| Friday, 2nd October 2026, 9:17 pm

ദുല്‍ഖര്‍ വേണ്ടെന്നുവെച്ച കഥയാണെങ്കില്‍ പിന്നെ നോക്കേണ്ട കാര്യമില്ല... 'ഇളയ ദളപതി'യുടെ അരങ്ങേറ്റം പാളിയെന്ന് റിപ്പോര്‍ട്ടുകള്‍

അമര്‍നാഥ് എം.

തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ക്രൗഡ്പുള്ളറായ വിജയ് സിനിമാജീവതത്തോട് പൂര്‍ണമായും വിടപറഞ്ഞത് ആരാധകരില്‍ വലിയ നിരാശ സമ്മാനിച്ചിരുന്നു. രാഷ്ട്രീയത്തില്‍ താരം ചരിത്രമെഴുതി തമിഴകത്തിന്റെ മുഖ്യമന്ത്രിയായെങ്കിലും കോളിവുഡില്‍ വിജയ് ഉണ്ടാക്കിയത് വലിയ ശൂന്യതയാണ്. വിജയ് പടിയിറങ്ങുന്ന സമയത്ത് സിനിമാലോകത്തേക്ക് താരത്തിന്റെ മകന്‍ വന്നത് വലിയ വാര്‍ത്തയായിരുന്നു.

ക്യാമറക്ക് പിന്നില്‍ നില്‍ക്കാനാണ് തനിക്ക് ഇഷ്ടമെന്ന് അറിയിച്ച ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്ത സിഗ്മ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയായ ചിത്രത്തിന് അത്ര നല്ല പ്രതികരണമല്ല ലഭിക്കുന്നത്. കണ്ടുമടുത്ത ഹെയ്സ്റ്റ് കഥയെ ഒട്ടും ത്രില്ലിങ്ങല്ലാതെയാണ് ജേസണ്‍ അവതരിപ്പിച്ചതെന്ന് പലരും അഭിപ്രായപ്പെടുന്നു.

ചിത്രത്തിന് മോശം പ്രതികരണം ലഭിക്കുന്നതിനിടെ ചര്‍ച്ചയാകുന്നത് മലയാളി താരം ദുല്‍ഖര്‍ സല്‍മാനാണ്. സിഗ്മയുടെ പ്രൊമോഷന്‍ സമയത്ത് ജേസണ്‍ ദുല്‍ഖറിനെക്കുറിച്ച് സംസാരിച്ചിരുന്നു. ചിത്രത്തിന്റെ കഥ ആദ്യം നറേറ്റ് ചെയ്തത് ദുല്‍ഖറിനോടായിരുന്നെന്നും എന്നാല്‍ താരത്തിന് ഡേറ്റില്ലാത്തതുകൊണ്ട് ഈ പ്രൊജക്ട് ചെയ്തില്ലെന്നുമാണ് ജേസണ്‍ പറഞ്ഞത്.

ചിത്രത്തിന് മോശം റിപ്പോര്‍ട്ട് ലഭിച്ചതോടെ ദുല്‍ഖര്‍ റിജക്ട് ചെയ്ത സിനിമകള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. സമീപകാലത്ത് ദുല്‍ഖര്‍ വേണ്ടെന്ന് വെച്ച സിനിമകളൊന്നും തന്നെ ബോക്‌സ് ഓഫീസില്‍ നിലംതൊട്ടിട്ടില്ലെന്ന വാദം ഇപ്പോള്‍ കൂടുതല്‍ ശക്തമായി. നവാഗതനായ ജേസണ്‍ സഞ്ജയ് മുതല്‍ ഇന്ത്യന്‍ സിനിമയിലെ മാസ്‌റ്റേഴ്‌സായ മണിരത്‌നം, ഷങ്കര്‍ എന്നിവരുടെ സിനിമകള്‍ വരെ ദുല്‍ഖര്‍ വേണ്ടെന്ന് വെച്ചിരുന്നു.

ഷങ്കറിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രമായ ഇന്ത്യന്‍ 2ല്‍ ദുല്‍ഖറിനെ പരിഗണിച്ചിരുന്നു. സിദ്ധാര്‍ത്ഥ് അവതരിപ്പിച്ച ചിത്ര അരവിന്ദന്‍ എന്ന കഥാപാത്രത്തിലേക്ക് ദുല്‍ഖറായിരുന്നു ഷങ്കറിന്റെ ഫസ്റ്റ് ഓപ്ഷന്‍. എന്നാല്‍ താരം ആ റോള്‍ വേണ്ടെന്ന് വെച്ചു. ഇന്ത്യന്‍ 2നൊപ്പം ‘ചിത്ര അരവിന്ദന്‍ സോഷ്യല്‍ മീഡിയയും’ എയറിലായി.

മണിരത്‌നവും കമല്‍ ഹാസനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച തഗ് ലൈഫിലെ അമരന്‍ എന്ന കഥാപാത്രത്തിലേക്ക് ദുല്‍ഖറായിരുന്നു ഫസ്റ്റ് ഓപ്ഷന്‍. എന്നാല്‍ സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത് നിന്ന സമയമായതിനാല്‍ താരം പിന്മാറി. സിലമ്പരസന്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കഥയും തിരക്കഥയും തഗ് ലൈഫിനെ രക്ഷിച്ചില്ല.

സുധാ കൊങ്കരയുടെ പരാശക്തിയിലും ദുല്‍ഖറിനെ പരിഗണിച്ചിരുന്നു. സൂര്യയുടെ വില്ലനായി ആദ്യം കാസ്റ്റ് ചെയ്യാനിരുന്നത് ദുല്‍ഖറിനെയായിരുന്നു. എന്നാല്‍ സൂര്യ പിന്മാറിയതോടെ കഥ മുഴുവന്‍ പൊളിച്ചെഴുതേണ്ടി വന്നു. ചിത്രം പരാജയമായതോടെ ദുല്‍ഖര്‍ വീണ്ടും രക്ഷപ്പെട്ടു. ഇപ്പോഴിതാ ആ ലിസ്റ്റിലെ അവസാന എന്‍ട്രിയായി സിഗ്മ മാറിയിരിക്കുകയാണ്. മമ്മൂട്ടി റിജക്ട് ചെയ്യുന്ന കഥകള്‍ സൂപ്പര്‍ഹിറ്റാവുകയാണെങ്കില്‍ ദുല്‍ഖര്‍ വേണ്ടെന്ന് വെക്കുന്ന സിനിമകളുടെ റിസല്‍ട്ട് നേരെ തിരിച്ചാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Sigma Movie getting bad responses

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more