| Saturday, 25th July 2026, 10:27 pm

തിരിച്ചടിയില്‍ ലോകത്തിലെ മൂന്നാമന്‍; തലതാഴ്ത്തി സിംബാബ്‌വേ ക്യാപ്റ്റന്‍

സുദേവ് എ

സിംബാബ്‌വേക്കെതിരെയുള്ള ടി-20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. രണ്ടാം ടി-20യില്‍ 90 റണ്‍സിന് സിംബാബ്‌വേയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര കൈപ്പിടിയിലാക്കിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ പരമ്പര വിജയം ഉറപ്പാക്കിയത്.

ടി-20 ലോകകപ്പിന് ശേഷവും പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലും ഇന്ത്യ വിജയിക്കുന്ന ആദ്യ പരമ്പരയാണിത്. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേ 129 റണ്‍സിന് പുറത്തായി.

പരമ്പര നഷ്ടമായ മത്സരത്തിലെ ഈ തോല്‍വിക്ക് പിന്നാലെ ഒരു വമ്പന്‍ തിരിച്ചടിയുടെ റെക്കോഡാണ് സിംബാബ്‌വേ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസക്ക് നേരിടേണ്ടി വന്നത്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവുമധികം മത്സരങ്ങള്‍ പരാജയപ്പെടുന്ന മൂന്നാമത്തെ ക്യാപ്റ്റനായാണ് റാസ മാറിയത്. 38 മത്സരങ്ങളിലാണ് റാസ തോല്‍വി നേരിട്ടത്. ഈ മോശം റെക്കോഡില്‍ ബോട്‌സ്വാനയുടെ ക്യാപ്റ്റന്‍ കരാബോ മോട്ലങ്കയെയാണ് റാസ മറികടന്നത്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയപ്പെട്ട ക്യാപ്റ്റന്‍, ടീം, പരാജയപ്പെട്ട മത്സരങ്ങളുട എണ്ണം

ക്ലിന്റണ്‍ റുബാഗുമ്യ-റുവാണ്ട-63

ഡാനില്‍സണ്‍ ഹാവോ-ഇന്തോനേഷ്യ-44

സിക്കന്ദര്‍ റാസ-സിംബാബ്‌വേ-38

കരാബോ മോട്ലങ്ക-ബോട്‌സ്വാന-37

ദസുന്‍ ഷനക-ശ്രീലങ്ക-35

ഇന്ത്യന്‍ ബൗളിങ്ങില്‍ അഭിഷേക് ശര്‍മ മൂന്ന് വിക്കറ്റുകളും യാഷ് ഠാക്കൂര്‍, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും രവി ബിഷ്ണോയ്, തിലക് വര്‍മ, ശിവം ദുബെ എന്നിവര്‍ ഓരോ വീതം വിക്കറ്റും നേടിയപ്പോള്‍ സിംബാബ്‌വേ ബാറ്റിങ് നിര തകരുകയായിരുന്നു.

ആദ്യംബാറ്റ് ചെയ്ത ഇന്ത്യ അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്റെയും തിലക് വര്‍മയുടെയും കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 44 പന്തില്‍ 81 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരം നേടിയത്.

തിലക് വര്‍മ 29 പന്തില്‍ പുറത്താവാതെ 60 റണ്‍സാണ് സ്വന്തമാക്കിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 25 റണ്‍സും വൈഭവ് സൂര്യവംശി 20 റണ്‍സും നേടി.

നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കുന്ന അവസാന മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക. മറുഭാഗത്ത് സിംബാബ്‌വേ ആശ്വാസ ജയമാവും ലക്ഷ്യമിടുക.

Content Highlight: Sikandar Raza create a unwanted record in international T20

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more