| Saturday, 18th July 2026, 3:05 pm

ആ തലമുറയില്‍ ഞങ്ങളാരും വിവാഹത്തിന് എതിര് നിന്നിട്ടില്ലായിരുന്നു: സിജോയ് വര്‍ഗീസ്

അശ്വിന്‍ രാജേന്ദ്രന്‍

2013ല്‍ പുറത്തിറങ്ങിയ എ.ബി.സി.ഡി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തുകയും പിന്നീട് കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതനാവുകയും ചെയ്ത അഭിനേതാവാണ് സിജോയ് വര്‍ഗീസ്. ബാംഗ്ലൂര്‍ ഡേയ്‌സ്, അബ്രഹാമിന്റെ സന്തതികള്‍, ആദി, നീയും ഞാനും, മിഖായേല്‍, ലൂസിഫര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ട സിജോയ് വരാനിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ഉന്മാദത്തിലും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

സിജോയ് വര്‍ഗീസ്. Photo: Sijoy Varghese Official

അടുത്തിടെ ലൈഫ് നെറ്റ് ടി.വി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ വിവാഹത്തെ കുറിച്ച് സിജോയ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വിവാഹത്തെ കുറിച്ചും അന്നത്തെ കാലത്ത് വിവാഹം ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നതിനെ കുറിച്ചുമാണ് സിജോയ് അഭിമുഖത്തില്‍ സംസാരിച്ചത്.

‘ബേസിക്കലി നമ്മള്‍ വളരുമ്പോള്‍ നമ്മുടെ മാതാപിതാക്കളെയും അവരുടെ സഹോദരങ്ങളെയും കാരണവന്മാരെയും എല്ലാം കണ്ടിട്ടുള്ള ഒരു സംസ്‌കാരത്തിലാണല്ലോ ജീവിക്കുന്നത്. അപ്പോള്‍ നമ്മുടെ ഒരു നാട്ടുനടപ്പ് അനുസരിച്ച് ഒരു ഇരുപത്തിയഞ്ച് വയസിന് ശേഷം കല്യാണം കഴിക്കണം എന്ന ധാരണയില്‍ തന്നെയാണ്.

ഇന്നത്തെ കാലത്ത് മറിച്ച് ഒരു ചിന്തയുള്ള പോലെ അക്കാലത്തില്ല. എല്ലാവരും ഇരുപത്തിയഞ്ച് വയസ് കഴിഞ്ഞാല്‍ കല്യാണം കഴിക്കണം സെറ്റില്‍ ആവണം എന്ന് തന്നെയാണ് ചിന്തിക്കുന്നത്. പിന്നെ മാതാപിതാക്കള്‍ക്കും പ്രായമായി വരികയാണ്. നമ്മുടെ കുഞ്ഞുങ്ങളെ അവര്‍ക്ക് താലോലിക്കാന്‍ സമയമുണ്ടാകണം എന്നൊക്കെ ഉള്ളത് അവരുടെ ഒരു ആഗ്രഹം ആണ്. ഞങ്ങളുടെ തലമുറയില്‍ ആര്‍ക്കും വിവാഹത്തോട് എതിരഭിപ്രായമുണ്ടായിരുന്നില്ല.

സിജോയ് വര്‍ഗീസ്. Photo: The Hindu

മാത്രമല്ല കോളേജും സ്‌കൂളും എല്ലാം കഴിഞ്ഞ് കുറച്ച് നാള്‍ കഴിയുമ്പോള്‍ തന്നെ ഈ കമ്പാനിയന്‍ഷിപ്പിന്റെ നീഡ് നമ്മുടെ ഉള്ളിലും തോന്നി തുടങ്ങുമല്ലോ. അങ്ങനെ എനിക്കും ഭാര്യ ടെസ്സിയ്ക്കും ഒരേ പോലെ തോന്നിയ സമയത്താണ് ഞങ്ങള്‍ വിവാഹിതരാകുന്നത്,’ സിജോയ് പറഞ്ഞു.

Content Highlight: Sijoy varghese talks about his decision to get married

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more