| Sunday, 24th August 2025, 2:12 pm

എനിക്കന്ന് പേടിയായി; അപ്പുവിന് എന്തെങ്കിലും പറ്റിയാല്‍ ഞാനാണല്ലോ ഉത്തരവാദിയാകുക: സിജു വില്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ആദി. പ്രണവ് മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തിയ സിനിമയില്‍ സിജു വില്‍സണ്‍, ഷറഫുദ്ദീന്‍ എന്നിവര്‍ക്ക് പുറമെ ജഗപതി ബാബു, സിദ്ദിഖ്, ലെന, അദിതി രവി, അനുശ്രീ, മേഘനാഥന്‍, സിജോയ് വര്‍ഗീസ് ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളാണ് ഒന്നിച്ചത്.

ഇപ്പോള്‍ പ്രണവ് മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് സിജു വില്‍സണ്‍. ആദി സിനിമയുടെ സമയത്ത് പ്രണവ് മുഴുവന്‍ നേരവും തങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നുവെന്നാണ് സിജു പറയുന്നത്. ഷൂട്ട് കഴിഞ്ഞാല്‍ താനും ഷറഫുദ്ദീനും പ്രണവുമൊക്കെ ഒരുമിച്ച് തന്നെയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

വളരെ ടാലന്റഡായ ആളാണ് പ്രണവെന്നും അവന്‍ നല്ലൊരു മനുഷ്യനാണെന്നും സിജു പറഞ്ഞു. ഓരോയിടത്തും എങ്ങനെ പെരുമാറണമെന്നും എങ്ങനെ സംസാരിക്കണമെന്നും അവന് നന്നായി അറിയാമെന്നും സിജു വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

യാത്രകള്‍ നന്നായി ചെയ്യുന്നത് കൊണ്ടും ലോകവിവരമുള്ളത് കൊണ്ടും എല്ലാ കാര്യങ്ങളും പ്രണവിന് അറിയാമെന്നും ജീവിതം ഇത്രയേയുള്ളൂ എന്ന കാര്യം അവന് വ്യക്തമായി അറിയുന്നതാണെന്നും സിജു പറയുന്നു. അതുകൊണ്ടാണ് പ്രണവ് വളരെ സിംപ്ലിസിറ്റിയില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അപ്പുവിനെ കുറിച്ച് പറയുമ്പോള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുള്ള ഒരു കാര്യമുണ്ട്. അന്ന് എന്റെയും അപ്പുവിന്റെയും ഷൂട്ട് നേരത്തെ കഴിഞ്ഞിരുന്നു. പക്ഷെ ഷറഫിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. റാമോജിയിലായിരുന്നു അന്ന് ഷൂട്ട് നടന്നത്.

അപ്പോള്‍ അപ്പു എന്റെ അടുത്തേക്ക് വന്നു. നമുക്ക് റോക്ക് ക്ലൈംബിങ്ങിന് പോകാമെന്ന് അവന്‍ പറഞ്ഞു. ഞാന്‍ അതോടെ ഷോര്‍ട്‌സൊക്കെ ഇട്ടിട്ട് അവന്റെ കൂടെ ചെന്നു. അപ്പു ആണെങ്കില്‍ ബാഗും പാഡുമൊക്കെ എടുത്തു,’ സിജു വില്‍സണ്‍ പറയുന്നു.

എന്നാല്‍ തങ്ങള്‍ റോക്ക് ക്ലൈംബിങ്ങിന് പോയ സ്ഥലത്തെ പാറകളൊക്കെ വളരെ കൂര്‍ത്തതായിരുന്നുവെന്നും അതിന്റെ മേലെ വീണാല്‍ തൊലി മൊത്തം പോകുമെന്ന് ഉറപ്പായിരുന്നുവെന്നും നടന്‍ പറഞ്ഞു. അത്രയും ഷാര്‍പ്പായ പാറകളായിരുന്നു അവിടെയുള്ളതെന്നും പ്രണവ് പേടിയില്ലാതെ മുന്നോട്ട് പോയെന്നും സിജു കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പതിയെ ഓരോയിടത്തും പിടിച്ചാണ് മുന്നോട്ട് നടന്നത്. എനിക്ക് അത് ആദ്യത്തെ എക്‌സ്പീരിയന്‍സായിരുന്നു. വീണാലോയെന്ന പേടിയായിരുന്നു എനിക്ക്. അവന് നല്ല എക്‌സ്പീരിയന്‍സുണ്ടല്ലോ. കുറേ മുന്നോട്ട് പോയതും അവിടെ വലിയൊരു പാറ കണ്ടു. ഇത് കൊള്ളാമെന്നും പറഞ്ഞ് അപ്പു നിലത്ത് ഒരു ബെഡ് പോലെയുള്ളത് വിരിച്ചു. പിന്നെ പൗഡറും ഷൂസുമൊക്കെയിട്ടിട്ട് അവന്‍ പതിയെ പാറയുടെ മുകളില്‍ പിടിച്ചു കയറി. എനിക്ക് അത് കണ്ടതോടെ പേടിയായി.

കാരണം അവനെയും കൂട്ടി വന്നത് ഞാനാണല്ലോ. എന്തെങ്കിലും പറ്റിയാല്‍ ഞാനാണല്ലോ ഉത്തരവാദിയാകുക. എനിക്ക് പേടിയാകാന്‍ തുടങ്ങിയതും ഞാന്‍ ഷറഫിനെ വിളിച്ചു. അവന്റെ ഷൂട്ട് കഴിഞ്ഞോയെന്ന് ചോദിച്ചു. അവനോട് വളരെ പെട്ടെന്ന് വരാന്‍ പറഞ്ഞു. ഞാന്‍ ആദ്യമായിട്ടായിരുന്നു ഇതൊക്കെ കാണുന്നത്.

പക്ഷെ അപ്പു വളരെ കൂളായിട്ടാണ് ഓരോന്നും ചെയ്യുന്നത്. ആ പാറയുടെ മുകളില്‍ കയറുമ്പോള്‍ അവന്‍ ഒരു തവണ നിലത്തേക്ക് വീണിരുന്നു. ബെഡിലാണ് വീണത്. അവന് നല്ല പ്രാക്ടീസുള്ള കാര്യമല്ലേ. പിന്നീട് ഷൂട്ടിങ് കഴിഞ്ഞതും ഷറഫ് വന്നു. അവന്‍ വന്നതോടെ എനിക്ക് ആശ്വാസമായി. അപ്പു ഹംപിയില്‍ പോകണമെന്ന് പറയുന്നുണ്ടായിരുന്നു. അവിടെ മൊത്തം പാറകളാണല്ലോ,’ സിജു വില്‍സണ്‍ പറയുന്നു.

മോഹന്‍ലാലിന്റെ മകനെന്ന ലേബലിങ്ങൊന്നും പ്രണവിനില്ലെന്നും സിജു പറഞ്ഞു. അതൊക്കെ ബാക്കിയുള്ളവര്‍ക്കാണെന്നും നമുക്ക് ഒരിക്കലും അങ്ങനെ തോന്നില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം വളരെ പെട്ടെന്ന് ജെല്ലാകുന്ന ആളാണ് പ്രണവെന്നും നല്ല കഴിവുകളുള്ള മനുഷ്യനാണെന്നും സിജു പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിജു വില്‍സണ്‍.


Content Highlight: Siju Wilson Talks About Pranav Mohanlal

We use cookies to give you the best possible experience. Learn more