| Sunday, 20th July 2025, 4:42 pm

വെറുതെ ഇരുന്നിട്ട് അഭിനയം പഠിക്കാന്‍ കഴിയില്ല: സിജു വില്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സിജു വില്‍സണ്‍. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് പിന്നീട് നായകനടനായി മാറിയ വ്യക്തിയാണ് അദ്ദേഹം. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ നടന്‍ നിവിന്‍ പോളി, സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരുമായി അദ്ദേഹത്തിന് സൗഹൃദമുണ്ടായിരുന്നു.

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് സിജു തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം, പ്രേമം എന്നീ സിനിമകളിലൂടെ വലിയ ശ്രദ്ധ നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഇപ്പോള്‍ വെറുതെ അഭിനയം പഠിക്കാന്‍ കഴിയില്ലെന്ന് സിജു പറയുന്നു. എപ്പോഴും പ്രാക്ടീസ് ചെയ്താലെ അഭിനയം നമുക്ക് പഠിക്കാന്‍ കഴിയുകയുള്ളുവെന്നും അത് താന്‍ മനസിലാക്കിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ താന്‍ പ്രാക്ടീസ് ചെയ്യാന്‍ തീരുമാനിച്ചുവെന്നും തനിക്ക് പെര്‍ഫോം ചെയ്യാന്‍ സ്‌പേസുള്ള ഒരു കഥാപാത്രം കിട്ടിയാല്‍ താന്‍ എന്തായാലും ചെയ്യുമെന്നും സിജു പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ അഭിനയം നന്നാക്കുക എന്നത് മാത്രമെ എനിക്ക് ചെയ്യാന്‍ പറ്റുകയുള്ളു. വെറുതെ ഇരുന്നിട്ട് അഭിനയം പഠിക്കാന്‍ പറ്റില്ല. നമ്മള്‍ അത് പ്രാക്ടീസ് ചെയ്താലെ അഭിനയിക്കാന്‍ പറ്റുകയുള്ളു. അത് ഞാന്‍ പതിയേ പതിയേ മനസിലാക്കികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഞാന്‍ പതിയേ പ്രാക്ടീസ് ചെയ്യാം എന്നുള്ള തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്. കഥയും കഥാപാത്രങ്ങളുമൊക്കെ വരുന്നുണ്ട്. ഭീകരമായ ഒരു ചൂസിയല്ല ഞാന്‍. അത്യാവശ്യം ചെയ്യാന്‍ പറ്റുന്ന, പെര്‍ഫോം ചെയ്യാനുള്ള സ്‌പേയ്‌സുള്ള കഥാപാത്രങ്ങള്‍ ചെയ്യാം എന്നാണ് ഞാന്‍ വിചാരിക്കുക,’സിജു വില്‍സണ്‍ പറയുന്നു.

Content Highlight: Siju Wilson says that you can’t just sit around and learn acting without practice.

Latest Stories

We use cookies to give you the best possible experience. Learn more