| Friday, 27th June 2025, 7:47 am

ചൈനയുമായി കരാറില്‍ ഒപ്പിട്ടു; ഇനി ഇന്ത്യയോടൊപ്പം വമ്പന്‍ കരാര്‍: പ്രഖ്യാപനവുമായി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ചൈനയുമായി കരാറില്‍ ഒപ്പിട്ടുവെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുമായി വലിയ കരാറിന് ഒരുങ്ങുന്നുവെന്നും ട്രംപ് പറഞ്ഞു. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ട്രംപിന്റെ പ്രഖ്യാപനം.

ചൈനയുമായി കരാറില്‍ ഒപ്പിട്ടുവെന്നും താത്പര്യമുള്ള ചില കരാറുകള്‍ ഉണ്ടെന്നും പറഞ്ഞ ട്രംപ് ഇന്ത്യയുമായി വലിയ കരാര്‍ വരാനിരിക്കുന്നുണ്ടെന്നും പരാമര്‍ശിച്ചു.

ഇന്ത്യയുമായി കരാര്‍ ആരംഭിക്കാനിരിക്കുകയാണെന്നും വമ്പന്‍ കരാറാണ് വരാനിരിക്കുന്നതെന്നും ട്രംപ് വൈറ്റ് ഹൗസില്‍ വ്യക്തമാക്കി.

അതേസമയം ചൈനയുമായുള്ള കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എല്ലാവരുമായും കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ട്രംപ് എല്ലാ രാജ്യങ്ങളുമായും കരാറുകള്‍ ഉണ്ടാക്കില്ലെന്നും വ്യക്തമാക്കി.

ജനീവ കരാര്‍ നടപ്പിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂടിനായി ഭരണകൂടവും ചൈനയും ഒരു അധിക ധാരണയ്ക്ക് സമ്മതിച്ചുവെന്ന് വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് ചെയ്തുവെന്നും ചൈനീസ് കയറ്റുമതി നിയന്ത്രണങ്ങളും യു.എസ് പ്രതിരോധ നടപടികളും കാരണം ജനീവ ചര്‍ച്ചകള്‍ തുടക്കത്തില്‍ സ്തംഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യു.എസും ചൈനയും തമ്മിലുള്ള വ്യാപാര കരാര്‍ പൂര്‍ത്തിയായെന്നും കരാറിന്റെ ഭാഗമായി കാന്തങ്ങളും അപൂര്‍വ ധാതുക്കളും ചൈനയില്‍ നിന്നും ലഭിക്കുമെന്നും ട്രംപ് പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമേരിക്കന്‍ കോളേജുകളിലും സര്‍വകലാശാലകളിലും ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുമെന്നും പ്രവേശനം തുടരാനുള്ള വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുന്നുവെന്നും ഇരു രാജ്യങ്ങള്‍ക്കും കരാര്‍ മികച്ച വിജയമായിരിക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു.

ലണ്ടനില്‍ നടന്ന ചര്‍ച്ചക്ക് ശേഷം കരാര്‍ ഇരുരാജ്യങ്ങളെയും ശക്തിപ്പെടുത്തുന്നുവെന്ന് യു.എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് പറഞ്ഞിരുന്നു. ജനീവയില്‍ നടന്ന പ്രാഥമിക ചര്‍ച്ചയെ ശക്തിപ്പെടുത്തുന്നതാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Signed a deal with China; now a big deal with India: Trump announces

We use cookies to give you the best possible experience. Learn more