍ ആയത്. 302 പോയിന്റ് ആണ് സെക്കണ്ടറി റാസ നേടിയത്. അതേസമയം അസ്മത്തുള്ള 296 പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനക്കാരന്‍ ആണ്.
മാത്രമല്ല ടോപ് ടണ്ണില്‍ അഫ്ഗാന്‍ ആധിപത്യത്തെ സാക്ഷിയാക്കിയാണ് റാസ മുന്നേറിയത്. ആറാം സ്ഥാനത്ത് റാഷിദ് ഖാനും തന്റെ പേര് എഴുതിച്ചേര്‍ത്തിരുന്നു. ഈ നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ വരെ ഒമ്പതാം സ്ഥാനത്താണ്.
സിക്കന്ദര്‍ റാസ (സിംബാബ്‌വേ) – 302
അസ്മത്തുള്ള ഒമര്‍സായി (അഫ്ഗാനിസ്ഥാന്‍) – 296
മുഹമ്മദ് നബി (അഫ്ഗാനിസ്ഥാന്‍) – 292
മെഹ്ദി ഹസിന്‍ (ബംഗ്ലാദേശ്) – 249
മൈക്കല്‍ ബ്രേസ്‌വെല്‍ (ന്യൂസിലാന്‍ഡ്) – 246
മിച്ചല്‍ സാന്റനര്‍ (ന്യൂസിലാന്‍ഡ്) – 238
റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍) – 238
ബ്രണ്ടന്‍ മക്മുള്ളന്‍ (സ്‌കോര്‍ട്‌ലാന്‍ഡ്) – 235
രവീന്ദ്ര ജഡേജ ( ഇന്ത്യ) – 220
ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തില്‍ 87 പന്തില്‍ നിന്ന് എട്ട് ബൗണ്ടറികള്‍ അടക്കം 92 റണ്‍സാണ് താരം അടിച്ചത്. രണ്ടാം മത്സരത്തില്‍ 55 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 59 റണ്‍സാണ് റാസ നേടിയത്. മധ്യനിരയില്‍ ടീമിനെ താങ്ങി നിര്‍ത്തുന്ന തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് റാസ റാങ്കിങ്ങില്‍ കുതിച്ചത്. പരമ്പരയില്‍ 198 റണ്‍സുമായി തിളങ്ങിയ ശ്രീലങ്കന്‍ ഓപ്പണര്‍ പാത്തും നിസ്സംഗ റാങ്കിങ്ങില്‍ പതിമൂന്നാം സ്ഥാനത്താണ്.
39 കാരനായ സിക്കന്ദര്‍ റാസ 2013ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഏകദിനത്തില്‍ ടീമിനുവേണ്ടി 1051 മത്സരങ്ങള്‍ കളിച്ച താരം 4325 റണ്‍സാണ് ഇതുവരെ നേടിയത്. 141 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 85.8 സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. മാത്രമല്ല 36 എന്ന ആവറേജും താരത്തിനുണ്ട്. ഏഴ് സെഞ്ച്വറികളാണ് താരം ഫോര്‍മാറ്റില്‍ നേടിയത്. മാത്രമല്ല 22 അര്‍ധ സെഞ്ച്വറികളും താരം നേടി. അതേസമയം ടി20യില് 109 മത്സരങ്ങള്‍ കളിച്ച താരം 2487 റണ്‍സ് ആണ് നേടിയത്. 133 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്.
Content highlight: Sikandar Raza In Top In ICC ODI All-Rounder Ranking