| Sunday, 31st August 2025, 3:25 pm

ഇതൊക്കെ സിനിമയുടെ ഭാഗമാണെന്നറിയാം; എങ്കിലും നിരാശ തോന്നി: സിജ റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് സിജ റോസ്. പരസ്യങ്ങളില്‍ അഭിനയിച്ച് കൊണ്ടാണ് സിജ തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ മഗഡി ആയിരുന്നു അവരുടെ ആദ്യ സിനിമ.

അതേവര്‍ഷം തന്നെ ഇറങ്ങിയ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ സഹോദരിയായി അഭിനയിച്ച് കൊണ്ട് അവര്‍ മലയാള സിനിമയിലുമെത്തി. 2012ല്‍ തന്നെ കോഴി കൂവുത് എന്ന സിനിമയിലൂടെ സിജ തമിഴിലും അരങ്ങേറ്റം നടത്തി.

പിന്നീട് അന്നയും റസൂലും, എന്ന് നിന്റെ മൊയ്തീന്‍, മിലി, കവി ഉദേശിച്ചത്, നീ.കൊ.ഞാ.ചാ തുടങ്ങിയ നിരവധി മലയാള സിനിമകളുടെ ഭാഗമാകാന്‍ സിജയ്ക്ക് സാധിച്ചു. ഇപ്പോള്‍ മലയാളം സിനിമ ഒത്തിരി മാറിയെന്ന് പറയുകയാണ് സിജ.

‘ഇപ്പോള്‍ വന്ന നടിമാരൊക്കെ ഭാഗ്യവതികളാണ്. കഥാപാത്രത്തിന് കിട്ടുന്ന പ്രാധാന്യം കൂടി. സിനിമകളുടെ പ്രൊമോഷനും മറ്റും സോഷ്യല്‍മീഡിയയില്‍ക്കൂടി ചെയ്യാനും എളുപ്പമാണ്. അതൊക്കെ നല്ലതാണ്,’ സിജ റോസ് പറയുന്നു.

തനിക്ക് സിനിമയില്‍ ഇടവേളകള്‍ വന്നപ്പോഴൊക്കെ മനസില്‍ എന്തോയൊന്ന് വരാനിരിക്കുന്നു എന്ന ചിന്തയായിരുന്നുവെന്നും നടി പറഞ്ഞു. ആ തോന്നലുകള്‍ തരുന്നൊരു ആത്മവിശ്വാസമുണ്ടെന്നും സിജ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ആരോടും ചാന്‍സ് ചോദിക്കാറില്ലായിരുന്നു. ‘നോ പറഞ്ഞാല്‍ എന്താണ് ചെയ്യുക, അവരെന്താണ് വിചാരിക്കുക’ എന്നൊക്കെ ചിന്തിക്കുമായിരുന്നു. പിന്നെയാണ് മനസിലായത്, കരയുന്ന കുട്ടിക്കേ പാലുള്ളൂവെന്ന്. വിളിക്കുക, ചോദിക്കുക, ഇങ്ങോട്ടാരും കൊണ്ടുതരില്ല. നമ്മുടെ ഈഗോ ബേക്ക് ചെയ്യണം,’ സിജ റോസ് പറഞ്ഞു.

നല്ല സിനിമകളാണ് നമ്മളെ നിലനിര്‍ത്തുന്നതെന്നും ചെയ്ത സിനിമകള്‍ വിജയിക്കാതിരിക്കുമ്പോള്‍ നിരാശ തോന്നുമെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇടയ്ക്ക് സിനിമകള്‍ വരാതിരിക്കുമ്പോഴും നിരാശ തോന്നിയിട്ടുണ്ടെന്നും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇതൊക്കെ അതിന്റെ ഭാഗമാണെന്നറിയാമെന്നും സിജ പറയുന്നു.

Content Highlight: Sija Rose Talks About Cinema

We use cookies to give you the best possible experience. Learn more