| Tuesday, 2nd September 2025, 12:51 pm

കഷ്ടപ്പാടുകളും ചോയ്‌സും, അന്ന് വിജയ് സേതുപതി സാര്‍ ഒരുപാട് സംസാരിച്ചു; സിജ റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പരസ്യങ്ങളിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് സിജ റോസ്. 2012ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ മഗഡി ആയിരുന്നു അവരുടെ ആദ്യ സിനിമ. ഉസ്താദ് ഹോട്ടല്‍ എന്ന പടത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ സഹോദരിയായി അഭിനയിച്ച് കൊണ്ടാണ് സിജ മലയാള സിനിമയില്‍ എത്തിയത്.

പിന്നീട് അന്നയും റസൂലും, എന്ന് നിന്റെ മൊയ്തീന്‍, മിലി, കവി ഉദേശിച്ചത്, നീ.കൊ.ഞാ.ചാ തുടങ്ങിയ നിരവധി മലയാള സിനിമകളുടെ ഭാഗമാകാന്‍ സിജയ്ക്ക് സാധിച്ചു. 2012ല്‍ കോഴി കൂവുത് എന്ന സിനിമയിലൂടെയാണ് സിജ തമിഴില്‍ അരങ്ങേറ്റം നടത്തിയത്.

വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച റെക്ക എന്ന സിനിമയിലൂടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ നേടിയത്. അതിലെ ‘കണ്ണമ്മാ കണ്ണമ്മാ’ എന്ന പാട്ട് വളരെ ഹിറ്റായിരുന്നു. ഇപ്പോള്‍ വിജയ് സേതുപതിയെ കുറിച്ച് പറയുകയാണ് സിജ.

‘വിജയ് സേതുപതി സാര്‍ അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളെക്കുറിച്ചും ചോയ്‌സിനെക്കുറിച്ചുമൊക്കെ
സംസാരിക്കുമായിരുന്നു. എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് ഈ കരിയര്‍ ഉണ്ടാക്കിയെടുത്തതെന്ന് പറഞ്ഞു തന്നു. എനിക്ക് അതൊരു അനുഭവമായിരുന്നു,’ സിജ റോസ് പറഞ്ഞു.

ശശികുമാര്‍, ജ്യോതിക, സമുദക്കനി എന്നിവര്‍ക്കൊപ്പം ഉടന്‍ പിറപ്പെ എന്ന സിനിമയിലും സിജ അഭിനയിച്ചു. ആ സിനിമയില്‍ താനായിരുന്നു ഇളയ ആളെന്നും അവിടെ എല്ലാവരും തന്നെ കണ്ണമ്മായെന്നാണ് വിളിച്ചിരുന്നതെന്നും സിജ പറയുന്നു.

എന്നാല്‍ സിനിമയില്‍ തന്റേത് അല്‍പം പ്രായമായ കഥാപാത്രമായിരുന്നുവെന്നും കഥ കേട്ടപ്പോള്‍ ആ വേഷം താനെങ്ങനെ ചെയ്യുമെന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നെന്നും നടി പറഞ്ഞു. ഇനിയും അങ്ങനെ തന്നെയുള്ള കഥാപാത്രങ്ങള്‍ കിട്ടിയാലോയെന്ന് സംശയിച്ചുവെന്നും സിജ കൂട്ടിച്ചേര്‍ത്തു.

‘മുമ്പ് റെക്ക ചെയ്തപ്പോള്‍ അത്തരം വേഷങ്ങളിലേക്ക് സ്ഥിരമായി എന്നെ വിളിക്കുമായിരുന്നു. പക്ഷേ, ഒരു നടി എന്ന രീതിയില്‍ നമ്മള്‍ ഫ്‌ളക്‌സിബിള്‍ ആയിരിക്കണം എന്നു തോന്നി. പിന്നെ ജ്യോതികയുടെ ആരാധികയായത് കൊണ്ട് സമ്മതിക്കുകയായിരുന്നു.

വളരെ വിനയമുള്ള സ്ത്രീയാണവര്‍. ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്നുതന്നെ പറയാം. സൂര്യ സാറിന്റെ തന്നെ ‘ടു ഡി പ്രോഡക്ഷന്‍സാണ് ആ സിനിമയുടെ നിര്‍മാണം. ഇവരുടെ തന്നെ മറ്റൊരു സിനിമയ്ക്കായി അവസരം വന്നപ്പോള്‍ എനിക്ക് ചെയ്യാന്‍ പറ്റിയിരുന്നില്ല,’ സിജ റോസ് പറയുന്നു.

Content Highlight: Sija Rose Talks About Vijay Sethupathi

We use cookies to give you the best possible experience. Learn more