മലയാള സിനിമയിൽ സ്വന്തമായൊരു ഇടം നേടിയ നടനാണ് സിജു വിൽസൺ. ചെറു കഥാപാത്രങ്ങളിലൂടെ സിനിമയിലെത്തി പിന്നീട് നായകനായും ശ്രദ്ധ നേടിയ താരം, തന്റെ സിനിമാ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവന്ന ചിത്രങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ. ക്ലബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് സിജു വിൽസൺ, പ്രേമം, നേരം എന്നീ സിനിമകളുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവെച്ചത്.
വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു സിജുവിന്റെ സിനിമാ പ്രവേശനം. പിന്നീട് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം, പ്രേമം എന്നീ സിനിമകൾ താരത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറുകയായിരുന്നു.
പ്രേമം, Photo: YouTube/ Screengrab
‘പ്രേമമാണെങ്കിലും നേരമാണെങ്കിലും ഒരുപാട് ഭീകരമായ ഓർമകളുള്ള സിനിമകളാണ്. ഷൂട്ടിങ് ലൊക്കേഷനുകളെല്ലാം ഇപ്പോഴും മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്.
പ്രേമം വലിയൊരു ഓഡിയൻസിലേക്ക് എത്തിച്ച സിനിമയായിരുന്നു. നമ്മൾ വിചാരിച്ചതിലും വലിയ വിജയമാണ് ആ സിനിമ നേടിയത്,’ എന്നാണ് സിജു പറയുന്നത്.
പ്രേമം എന്ന ചിത്രത്തിൽ ‘ജോജോ’ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എന്നാൽ സിനിമയിൽ തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട നിരവധി രംഗങ്ങൾ പിന്നീട് എഡിറ്റിംഗിൽ ഒഴിവാക്കിയെന്ന് സിജു വെളിപ്പെടുത്തി.
‘ജോജോയുടെ ഒരു ലവ് ലൈഫ് സിനിമയിൽ ഉണ്ടായിരുന്നു. ഒരു ഫോറിനർ പെൺകുട്ടിയുമായി ജോജോയ്ക്ക് ചില സീനുകൾ ഉണ്ടായിരുന്നു. കഫേയിൽ ഒരു വിദേശ പെൺകുട്ടി ഇരിക്കുന്ന സീൻ ശ്രദ്ധിച്ചാൽ അത് മനസിലാകും.
പ്രേമം, Photo: IMDb
പക്ഷേ സിനിമയുടെ ദൈർഘ്യം കൂടുതലായതിനാൽ ആ രംഗങ്ങൾ എല്ലാം ഒഴിവാക്കേണ്ടിവന്നു. അന്ന് ആ സീനുകൾ കട്ട് ചെയ്തതിൽ വലിയ വിഷമമുണ്ടായിരുന്നു,’ എന്നും താരം പറഞ്ഞു.
അതേസമയം, നേരം സിനിമയെ കുറിച്ചും സിജു വിൽസൺ സംസാരിച്ചു. ‘നേരമാണ് ഞങ്ങളുടെ എല്ലാവരുടെയും നേരം മാറ്റിയ ചിത്രം,’ എന്നാണ് താരം പറഞ്ഞത്. ആ സിനിമ പുറത്തിറങ്ങിയതിന് ശേഷമാണ് താരനിരയിലെ പലർക്കും വലിയ രീതിയിൽ ശ്രദ്ധ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അഭിലാഷ് ആർ നായർ സംവിധാനം ചെയ്ത മെഡിക്കൽ ത്രില്ലർ ചിത്രമായ ‘ഡോസ്’ ആണ് സിജു വിൽസൺ നായകനായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ സിനിമ. ദൃശ്യ രഘുനാഥ്, അശ്വിൻകുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്.
Content Highlight: Siju Wilson talk about the movie Premam