താന്‍ കരിയറിന്റെ തുടക്കം മുതല്‍ക്കേ തന്നെ വളരെ കുറച്ച് സിനിമകളാണ് ചെയ്തതെന്ന് പറയുകയാണ് നടന്‍ സിജു വില്‍സണ്‍. ഓരോ വര്‍ഷവും ഓരോ സിനിമയെന്നുള്ള രീതിയിലാണ് താന്‍ ചെയ്തിരുന്നതെന്നും അദ്ദേഹം പറയുന്നു.
15 വര്‍ഷത്തെ കരിയറില്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിരിക്കുന്നതെന്നും അല്ലാതെ വരുന്നതിലെല്ലാം കയറി അഭിനയിച്ചിട്ടില്ലെന്നും സിജു പറഞ്ഞു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘സിനിമയില്‍ വന്ന കാലം മുതല്‍ക്ക് തന്നെ ഞാന്‍ വളരെ ശ്രദ്ധിച്ച് തന്നെയാണ് ഓരോ റോളും തെരഞ്ഞെടുത്തത്. 2010ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയില്‍ അഭിനയിച്ചു. പിന്നീട് 2013ലാണ് നേരം എന്ന പടം നടന്നത്.
നേരം ഇറങ്ങിയതോടെയാണ് ആളുകള്‍ക്ക് ഇങ്ങനെയൊരു നടന്‍ ഉണ്ടെന്ന് മനസിലാകുന്നതും എന്നെ തിരിച്ചറിയാന്‍ തുടങ്ങുന്നതും. ഒരു ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അപ്പോഴാണ് ആളുകള്‍ കണ്ട് തുടങ്ങിയത്.
പിന്നെ ഞാന്‍ ചെയ്യുന്ന സിനിമ ബിവെയര്‍ ഓഫ് ഡോഗ്‌സ് ആണ്. അത് 2014ലായിരുന്നു റിലീസ് ചെയ്തത്. പിന്നീട് 2015ലാണ് പ്രേമം എന്ന സിനിമ വരുന്നത്. അങ്ങനെ വളരെ കുറച്ച് സിനിമകളാണ് ഞാന്‍ തുടക്കം മുതല്‍ക്കേ തന്നെ ചെയ്തത്.
ഞാന്‍ ഇപ്പോള്‍ 15 വര്‍ഷമായി സിനിമയില്‍ വന്നിട്ട്. ഈ ജൂലൈ 16ന് സിനിമയില്‍ വന്നിട്ട് 15 വര്‍ഷമായി. പക്ഷെ ഈ കാലത്തിന്റെ ഇടയില്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് ഞാന്‍ അഭിനയിച്ചിരിക്കുന്നത്. അല്ലാതെ വരുന്നതിലെല്ലാം കയറി അഭിനയിച്ചിട്ടില്ല.
പിന്നെ ഹാപ്പി വെഡ്ഡിങ്ങ് സിനിമ കഴിഞ്ഞതിന് ശേഷം ഒരുപാട് നായക സിനിമകളിലേക്ക് എനിക്ക് ഓഫറുകള്‍ വന്നിരുന്നു. പക്ഷെ അതിലൊന്നും എന്നെ എക്‌സൈറ്റഡാക്കിയ കഥയോ കഥാപാത്രമോ ഉണ്ടായിരുന്നില്ല.
ഇപ്പോള്‍ എനിക്ക് തോന്നുന്നത് അങ്ങനെ സിനിമ ചെയ്തത് കൊണ്ട് കാര്യമില്ലെന്നാണ്. കാരണം ഒരു ബ്രേക്ക് വന്നാല്‍ പിന്നെ ഞാന്‍ കുറച്ച് നാളുകള്‍ കഴിഞ്ഞാണ് അഭിനയിക്കുന്നത്.
ഇപ്പോഴും സെറ്റില്‍ ചെന്നാല്‍ ആദ്യത്തെ മൂന്നോ നാലോ ദിവസം കഴിഞ്ഞാല്‍ മാത്രമാണ് ഞാന്‍ ട്രാക്കിലേക്ക് എത്തുന്നത്. എന്നാല്‍ ഈസിനെസ് വരാനായി നമ്മള്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യണമെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നുണ്ട്,’ സിജു വില്‍സണ്‍ പറയുന്നു.
Content Highlight: Siju Wilson Talks About His Movies