| Monday, 20th October 2014, 9:26 am

സൈഡിംഗ് സ്പ്രിംഗ്‌ ചൊവ്വ കടന്നു: അപൂര്‍വ്വ നിമിഷത്തിന് സാക്ഷിയായി മംഗള്‍യാനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഫ്‌ളോറിഡ: കോടിക്കണക്കിന് വര്‍ഷത്തിനിടെ മാത്രം ലഭിക്കുന്ന അപൂര്‍വ നിമിഷത്തിന് ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യം മംഗള്‍യാന്‍ സാക്ഷിയായി. ശാസ്ത്രലോകത്തിന് തന്നെ അദ്ഭുതമായ പ്രപഞ്ചത്തിന്റെ വിദൂരതയില്‍ നിന്നെത്തുന്ന സൈഡിംഗ് സ്പ്രിംഗ് വാല്‍ നക്ഷത്രം ചൊവ്വ ഗ്രഹത്തിന് അരികിലൂടെ കടന്നു പോയി.

ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം 11. 55-നായിരുന്നു  ചൊവ്വാ ഗ്രഹത്തിന് 1,35,000 കിലോ മീറ്റര്‍ സമീപം വാല്‍ നക്ഷത്രം കടന്നു പോയത്. വാല്‍ നക്ഷത്രത്തെ നിരീക്ഷിക്കാനായി ഇന്ത്യയുടെ മംഗള്‍യാന്‍ അടക്കമുള്ള ബഹിരാകാശ പേടകങ്ങള്‍ ചൊവ്വ പ്രതലത്തില്‍ സജ്ജമായിരുന്നു.
മംഗള്‍യാന്‍ പകര്‍ത്തിയ വാല്‍ നക്ഷത്രത്തിന്റെ ചിത്രങ്ങള്‍ തിങ്കളാഴ്ചയോടെ പുറത്തുവന്നേക്കുമെന്നാണ് സൂചന.

ചൊവ്വാ ഗ്രഹത്തിന് സമീപം സെക്കന്‍ഡില്‍ 56 കിലോ മീറ്ററായിരുന്നു വാല്‍ നക്ഷത്രത്തിന്റെ വേഗത. 450 കോടി വര്‍ഷങ്ങല്‍ക്ക് മുമ്പ് രൂപപ്പെട്ടതെന്ന് കരുതുന്ന ഡൈസിംഗ് സ്ര്പിംഗ് ഇതാദ്യമായാണ് സൗരയൂഥത്തിന്റെ പരിധിക്കുള്ളില്‍ കടക്കുന്നത്. 2013 ജനുവരി 3ന് ഓസ്‌ട്രേലിയയിലെ സൈഡിംഗ് സ്പ്രിംഗ് വാനനിരീക്ഷണ കേന്ദ്രമാണ് ഈ അപൂര്‍വ്വ വാല്‍ നക്ഷത്രത്തെ കണ്ടെത്തിയത്.

വാല്‍ നക്ഷത്രത്തിന്റെ നീണ്ട വാലില്‍ നിന്നുള്ള ധൂളികളില്‍ നിന്ന് രക്ഷ നേടുന്നതിനായി ഐ.എസ്.ആര്‍.ഒ മംഗള്‍യാന്റെ ഭ്രമണപഥം ചൊവ്വാഗ്രഹത്തിനു പുറകിലേക്ക് മാറ്റിയിരുന്നു. മംഗള്‍യാനിലെ മീഥെയ്ന്‍ സെന്‍സര്‍ എന്ന ഉപകരണത്തിലൂടെ വാല്‍നക്ഷത്രത്തിലെ കാര്‍ബണിക തന്മാത്രകളെക്കുറിച്ചും ജലസാന്നിധ്യത്തെക്കുറിച്ചും പഠനം നടത്താന്‍ കഴിയുമെന്നാണ് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കുന്നത്.

യുറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ്, സാസയുടെ ഓപ്പര്‍ച്യൂണിറ്റി, ക്യൂരിയോസിറ്റി എന്നീ ബഹിരാകാശ പേടകങ്ങളും മംഗള്‍യാനൊപ്പം സൈഡിംഗ് സ്പ്രിംഗിനെ നിരീക്ഷിച്ചിരുന്നു.

We use cookies to give you the best possible experience. Learn more